ഖത്തർ ലോകകപ്പിന് ശേഷം പുറത്തുവന്ന ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബ്രസീൽ. ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായിട്ടും ഫെബ്രുവരി മുതൽ ഒന്നാമതുള്ള ബ്രസീലിനെ മറികടക്കാൻ മറ്റൊരു ടീമിനുമായില്ല. ലോകകപ്പ് ജേതാക്കളായ അർജന്റീന മൂന്നാം റാങ്കിൽനിന്ന് രണ്ടാം സ്ഥാനത്തേക്കും റണ്ണേഴ്സായ ഫ്രാൻസ് നാലാം റാങ്കിൽനിന്ന് മൂന്നാം സ്ഥാനത്തേക്കും കയറി. ഷൂട്ടൗട്ടിലൂടെയല്ലാതെ വിജയിച്ചിരുന്നെങ്കിൽ അർജന്റീനക്കും ഫ്രാൻസിനും ബ്രസീലിനെ മറികടന്ന് ഒന്നാമതെത്താൻ അവസരമുണ്ടായിരുന്നു.
ഇതുവരെ രണ്ടാമതുണ്ടായിരുന്ന ബെൽജിയം രണ്ട് സ്ഥാനം പിറകോട്ടിറങ്ങി നാലാമതായി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനം നിലനിർത്തിയപ്പോൾ നെതർലാൻഡ്സ് രണ്ട് സ്ഥാനം മുന്നോട്ടുകയറി ആറാമതായി. ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ 12ാം സ്ഥാനത്തുനിന്ന് അഞ്ച് സ്ഥാനം മുന്നോട്ടുകയറി ഏഴാമതെത്തി. ലോകകപ്പിന് യോഗ്യത നേടാതിരുന്ന ഇറ്റലി രണ്ട് സ്ഥാനം പിറകോട്ടിറങ്ങി എട്ടാമതായപ്പോൾ പോർച്ചുഗൽ ഒമ്പതാം റാങ്ക് നിലനിർത്തി. സ്പെയിൻ മൂന്ന് സ്ഥാനം താഴേക്കിറങ്ങി പത്താമതായി.
റാങ്കിങ്ങിൽ ഏറ്റവും വലിയ കുതിപ്പ് നടത്തിയത് മൊറോക്കൊയും ആസ്ട്രേലിയയുമാണ്. ഇരു ടീമുകളും 11 സ്ഥാനം വീതം മുന്നോട്ടുകയറി. ലോകകപ്പിൽ അവിശ്വസനീയ കുതിപ്പുമായി നാലാമതെത്തിയ മൊറോക്കൊ 22ാം റാങ്കിൽനിന്ന് പതിനൊന്നിലെത്തി. ഏറ്റവും ഉയർന്ന റാങ്കുള്ള ആഫ്രിക്കൻ ടീമും അവരാണ്. 1998ൽ പത്താം സ്ഥാനത്തെത്തിയതാണ് അവരുടെ മികച്ച നേട്ടം. എന്നാൽ, 2015ൽ 92ാം റാങ്കിലേക്ക് കൂപ്പുകുത്തിയിരുന്നു. ആസ്ട്രേലിയ 27ാം റാങ്കിലാണുള്ളത്.
റാങ്കിങ്ങിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് കാനഡക്കും ലോകകപ്പിലെ ആതിഥേയരായ ഖത്തറിനുമാണ്. ഇരു ടീമും 12 സ്ഥാനം പിറകോട്ടിറങ്ങി 53, 62 എന്നീ റാങ്കുകളിലേക്ക് വീണു. നാല് തവണ ലോക ചാമ്പ്യന്മാരായ ജർമനി പതിനാലാം റാങ്കിലാണ്.
ആദ്യ 20 റാങ്കിലുള്ള ടീമുകൾ (റാങ്ക് ടീം ക്രമത്തിൽ): 1. ബ്രസീൽ, 2. അർജന്റീന, 3. ഫ്രാൻസ്, 4. ബെൽജിയം, 5. ഇംഗ്ലണ്ട്, 6. നെതർലാൻഡ്, 7. ക്രൊയേഷ്യ, 8. ഇറ്റലി, 9. പോർച്ചുഗൽ, 10. സ്പെയിൻ, 11. മൊറോക്കൊ, 12. സ്വിറ്റ്സർലാൻഡ്, 13. യു.എസ്.എ, 14. ജർമനി, 15. മെക്സിക്കൊ, 16. ഉറുഗ്വെ, 17. കൊളംബിയ, 18. ഡെന്മാർക്ക്, 19. സെനഗൽ, 20. ജപ്പാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.