അർജന്റീനക്കായി ഒരു ഒളിമ്പിക്സ് സ്വർണവും രണ്ട് കോപ അമേരിക്കയും ലോക കീരിടവും ഫൈനലിസിമയും സമ്മാനിച്ചാണ് പടിയിറങ്ങുന്നത്
ചുറ്റും ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം. മൂന്നു നേരത്തെ ഭക്ഷണത്തിനു വരെ വഴിയില്ലാതെ ദുരിതത്തിലായ കുടുംബം. എത്ര ശ്രമിച്ചിട്ടും കര കയറാനാകാത്ത ആ മാതാപിതാക്കൾ മകന് ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹത്തിന്റെ വഴികൾ അടക്കാൻ തയാറായിരുന്നില്ല. അവർ ഒരുക്കൂട്ടിവെച്ചതെല്ലാം ചേർത്ത് അവന് അവർ സമ്മാനിച്ചത് ഒരു ജോടി ബൂട്ടുകളായിരുന്നു. ആ ബൂട്ടുകൾ അണിഞ്ഞ കാലുകൾ പിന്നീട് ലോകം കീഴടക്കിയത് ചരിത്രം. ഇത്രയേറെ ദുരിതത്തിന്റെ തീരാവഴികൾ ചവിട്ടിക്കടന്നായിരുന്നു എയ്ഞ്ചൽ ഡി മരിയ എന്ന മെലിഞ്ഞു നീണ്ട മനുഷ്യൻ ആൽബിസെലസ്റ്റകളുടെ പ്രിയപ്പെട്ടവനായി മനസ്സ് കീഴടക്കിയത്.
ലയണൽ മെസ്സി അടക്കം ഒരുപാട് ഇതിഹാസങ്ങൾക്ക് ജന്മം നൽകിയ റൊസാരിയോ നഗരത്തിൽ 1988 ഫെബ്രുവരി 14ന് മിഗ്വൽ ഡി മരിയയുടെയും ഡയാന ഫെർണാണ്ടസിന്റെയും മൂന്നു മക്കളിൽ ഒരാളായിട്ടായിരുന്നു എയ്ഞ്ചൽ ഡി മരിയയുടെ ജനനം. ഒറ്റമുറി വീട്ടിൽ അടങ്ങി ഇരിങ്ങാത്ത കുഞ്ഞു മരിയയെയുംകൊണ്ട് പ്രയാസത്തിലായ മാതാപിതാക്കൾ അവസാനം ഒരു ഡോക്ടറെ കാണിക്കുകയായിരുന്നു. ഹൈപർ ആക്ടിവായ കുട്ടിയെ മൈതാനത്തേക്ക് തിരിച്ചുവിടൂ എന്നായിരുന്നു ഡോക്ടറുടെ നിർദേശം. നിർഭാഗ്യംകൊണ്ട് കാലിടറിപ്പോയ പഴയ ഫുട്ബാൾ താരംകൂടിയായ പിതാവ് മിഗ്വേലിന് പിന്നെ ചിന്തിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു പച്ചപ്പുല്ലുകൾ നിറഞ്ഞ മൈതാനത്തേക്കുള്ള മരിയയുടെ യാത്രയുടെ തുടക്കം. ദിവസവും കിലോമീറ്ററുകൾ താണ്ടിയായിരുന്നു അമ്മ അവനെ മൈതാനത്ത് എത്തിച്ചത്. അമ്മക്ക് ഒപ്പമുള്ള ദീർഘദൂര സൈക്കിൾ യാത്ര പിന്നീട് പലപ്പോഴും ഡി മരിയ സ്മരിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നവും മെലിഞ്ഞതിനാലുള്ള പരിഹാസവുംമൂലം കളിക്കളത്തിൽനിന്നു മാറിനിന്ന മരിയക്ക് അമ്മയാണ് കൂടെനിന്ന് ധൈര്യം നൽകി വീണ്ടും തിരിച്ചെത്തിച്ചത്.
എൽടോറിറ്റോ എന്ന ക്ലബിലൂടെയായിരുന്നു മരിയയുടെ പ്രഫഷനൽ ഫുട്ബാളിന്റെ തുടക്കം. കുറച്ചുനാളുകൾക്കകംതന്നെ റൊസാരിയോയിലെ പ്രശസ്തമായ റൊസാരിയോ സെൻട്രൽ എഫ്.സിയിലേക്ക്. നീണ്ടുമെലിഞ്ഞതു കാരണം നൂഡിൽസ് എന്നർഥംവരുന്ന ഫിഡിയോ എന്ന പേരിലൂടെ റൊസാരിയോയിൽ ശ്രദ്ധേയനായി ഡി മരിയ. അസാമാന്യമായ പന്തടക്കവും വേഗവുമായിരുന്നു അവന്റെ കരുത്ത്. കളിമികവ് പുലർത്തിയ മരിയ പെട്ടെന്നുതന്നെ റൊസാരിയോ സീനിയർ ടീമിൽ ഇടംപിടിക്കുന്നു. 2005 ഡിസംബറിൽ സീനിയർ ടീമിൽ അംഗമായ ഡി മരിയക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. റൊസാരിയോയിലൂടെ ശ്രദ്ധേയനായ താരത്തെ തേടി പോർചുഗീസ് ക്ലബായ ബെൻഫിക്കയിൽനിന്ന് വിളിവരുന്നു. അൽപം മടിച്ചുനിന്ന മരിയക്ക് പിതാവിന്റെ ഉപദേശം ഇതായിരുന്നു: തുറക്കുന്ന വഴികൾ അടക്കരുത്. ലിസ്ബണിലേക്ക് വിമാനം കയറുമ്പോൾ പിതാവിനോട് ഡി മരിയ ആവശ്യപ്പെട്ടത് ഇനി മുതൽ പഴയ ജോലിക്ക് പോകരുതെന്നായിരുന്നു. 2007 ജൂണിൽ ബെൻഫിക്കയുമായി രണ്ട് വർഷത്തെ കരാറിലേർപ്പെട്ട മരിയ പിന്നീട് പുതിയ വഴികൾ തുറക്കുകയായിരുന്നു.
