ബാഴ്സലോണ-റയൽ മഡ്രിഡ് മത്സരത്തിനിടെ ലയണൽ മെസ്സിയും സെർജിയോ റാമോസും ‘കൊമ്പുകോർത്ത’പ്പോൾ (ഫയൽ ചിത്രം)

അന്ന് മെസ്സിക്ക് വേണ്ടി റാമോസും പുയോളും തമ്മിലടിച്ചു, ഇന്ന് റാമോസിന് മെസ്സി വക പെനാൽറ്റി കിക്ക്...

മഡ്രിഡ്: 2010ല്‍ ബാഴ്‌സലോണയും റയല്‍ മഡ്രിഡും നൗകാംപില്‍ ഏറ്റുമുട്ടിയപ്പോള്‍ സ്‌പെയിന്‍ അക്ഷരാര്‍ഥത്തില്‍ രണ്ടായി പിളര്‍ന്നു. കാറ്റലൂണിയന്‍ ദേശത്തിന്റെ ഹൃദയമായ ബാഴ്‌സലോണ സ്പാനിഷ് ദേശീയതയുടെ വക്താക്കളായ റയല്‍ മഡ്രിഡിനെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആ മത്സരത്തില്‍ സ്‌പെയ്‌നിന്റെ രണ്ട് ഡിഫന്‍ഡര്‍മാര്‍ അവരുടെ ആഭ്യന്തര വൈരം മുഴുവന്‍ പുറത്തെടുത്തു. മത്സരം തന്റെ മാജിക്കില്‍ വരുതിയിലാക്കിയ ലയണൽ മെസ്സി റയലിന്റെ കോട്ട കാത്തവരെ കുറച്ചൊന്നുമല്ല അപഹസിച്ചത്. ആ ദേഷ്യം തീര്‍ക്കാന്‍ സെര്‍ജിയോ റാമോസ് മെസ്സിക്കെതിരെ കടുത്ത ടാക്ലിങ്ങാണ് നടത്തിയത്.

മെസ്സി വേദന കൊണ്ട് പിടഞ്ഞപ്പോള്‍ ക്യാപ്റ്റനായ കാര്‍ലോസ് പുയോളിന് തന്റെ ദേശീയ ടീം സഹപ്രവര്‍ത്തകന്‍ കൂടിയായ റാമോസിനോട് കയര്‍ക്കേണ്ടി വന്നു. അഞ്ച് ഗോളിന്റെ ഭാരത്താല്‍ നാണംകെട്ട് നില്‍ക്കുന്ന റാമോസ് തന്നെ വളഞ്ഞ ബാഴ്‌സ താരങ്ങളെ കൈയേറ്റം ചെയ്യാനാണ് മുതിര്‍ന്നത്. പുയോളിന്റെ കഴുത്തിന് പിടിച്ച് തള്ളിയത് സ്പാനിഷ് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്താ ചിത്രമായി.


കാലം കടന്നു പോയി, മെസ്സിയും സെര്‍ജിയോ റാമോസും ഇപ്പോള്‍ പി.എസ്.ജിയില്‍ സഹതാരങ്ങളാണ്. പരസ്പര ബഹുമാനത്തോടെ അവര്‍ ഒരുമിച്ച് പന്തുതട്ടുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബ് ക്യൂയെവിലി റൂയെനെതിരായ പരിശീലന മത്സരത്തിനിടെ മെസ്സി താനെടുക്കേണ്ട പെനാൽറ്റി റാമോസിന് വെച്ചുനീട്ടി. റാമോസ് അത് ഗോളാക്കുകയും ചെയ്തു. മെസ്സിയെ എതിർകളിക്കാരൻ വീഴ്ത്തിയതിനാണ് പി.എസ്.ജിക്ക് പെനാൽറ്റി കിക്ക് ലഭിച്ചത്. ഇതൊക്കെ കാണുമ്പോൾ 'ഈ വൈരം കാലം മായ്ക്കും' എന്ന് അന്ന് പുയോള്‍ പറഞ്ഞത് ശരിവെക്കുകയാണ് കളിക്കമ്പക്കാർ.

ബാഴ്‌സ-റയല്‍ എല്‍ക്ലാസികോയിലെ പെപെ-മെസ്സി പോരാട്ടവും ചരിത്രത്തിന്റെ ഭാഗമാണ്. ബാഴ്‌സയുടെ തേരോട്ടം അവസാനിപ്പിക്കാന്‍ മെസ്സിയെ പിടിച്ചു കെട്ടുകയേ വഴിയുള്ളൂ. അതിന് റയല്‍ മഡ്രിഡ് കോച്ചായിരുന്ന ഹോസെ മൗറീഞ്ഞോ അതിനായി പെപെയെ നിയോഗിച്ചു.



മാന്‍ ടു മാന്‍ മാര്‍ക്കിങ്ങില്‍ പെപെ ബാഴ്‌സയുടെ ഹീറോയെ മാനസികമായും ശാരീരികമായും അസ്വസ്ഥനാക്കി. ഗ്രൗണ്ടില്‍ വീണു കിടക്കുമ്പോള്‍ മെസ്സിയുടെ വിരലില്‍ ബൂട്ടുകൊണ്ട് ചവിട്ടി മെതിച്ച് പെപെ ക്രൂരത കാട്ടി. ഇതിന്റെ പേരില്‍ പോർചുഗല്‍ ഡിഫന്‍ഡര്‍ എല്‍ ക്ലാസികോയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.



ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ലിവര്‍പൂള്‍ മത്സരത്തിലെ കറുത്ത അധ്യായമാണ് സുവാരസ്-പാട്രിസ് എവ്‌റ വാഗ്വാദം. ലിവര്‍പൂള്‍ സ്‌ട്രൈക്കറായിരുന്ന സുവാരസ് മാഞ്ചസ്റ്ററിന്റെ കറുത്ത വര്‍ഗക്കാരനായ വിങ് ബാക്കിനെ വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദമായി. എട്ട് മത്സരങ്ങളില്‍ സുവാരസിന് വിലക്ക് നേരിടേണ്ടി വന്നു. പിന്നീട് നേര്‍ക്കുനേര്‍ കളിച്ച സന്ദര്‍ഭത്തില്‍ സുവാരസ് ഫ്രഞ്ച് താരത്തിന് ഹസ്തദാനം ചെയ്യാന്‍ തയാറായില്ല. കാലം മായ്ക്കാത്ത വൈരമായി ഇന്നും ഇവര്‍ അകല്‍ച്ചയിലാണ്.

Tags:    
News Summary - Foe Turned Friend! Lionel Messi Passes a Penalty to Sergio Ramos During a Warm-up Game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.