ബംഗളൂരു: പ്രായത്തട്ടിപ്പിനെ തുടർന്ന് സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്കൂൾ ടൂർണമെന്റിന്റെ അണ്ടർ -15 വിഭാഗത്തിൽനിന്ന് അഞ്ച് ടീമുകൾ പുറത്തായി. ബംഗളൂരു ജാലഹള്ളി എയർഫോഴ്സ് സ്റ്റേഷൻ മൈതാനത്ത് നടക്കുന്ന ടൂർണമെന്റിൽനിന്ന് അസം ദിമ ഹസാവോയിലെ നസ്റേത്തത് മോഡൽ ഹൈസ്കൂൾ, ബിഹാർ ജമുവായ് നെഹ്റു പബ്ലിക് സ്കൂൾ, മണിപ്പൂർ ബിഷ്ണുപൂരിലെ ഉൽതോ ഗവ. മോഡൽ ഹൈസ്കൂൾ, മധ്യപ്രദേശ് ഭോപാലിലെ ആർമി പബ്ലിക് സ്കൂൾ, മഹാരാഷ്ട്ര കോലാപുരിലെ സഞ്ജീവൻ വിദ്യാലയ എന്നീ ടീമുകളാണ് പുറത്തായത്. ഇവർ കളിച്ച മത്സരങ്ങളുടെ ഫലം അസാധുവായി പ്രഖ്യാപിച്ചു.
സ്കലറ്റൽ ഏജ് എസ്റ്റിമേഷൻ ടെസ്റ്റ് നടത്തിയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങളുടെ പ്രായം ഉറപ്പുവരുത്തുക. 65 വിദ്യാർഥികളെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയതിൽ 42 പേരും പരാജയപ്പെട്ടു. മിസോറമിൽനിന്നുള്ള ഗവ. ചാങ്ഫിങ മിഡിൽ സ്കൂൾ ടീം പരിശോധനയിൽ രണ്ടുപേർ പ്രായപരിധിക്ക് മുകളിലുള്ളവരാണെന്ന് കണ്ടെത്തിയെങ്കിലും ടുർണമെന്റിലെ മാനദണ്ഡ പ്രകാരം, ഇളവിന്റെ പരിധിയിൽവരുന്നതിനാൽ ടീമിന് വിലക്കില്ല. പക്ഷേ, പരിശോധനയിൽ പരാജയപ്പെട്ട കുട്ടികൾക്ക് ടീമിൽ കളിക്കാനാവില്ല. നാലോ അതിൽ കൂടുതൽ പേരോ പ്രായക്കൂടുതലുള്ളവരാണെങ്കിൽ ആ ടീമിനെത്തന്നെ പുറത്താക്കണമെന്നാണ് എ.ഐ.എഫ്.എഫ് ചട്ടം. കഴിഞ്ഞ വർഷം പ്രായത്തട്ടിപ്പിനെ തുടർന്ന് 16 ടീമുകളെയാണ് പുറത്താക്കിയത്. എയർഫോഴ്സ് സ്പോർട്സ് കൺട്രോൾ ബോർഡിന് കീഴിലെ സുബ്രതോ മുഖർജി സ്പോർട്സ് എജുക്കേഷൻ സൊസൈറ്റിയാണ് സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സംഘാടകർ.
ബംഗളൂരു: സുബ്രതോ കപ്പിലെ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന മലപ്പുറം ചേലേമ്പ്ര എൻ.എം.എം.എച്ച്.എസ്.എസ് സ്കൂൾ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. ലീഗ് റൗണ്ടിൽ ചേലേമ്പ്ര സ്കൂളും ബംഗളൂരു ആർമി സ്കൂളും പോയന്റിലും ഗോൾ ശരാശരിയിലും തുല്യരായതിനെ തുടർന്ന് ടോസിലൂടെ വിജയികളെ നിശ്ചയിക്കുകയായിരുന്നു. ഇതോടെ ഭാഗ്യം ബംഗളൂരു ആർമി സ്കൂളിനൊപ്പം നിന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ചേലേമ്പ്ര സ്കൂൾ ക്വാർട്ടർ കളിച്ചിരുന്നു. ഇത്തവണ ലീഗ് റൗണ്ടിൽ ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളിന് എൻ.സി.സി ഗോവയെ പരാജയപ്പെടുത്തിയായിരുന്നു തുടക്കം. രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ ആർമി സ്കൂളുമായി 1-1 ന് സമനിലയിൽ പിരിഞ്ഞു. അവസാന മത്സരത്തിൽ ഉത്തരാഖണ്ഡിനെ 3-1ന് പരാജയപ്പെടുത്തി.
എൻ.സി.സി ഗോവയെ 3-1നും ഉത്തരാഖണ്ഡിനെ 4-0ത്തിനും ആർമി സ്കൂൾ വീഴ്ത്തി. ഇതോടെ പോയന്റിലും ഗോൾ ശരാശരിയിലും ചേലേമ്പ്രയും ആർമി സ്കൂളും തുല്യരായി. തുടർന്ന് ടോസിലൂടെ ഗ്രൂപ് ജേതാക്കളെ കണ്ടെത്തുകയായിരുന്നു. സുബ്രതോ കപ്പിലെ അണ്ടർ -17 കാറ്റഗറി ടൂർണമെന്റ് ഡൽഹിയിൽ നടക്കും. കേരളത്തെ പ്രതിനിധാനം ചെയ്ത് കോഴിക്കോട് ഫാറൂഖ് സ്കൂൾ ടീം കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.