2010ൽ ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച ട്രാൻസ്ഫറിലൂടെ വിഖ്യാതമായ റയൽ മഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലേക്ക്. റയലിന് ഒപ്പമുള്ള നാല് വർഷങ്ങൾ. ഇരു വിങ്ങുകളിലൂടെയും കുതിച്ചെത്തി ലാലിഗയിലെ വിവിധ ടീമുകളുടെ പേരുകേട്ട പ്രതിരോധ നിരയെ മറികടന്ന് ഒരുക്കിയ ഗോൾ അവസരങ്ങൾ നിരവധി. ഇതിൽ ഏറ്റവും പ്രധാനം ഒരു പതിറ്റാണ്ട് നീണ്ട റയലിന്റെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിലേക്ക് വഴി തുറന്നതായിരുന്നു. നാല് വർഷത്തിനിടെ ലാലിഗ, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവയെല്ലാം സമ്മാനിച്ചാണ് മരിയ മാഞ്ചസ്റ്ററിലേക്ക് ചേക്കേറുന്നത്. എന്നാൽ, അവിടെ അത്ര സുഖകരമായിരുന്നില്ല കാര്യങ്ങൾ. 2014ൽ മാഞ്ചസ്റ്ററിൽ എത്തിയ മരിയ 2015ൽ പി.എസ്.ജിയിലേക്കും പിന്നീട് 2022ൽ യുവന്റസിലേക്കും കൂടുമാറി. ഇപ്പോൾ വീണ്ടും ബെൻഫിക്കക്കായി പന്ത് തട്ടുന്ന താരം അടുത്ത വർഷം കരാർ അവസാനിക്കുന്നതോടെ ക്ലബ് ഫുട്ബാളും അവസാനിപ്പിക്കും.
1986ലെ ലോകകപ്പ് വിജയത്തിനും 93ലെ കോപ്പ അമേരിക്കക്കും ശേഷം മേജർ ട്രോഫികൾ ഒന്നുമില്ലാതെ കാലിടറിയ അർജന്റീന ടീമിന് രക്ഷകനായി എത്തിയ താരംകൂടിയാണ് ഡി മരിയ. 2021ൽ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന കോപ അമേരിക്ക ഫൈനൽ. എതിരാളികൾ നിലവിലെ ചാമ്പ്യൻ കൂടിയായ ബ്രസീൽ. ഇതിനു മുമ്പ് കലാശപ്പോരിൽ ബ്രസീലിന് മുന്നിൽ കാലിടറിയ ചരിത്രമുള്ള അർജന്റീന ഇറങ്ങിയത് അതുവരെ സൂപ്പർ സബായി കളിച്ച ഡി മരിയയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന രീതിയിൽ മത്സരത്തിന്റെ 22ാം മിനിറ്റിൽ ഡി പോൾ മധ്യനിരയിൽനിന്നു നൽകിയ 48 മീറ്റർ ക്രോസ് കാനറിപ്പടയുടെ പ്രതിരോധത്തിനെയും മറികടന്ന് എഡേഴ്സണിന് മുകളിലൂടെ വലയിൽ തുളച്ചുകയറുമ്പോൾ അന്ത്യമായത് അർജന്റീനയുടെ കീരിടമില്ലായ്മക്കുകൂടിയായിരുന്നു. 21ാം നൂറ്റാണ്ടിൽ മാത്രം അഞ്ച് ഫൈനലുകളിൽ പരാജയത്തിന്റെ രുചി അറിഞ്ഞ അർജന്റീന സംഘം 2004ന് ശേഷം ഫൈനലിൽ നേടുന്ന ആദ്യ ഗോളുമായി അത്. തൊട്ടടുത്ത വർഷം ഫൈനലിസിമയിൽ ഇറ്റലിക്ക് എതിരെയും ഗോൾ.
2022ൽ നടന്ന ഖത്തർ ലോകകപ്പ് ഫൈനലിൽ ആദ്യ പെനാൽറ്റിക്ക് വഴി ഒരുക്കിയ ഡി മരിയയിലൂടെത്തന്നെയായിരുന്നു അർജന്റീന ഗോൾ രണ്ടായി ഉയർത്തിയത്. 2008ൽ ബെയ്ജിങ് ഒളിമ്പിക്സിൽ മെസ്സി നൽകിയ പാസിലൂടെ മരിയ അടിച്ച ഗോളിലൂടെ ഒളിമ്പിക്സ് സ്വർണമെഡലും. അർജന്റീനക്കായി ഒരു ഒളിമ്പിക്സ് സ്വർണവും രണ്ട് കോപ അമേരിക്കയും ലോകകപ്പ് കീരിടവും ഫൈനലിസിമയും സമ്മാനിച്ചാണ് പടിയിറങ്ങുന്നത്. റബോണ കിക്കുകളും സീറോ ഡിഗ്രി കോർണർ കിക്കുകളിലൂടെയുള്ള ഗോളുകളുമെല്ലാം ഇനി ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.