2026ലെ ഫിഫ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഗ്രൂപ്പ് എയിൽ. കരുത്തരായ ഖത്തറും കുവൈത്തിനും പുറമെ അഫ്ഗാനിസ്ഥാൻ-മംഗോളിയ മത്സരത്തിലെ വിജയികളുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
മലേഷ്യയിലെ ക്വലാലംപുരിലുള്ള ഏഷ്യൻ ഫുട്ബാൾ കോൺഫഡറേഷൻ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. ലോക റാങ്കിങ്ങിൽ 59ാം സ്ഥാനത്താണ് ഖത്തർ. കുവൈത്ത് 137ാം റാങ്കിൽ ആണെങ്കിലും മികച്ച ടീമാണ്. അടുത്തിടെ നടന്ന സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ കുവൈത്തിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചിരുന്നു. സാഫ് കപ്പിലെയും ഇന്‍റർകോണ്ടിനന്‍റ് കപ്പിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ലോക റാങ്കിങ്ങിൽ 99ാം സ്ഥാനത്താണ് ടീം ഇന്ത്യ. ഗ്രൂപ്പിലെ ടീമുകളുമായി അടുത്തിടെ നടന്ന മത്സരങ്ങളിൽ ഖത്തറിനോട് മാത്രമാണ് ഇന്ത്യ തോൽവിയറിഞ്ഞത്. സാഫ് കപ്പ് ഫൈനലിൽ കുവൈത്തിനെ ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്.
അഫ്ഗാനെ 2-1നും മംഗോളിയയെ എതിരില്ലാത്ത രണ്ടു ഗോളിനും ഇന്ത്യ തോൽപ്പിച്ചിരുന്നു. രണ്ടാം റൗണ്ട് യോഗ്യത മത്സരത്തിൽ ഏഷ്യയിൽ ഒമ്പത് ഗ്രൂപ്പുകളിലായി ആകെ 36 ടീമുകളാണുള്ളത്. ഒമ്പത് ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ മൂന്നാം റൗണ്ടിലേക്ക് കടക്കും. 18 ടീമുകൾ മൂന്നാം റൗണ്ടിൽ ഏറ്റുമുട്ടും.
ഈ വർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ചൈന, ബംഗ്ലാദേശ്, മ്യാന്മർ എന്നിവരടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.