കൊളോൺ: യൂറോ കപ്പ് ഗ്രൂപ് ഇയിൽ ഞായറാഴ്ച പുലർച്ച നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ റുമേനിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് ബെൽജിയം. കളി തുടങ്ങി രണ്ടാം മിനിറ്റിൽ യൂരി ടീലിമാൻസും 79ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിനും നേടിയ ഗോളുകളാണ് ബെൽജിയത്തെ വിജയത്തിലെത്തിച്ചത്.
യൂറോയിലെ ആദ്യകളിയിൽ സ്ലോവാക്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ബെൽജിയത്തിന്റെ ആദ്യജയം കൂടിയാണ്. രണ്ടാം മിനിറ്റിൽ ഡോകു ബോക്സിനകത്തേക്ക് നീട്ടിയ പന്ത് സ്വീകരിച്ച റൊമേലു ലുക്കാക്കു റിവേഴ്സ് ത്രൂവിലൂടെ ടീലിമാൻസിന് കൈമാറി. കണ്ണടച്ചുതുറക്കും വേഗത്തിൽ പന്ത് ടീലിമാൻസ് വലയിലാക്കി.
പിന്നീട് നീണ്ട 77 മിനിറ്റ് നേരം മറുപടിക്കായി റുമാനിയയും ജയമുറപ്പിക്കാൻ ബെൽജിയവും കൊണ്ടും കൊടുത്തും മുന്നേറിയെങ്കിലും ഗോൾ അകന്നു നിന്നു. 63ാം മിനിറ്റിൽ ഡി ബ്രൂയിനിന്റെ പാസിൽ ലുക്കാക്കു ഗോളടിച്ച് ആഘോഷം തുടങ്ങിയെങ്കിലും വാറിലൂടെ ഓഫ് സൈഡാണെന്ന് കണ്ടെത്തിയതോടെ വീണ്ടും ലീഡ് ഒന്നിലേക്ക് ചുരുങ്ങി. പിന്നീട് 79ാം മിനിറ്റിൽ ബെൽജിയം ഗോൾ കീപ്പർ കാസ്റ്റീൽസിന്റെ ലോങ് റെയിഞ്ച് ഗോൾ കിക്ക് റുമാനിയൻ ബോക്സിന് മുന്നിൽ നിന്ന് സ്വീകരിച്ച കെവിൻ ഡി ബ്രൂയിൻ മനോഹരമായി വലയിലെത്തിച്ചതോടെ രണ്ടു ഗോൾ ലീഡിൽ ബെൽജിയം ജയം ആധികാരികമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.