ന്യൂഡൽഹി: ഫിഫ റാങ്കിങ്ങിൽ അഞ്ചുവർഷത്തെ ഇടവേളക്കുശേഷം രണ്ടക്കത്തിലേക്ക് കയറി ഇന്ത്യൻ ഫുട്ബാൾ ടീം. പുതുക്കിയ റാങ്കിങ് പ്രകാരം 99ാം സ്ഥാനത്താണ് സുനിൽ ഛേത്രിയും സംഘവും. 100ാം സ്ഥാനത്തുനിന്നാണ് ഇന്ത്യയുടെ ഒരടി കയറിയത്.
ഇന്റർ കോണ്ടിനെന്റൽ കപ്പിനു പിന്നാലെ സാഫ് കപ്പിലെയും കിരീടനേട്ടം ഇഗോർ സ്റ്റിമാക് പരിശീലിപ്പിക്കുന്ന സംഘത്തിന് തുണയായി. ഏഷ്യൻ റാങ്കിങ്ങിൽ 18 ആണ് ഇന്ത്യയുടെ സ്ഥാനം. ഇതോടെ 2026 ലോകകപ്പിലെ ഏഷ്യൻ യോഗ്യത റൗണ്ടിൽ ഇന്ത്യ പോട്ട് 2 ഉറപ്പിച്ചു. ആദ്യ ഒമ്പത് സ്ഥാനക്കാർ പോട്ട് 1ലും പിന്നീട് ഒമ്പതെണ്ണം പോട്ട് 2ലുമാണ്. 36 ടീമുകളെ നാല് പോട്ടുകളാക്കിത്തിരിച്ചാണ് നറുക്കെടുപ്പ്. ഇന്ത്യയുൾപ്പെടെ ഏഷ്യയിലെ ആദ്യത്തെ 27 ടീമുകൾക്ക് ഒന്നാം റൗണ്ട് യോഗ്യത മത്സരം കളിക്കേണ്ടതില്ല. പോട്ട് 2ൽ വരുന്നത് ഇന്ത്യയുടെ സാധ്യതകൾക്കും ഗുണംചെയ്യും. അടുത്ത ലോകകപ്പിൽ 48 ടീമുകൾ കളിക്കുന്നുണ്ട്.
2018ൽ 99ാം റാങ്കിലെത്തിയിരുന്നു ഇന്ത്യ. നിലവിൽ 1208.69 പോയന്റാണുള്ളത്. അതേസമയം, ആദ്യ പത്തു റാങ്കുകളിൽ മാറ്റമില്ല. ലോകചാമ്പ്യന്മാരായ അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഫ്രാന്‍സ് രണ്ടാം റാങ്കിലും ബ്രസീല്‍ മൂന്നാം റാങ്കിലുമാണുള്ളത്. ഇംഗ്ലണ്ട് (നാല്), ബെൽജിയം (അഞ്ച്), ക്രൊയേഷ്യ (ആറ്) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. 20ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യക്കാരിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.