ദുബൈ: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യൻ ഫുട്ബാളിനെ ഗുരുതരമായി ബാധിക്കുമെന്നും എത്രയും വേഗം പരിഹരിക്കണമെന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്. എച്ച് 16 സ്പോർട്സിന്‍റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലനത്തിനായി ദുബൈ അൽ നസ്ർ സ്റ്റേഡിയത്തിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
ഉടൻ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ ഫുട്ബാളിനെ ഗുരുതരമായി ബാധിക്കും. ഞങ്ങൾ ദുബൈയിൽ എത്തിയത് പ്രീ സീസൺ ടൂർണമെന്‍റിനായാണ്. സംഘാടകർ എല്ലാ സൗകര്യങ്ങളും ചെയ്തിരുന്നു. നിരവധി മലയാളികളാണ് ഞങ്ങൾക്കായി ഇവിടെ കാത്തിരുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാമെന്ന സന്തോഷത്തിലാണ് ഇവിടേക്ക് വന്നത്. എന്നാൽ, വിലക്ക് വന്നതോടെ കളിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. പരിഹാരം കാണാൻ ഫെഡറേഷൻ മുന്നിട്ടിറങ്ങണം. ഈ വിലക്കിൽ ഞാൻ നിരാശനാണ്. അന്താരാഷ്ട്ര ടീമുമായി പരിശീലന മത്സരം പോലും കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എത്രയും വേഗം വിലക്ക് മാറി ഗ്രൗണ്ടിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
സ്വന്തം കാണികൾക്ക് മുന്നിലേക്ക് തിരിച്ചുവരുന്നതിന്‍റെ ത്രില്ലിലാണ് ഞങ്ങൾ. ടീം എന്ന നിലയിൽ കഴിഞ്ഞ സീസണേക്കാൾ മികച്ച മുന്നേറ്റം നടത്താനുള്ള കഠിന പരിശീലനത്തിലാണ്. മികച്ച സീസണാണ് പ്രതീക്ഷിക്കുന്നത്. ലീഗ് റൗണ്ടിൽ കഴിയുന്നത്ര പോയന്‍റ് സ്വന്തമാക്കുക എന്നതാണ് പ്രഥമലക്ഷ്യം. സഹൽ അബ്ദുസ്സമദ്, കെ.പി. രാഹുൽ, കെ. പ്രശാന്ത്, ബിജോയ് വർഗീസ് പോലുള്ള കേരള താരങ്ങൾ ടീമിന് മുതൽകൂട്ടാണ്.
അവസാന രണ്ട് സീസണുകളും കാണികളില്ലാതെ കളിക്കേണ്ടിവന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ബയോ ബബ്ൾ പോലുള്ള ചട്ടക്കൂടിനുള്ളിൽ പരിശീലനം നടത്തുക പോലും പ്രയാസകരമാണ്. ഗോവയിൽ നിന്ന് പുറത്തുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു കഴിഞ്ഞ സീസണിൽ. റൂം വിട്ടു പോകരുത്, ജനങ്ങളുമായി ഇടപഴകരുത് തുടങ്ങിയ നിർദേശങ്ങൾ ബാധിച്ചിരുന്നു. ഫൈനലിലെത്തിയപ്പോൾ ആരാധകരെ വല്ലാതെ മിസ്സ് ചെയ്തു. അവരെ എങ്ങനെയും ഒപ്പം ചേർക്കണമെന്ന് കരുതി. ഈ സാഹചര്യത്തിലാണ് 'കേറി വാടാ മക്കളെ' പോലുള്ള വൈറൽ വിഡിയോ ചെയ്തത്. കേരളത്തിലെ കാണികൾ ഞങ്ങൾക്ക് തരുന്ന എക്സ്ട്രാ എനർജി വേറെ തന്നെയാണ്.
നിങ്ങൾ കൂടുതൽ മെച്ചപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കംഫർട്ട് സോണിൽ നിന്ന് പുറത്തു പോയി കളിക്കണം. ദുബൈയിലെ പരിശീലനം ഞങ്ങൾക്ക് മികച്ച അനുഭവമാണ്. കരുത്തരായ ടീമുമായി കളിക്കുമ്പോഴാണ് മികച്ച കളിക്കാരാവാൻ കഴിയുക. എന്‍റെ കുട്ടികളെ അങ്ങനൊരു ലെവലിലേക്ക് എത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ദുബൈയിലെ ചൂട് കാലാവസ്ഥ പോലുള്ള സാഹചര്യങ്ങളിൽ കളിക്കുന്നത് ടീമിനെ കരുത്തരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.