കൊൽക്കത്ത: ചൊവ്വാഴ്ച അൽ റയ്യാനിൽ നടക്കുന്ന ഖത്തറിനെതിരായ ലോകകപ്പ് ഫുട്ബാൾ യോഗ്യത രണ്ടാം റൗണ്ട് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റം. മോഹൻ ബഗാൻ വെറ്ററൻ താരം സുഭാശിഷ് ബോസ്, മുംബൈ എഫ്.സിയുടെ അമേയ് റണവാഡെ, ഈസ്റ്റ് ബംഗാളിന്റെ ലാൽചുങ്‌നുംഗ എന്നിവരെ സംഘത്തിൽ നിന്നൊഴിവാക്കി.
മലയാളി താരം സഹൽ അബ്ദുൽ സമദ് ടീമിലുണ്ട്. ഗ്രൂപ് എയിൽ ഖത്തറിന് പിന്നിൽ അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അഞ്ചും മൂന്നും പോയന്റുള്ള അഫ്ഗാനിസ്താനും കുവൈത്തിനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളുണ്ട്.
13 പോയന്റുള്ള ഖത്തർ മൂന്നാം റൗണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കും കുവൈത്തിനും അഫ്ഗാനിസ്താനും രണ്ടാം സ്ഥാനക്കാരായി കയറാൻ അവസരമുണ്ട്. രണ്ട് തവണ ഏഷ്യൻ ജേതാക്കളായ ഖത്തറിനെതിരെ ഇന്ത്യക്ക് ജയിച്ചേ തീരൂ. അഫ്ഗാനിസ്താൻ-കുവൈത്ത് മത്സരം സമനിലയിൽ അവസാനിച്ചാൽ ഇന്ത്യക്ക് അവസാന മത്സരത്തിൽ സമനില മതി. തോറ്റാൽ പ്രതീക്ഷ അവസാനിക്കും.
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.
ഡിഫൻഡർമാർ: അൻവർ അലി, ജയ് ഗുപ്ത, മെഹ്താബ് സിങ്, നരേന്ദർ, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രണ്ടൻ ഫെർണാണ്ടസ്, എഡ്മണ്ട് ലാൽറിൻഡിക, ജീക്സൺ സിങ്, ചാങ്‌തെ, ലിസ്റ്റൺ കൊളാസോ, മഹേഷ് സിങ് നൗറെം, നന്ദകുമാർ സെക്കർ, സഹൽ അബ്ദുൽ സമദ്, സുരേഷ് സിങ് വാങ്ജാം.
ഫോർവേഡുകൾ: മൻവീർ സിങ്, റഹീം അലി, വിക്രം പ്രതാപ് സിങ്, ഡേവിഡ് ലാൽലൻസംഗ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.