പരിശീലനത്തിനിടെ അർജന്റീന താരങ്ങൾ ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ

ലണ്ടൻ: കാൽപന്തുലോകം ഇമ ചിമ്മാതെ കൺപാർത്തുനിൽക്കുന്ന സോക്കർയുദ്ധം ഇന്ന് വെംബ്ലി മൈതാനത്ത്. ലയണൽ മെസ്സി നയിക്കുന്ന കോപ അമേരിക്ക ചാമ്പ്യന്മാരും ജോർജിയോ ചെല്ലിനി മുന്നിൽനിൽക്കുന്ന യൂറോ ജേതാക്കളും തമ്മിൽ ഇന്ന് രാത്രി 12.15നാണ് മത്സരം. നീണ്ട ഇടവേളക്കു ശേഷം ആദ്യമായാണ് ഫുട്ബാളിലെ വലിയ തമ്പുരാന്മാരുടെ കിടിലൻ പോരിന് വേദിയുണരുന്നത്.

അതും, യൂറോ 2020 കിരീടപ്പോരിൽ അസൂറികൾ ഇംഗ്ലീഷ് കണ്ണീരു വീഴ്ത്തിയ വെംബ്ലി മൈതാനത്ത്. നിലച്ചുപോയ ആവേശപ്പോര് ഫിഫ അംഗീകാരത്തോടെ വീണ്ടും തുടങ്ങാൻ 2021ലാണ് യൂറോപ്യൻ- ലാറ്റിൻ അമേരിക്കൻ ഫുട്ബാൾ ഫെഡറേഷനുകൾ ധാരണയിലെത്തുന്നത്. ഇരു ചാമ്പ്യന്മാരും മുഖാമുഖം വരുന്നതിനു പുറമെ മറ്റു പരിപാടികളും തുടർച്ചയായി സംഘടിപ്പിക്കും. ജേതാക്കൾക്ക് കോൺമെബോൽ- യുവേഫ കപ്പ് ഓഫ് ചാമ്പ്യൻസ് അഥവാ അർടെമിയോ ഫ്രാഞ്ചി ട്രോഫി സമ്മാനിക്കും.

ഇറ്റാലിയൻ താരങ്ങൾ പുതിയ യൂനിഫോമിൽ

നാലു വർഷത്തിലൊരിക്കലാകും സൂപ്പർ അങ്കം. ഇരു വൻകരകളും തമ്മിലെ സൗഹൃദം രൂഢമാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ കളി വരുംകാലങ്ങളിൽ കൂടുതൽ ആവേശം സമ്മാനിക്കുമെന്നുറപ്പ്. കാൽപന്തിലെ ഇതിഹാസമായിട്ടും ലയണൽ മെസ്സിക്ക് കോപ അമേരിക്കയിൽ അകന്നുനിന്ന കിരീടം അവസാനമായി ലഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. വെംബ്ലിയിൽ ഇറ്റലിയെ കീഴടക്കാനായാൽ ഇരട്ടി മധുരമാകും. കരിയറിലെ രണ്ടാം രാജ്യാന്തര കിരീടവും.

സ്പാനിഷ് ക്ലബായ അത്‍ലറ്റിക് ബിൽബാവോയുടെ മൈതാനത്ത് പരിശീലനം പൂർത്തിയാക്കിയ ലാറ്റിൻ അമേരിക്കൻ ടീം തിങ്കളാഴ്ച ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയിട്ടുണ്ട്. യൂറോപ്യൻ ടീമുകൾക്കെതിരെ അർജന്റീനക്ക് അത്ര മികച്ച റെക്കോഡുകളില്ലെങ്കിലും ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇത്തവണ ഇറങ്ങുകയെന്നത് ആനുകൂല്യമാകും. 90 മിനിറ്റാകും മത്സരം. അതുകഴിഞ്ഞും സമനിലയിലായാൽ പെനാൽറ്റിയിൽ വിധി നിർണയിക്കും.

തമ്പുരാന്മാരുടെ പോര്

1985ലും 1993ലും മാത്രം നടന്ന് നിലച്ചുപോയ കളി 29 വർഷത്തിനു ശേഷം പുനരവതരിക്കുകയാണ്. ആദ്യം ഫ്രാൻസും 1993ൽ അവസാനമായി നടന്നപ്പോൾ ഡീഗോ മറഡോണ നയിച്ച അർജന്റീനയായിരുന്നു ജേതാക്കൾ. അന്ന് തകർത്തുവിട്ടത് ഡെന്മാർക്കിനെ. മുൻ യുവേഫ പ്രസിഡന്റ് അർടെമിയോ ഫ്രാഞ്ചിയുടെ പേരിലുള്ള ട്രോഫിയാണ് ജേതാക്കൾക്ക് സമ്മാനിക്കുക.

മെസ്സിയിറങ്ങും

അർജന്റീന നായകൻ മെസ്സി ആദ്യ ഇലവനിൽ തന്നെ ഇറങ്ങുമെന്നാണ് സൂചന. ലോടറോ മാർടിനെസ്, ഡി മരിയ, ഡി പോൾ, ഓട്ടമെൻഡി തുടങ്ങിയവരും ആദ്യ ഇലവനിലിറങ്ങും.

Tags:    
News Summary - Finalissima 2022: Italy vs Argentina clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.