സുനിൽ ഛേത്രിക്ക് ആദരമർപ്പിച്ച് ഫിഫ

സുനിൽ ഛേത്രിക്ക് ആദരമർപ്പിച്ച് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനും. ‘ഒരു ഇതിഹാസം വിരമിക്കുന്നു’ എന്ന തലക്കുറിപ്പോടെ ഫിഫ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വിക്ടറി പോഡിയത്തിൽ നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, സുനിൽ ഛേത്രി എന്നിവരുടെ ചിത്രവുമുണ്ട്. നിലവിൽ കളത്തിലുള്ളവരിൽ ക്രിസ്റ്റ്യാനോയും (128) മെസ്സിയും (106) കഴിഞ്ഞാൽ ഗോൾവേട്ടക്കാരിൽ മൂന്നാമനാണ് ഛേത്രി(94). ഇത് സൂചിപ്പിക്കുന്നതാണ് പോഡിയം.

‘ഫീൽഡിലും പുറത്തും താങ്കളുടെ പൈതൃകം എന്നും ഓർമിക്കപ്പെടും! നിങ്ങൾ എല്ലായ്പോഴും ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരും. ഇന്ത്യൻ ഫുട്ബാളിലെ നിങ്ങളുടെ നേതൃത്വത്തിനും സമർപ്പണത്തിനും പ്രതിബദ്ധതക്കും നന്ദി. ക്യാപ്റ്റൻ, നേതാവ്, ഇതിഹാസം’ -എന്നിങ്ങനെയാണ് ഇന്ത്യൻ ഫുട്ബാൾ ടീം നായകന്റെ വിരമിക്കലിനെ കുറിച്ച് 'എക്സി'ൽ കുറിച്ചത്. 

‘കളിക്കുമ്പോൾതന്നെ ഇതിഹാസമാവുകയെന്നത് കുറച്ചുപേർക്ക് മാത്രം കഴിയുന്ന കാര്യമാണ്. സുനിൽ എല്ലാവർക്കും പ്രചോദനമാണ്. യുവതാരങ്ങൾക്ക് മാതൃകയായി ഇന്ത്യൻ ജഴ്‌സിയോട് തികച്ചും പ്രതിജ്ഞാബദ്ധനാണ്. രാജ്യത്തിന് വേണ്ടി ആവേശത്തോടെയും സ്നേഹത്തോടെയും തീവ്രമായ സന്തോഷത്തോടെയും കളിക്കുന്നു. ജൂൺ ആറ് അദ്ദേഹത്തിനും ഇന്ത്യൻ ഫുട്ബാൾ ആരാധകർക്കും മറക്കാനാവാത്ത ദിവസമായിരിക്കും’ -എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ഫുട്ബാൾ പരിശീലകൻ ഇഗോർ സ്റ്റിമാക് ഛേത്രിയെ കുറിച്ച് പറഞ്ഞത്.

 ജൂൺ ആറിന് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബാളിൽ നിന്ന് വിരമിക്കുമെന്നാണ് 39 കാരനായ ഛേത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് തന്റെ തീരുമാനം അറിയിച്ചത്.

രണ്ടുപതിറ്റാണ്ടോളം നീണ്ട കരിയറിനൊടുവിലാണ് ഛേത്രി കളത്തിൽനിന്ന് തിരിച്ചുകയറുന്നത്. 2005 ജൂൺ 12ന് പാകിസ്താനെതിരെ അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ച താരം 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ സജീവമായ കളിക്കാരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും തൊട്ടുപിന്നിലാണ് ‍ഛേത്രി. ആറ് തവണ എ.ഐ.എഫ്.എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ താരത്തെ 2011ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.

2008 ലെ എ.എഫ്.സി ചലഞ്ച് കപ്പ്, 2011, 2015 ലെ സാഫ് ചാമ്പ്യൻഷിപ്പ്, 2007, 2009, 2012 ലെ നെഹ്‌റു കപ്പ്, 2017 ലെ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് എന്നിവയിൽ കിരീടം നേടിയ ഇന്ത്യൻ ടീമുകളുടെ ഭാഗമായിരുന്നു സുനിൽ ഛേത്രി.

അടുത്തമാസമാണ് ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം. ജൂൺ ആറിന് കുവൈത്തുമായുള്ള മത്സരത്തിന് ശേഷം കളമൊഴിയും. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ നാല് പോയിൻ്റുമായി നിലവിൽ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് പോയിൻ്റുമായി കുവൈത്ത് നാലാമതാണ്.

Tags:    
News Summary - FIFA pays tribute to Sunil Chhetri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.