പാരിസ്: കഴിഞ്ഞ വർഷത്തെ ലോകഫുട്ബാളിലെ മിന്നും താരങ്ങൾ ആരാണെന്നറിയാൻ മണിക്കൂറുകൾ ബാക്കി. ദ ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡിലെ അന്തിമ ജേതാക്കളെ പാരിസിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 1.30 മുതൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ അർജന്റീനയുടെ ലയണൽ മെസ്സിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും കരീം ബെൻസേമയുമാണുള്ളത്. മെസ്സിക്കാണ് സാധ്യത കൂടുതൽ.
രണ്ട് വർഷമായി പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കിയായിരുന്നു മികച്ച പുരുഷതാരം. ഗോൾകീപ്പർമാരുടെ സാധ്യത പട്ടികയിൽ മൊറോക്കോയുടെ യാസിൻ ബനോ, അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്, ബെൽജിയത്തിന്റെ തിബോ കോർട്ടുവ എന്നിവരുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പെപ് ഗ്വാർഡിയോള, അർജന്റീനയുടെ ലയണൽ സ്കലോണി, റയൽ മഡ്രിഡിന്റെ കാർലോ ആഞ്ചലോട്ടി എന്നിവരാണ് പരിശീലക പുരസ്കാരത്തിനായി മത്സരിക്കുന്നത്. ലോകകപ്പിലെ തകർപ്പൻ ഗോളിനുടമയായ ബ്രസീലിന്റെ റിച്ചാർലിസനാണ് പുഷ്കാസ് അവാർഡിന് സാധ്യത കൂടുതൽ. ആഴ്സനലിന്റെയും ഇംഗ്ലണ്ടിന്റെയും മുന്നേറ്റനിരക്കാരി ബെത്ത് മീഡ്, അമേരിക്കയുടെ അലക്സ് മോർഗൻ, സ്പെയിനിന്റെയും ബാഴ്സലോണയുടെയും മിഡ്ഫീൽഡർ അലക്സിയ പുട്ടല്ലാസ് എന്നിവരാണ് വനിത വിഭാഗത്തിൽ അന്തിമ പട്ടികയിലിടം നേടിയത്. കായിക മാധ്യമപ്രവർത്തകർ, ദേശീയ ടീം ക്യാപ്റ്റന്മാർ, പരിശീലകർ എന്നിവർക്കൊപ്പം ദ ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡിൽ പൊതുജനങ്ങളും വോട്ട് ചെയ്താണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.