തിരുവനന്തപുരം: എതിരാളികളും വിമർശകരും എറിഞ്ഞ കല്ലുകളെ നാഴികക്കല്ലുകളാക്കി, തുകൽപന്തിൽ ഊതിനിറച്ച കാറ്റിനെ തീരജനതയുടെ ശ്വാസമാക്കി മാറ്റിയ കോവളം എഫ്.സി ഇന്ത്യൻ ഫുട്ബാളിന്റെ സ്വപ്നങ്ങളിലേക്ക് പന്തുതട്ടുന്നു. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മനോജ്, രഞ്ജിത് എന്നിവർ സന്തോഷ് ട്രോഫി കേരള ക്യാമ്പിൽ ഇടംപിടിക്കുകയും കോവളം എഫ്.സി താരമായിരുന്ന ബിജോയ് വർഗീസ് ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി കരാർ ഒപ്പിടുകയും ചെയ്തതോടെ അലമാരകളിലൊതുങ്ങുന്ന ചാമ്പ്യൻ കിരീടങ്ങളെക്കാൾ തിളക്കത്തിലാണ് നേട്ടങ്ങളുടെ പട്ടികയിൽ കോവളം എഫ്.സി.
ഒന്നര പതിറ്റാണ്ടിന് മുമ്പ് തിരുവനന്തപുരത്തിന്റെ തീരദേശത്തിരുന്ന് എബിൻ റോസ് എന്ന സന്തോഷ് ട്രോഫി താരവും അഭ്യുദയകാംക്ഷികളും കണ്ട സ്വപ്നമായിരുന്നു കോവളം എഫ്.സി. ഫുട്ബാളിനെ സ്നേഹിക്കുന്ന തീരപ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്കായി ഒരു ഫുട്ബാൾ ക്ലബ്. പക്ഷേ, എബിനെയും കുട്ടികളെയും ആദ്യഘട്ടത്തിൽ കാത്തിരുന്നത് കുതികാൽവെട്ടിന്റെയും അവഗണനയുടെയും മാറ്റിനിർത്തലിന്റെയും പരിഹാസത്തിന്റെയും വിസിൽ മുഴക്കമായിരുന്നു.
പക്ഷേ, തളർന്നില്ല. തള്ളിയിട്ടിടത്തുനിന്ന് ഓരോ ഘട്ടത്തിലും എബിനും കുട്ടികളും ആർജവത്തോടെ എഴുന്നേറ്റുനിന്നു പൊരുതി. അസൗകര്യങ്ങൾ സമ്മാനിച്ച തോൽവികളിലും അവർ നെഞ്ചുവിരിച്ച് തലയുയർത്തി കേരള ഫുട്ബാളിന് മുന്നിൽ നിന്നു.
2007ൽ കോവളത്തിന്റെ കുട്ടികൾ സി ഡിവിഷൻ ലീഗിൽ വെന്നിക്കൊടി പാറിച്ചാണ് കാൽപന്തുകളിയിലെ മിന്നുംനേട്ടത്തിന് തുടക്കമിട്ടത്. ജില്ലതലത്തിൽ സി ഡിവിഷനിൽ കളിച്ചുതുടങ്ങിയ ടീം ഘട്ടം ഘട്ടമായി പോരാട്ടവീര്യം കൈമുതലാക്കി എ ഡിവിഷൻ ചാമ്പ്യൻ പട്ടംവരെ സ്വന്തമാക്കി.
തുടർന്ന് അണ്ടർ 15 ഐ ലീഗിലും പന്തുതട്ടി. 2019-20 കാലഘട്ടത്തിൽ ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ സീനിയർ ടീമിനെ ശക്തിപ്പെടുത്തിയതോടെ കോവളത്തിന്റെ രൂപവും ഭാവവും മാറി.
പിന്നീട് കെ.എസ്.ഇ.ബി, കേരള പൊലീസ്, കേരള ബ്ലാസ്റ്റേഴ്സ്, കേരള എഫ്.സി അടക്കമുള്ള വമ്പന്മാർക്കുപോലും കോവളത്തിന്റെ ലോക്കൽ ബോയിസിന് മുന്നിൽ മുട്ടുവിറച്ചു. കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ ആവസാന ആറിലെത്തിയ ടീം ചാമ്പ്യന്മാരായ കേരള യൂനൈറ്റഡിനെ 3-0ന് തറപറ്റിച്ചിരുന്നു. കഴിഞ്ഞമാസം മധ്യപ്രദേശിൽ നടന്ന അർജുൻ സിങ് മെമ്മോറിയൽ ടൂർണമെന്റിൽ ഇന്ത്യയിലെ വിവിധ പ്രഫഷനൽ ക്ലബുകളെ തോൽപിച്ച് ഫൈനലിലെത്തിയിരുന്നു.
കേരളത്തിൽനിന്ന് ആദ്യമായി ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അക്കാദമി അക്രഡിറ്റേഷൻ ലഭിക്കുകയും യൂത്ത് ഐ ലീഗ് കളിക്കുകയും ചെയ്ത ക്ലബ്ബെന്ന നേട്ടവും കോവളം എഫ്.സിക്ക് അവകാശപ്പെട്ടതാണ്. സാമ്പത്തികം പലപ്പോഴും വിലങ്ങുതടിയായപ്പോൾ ഫെഡറൽ ബാങ്കും കിംസുമാണ് ക്ലബിനെ സഹായിക്കാൻ മുന്നോട്ടുവന്നത്.
ഫെഡറൽ ബാങ്ക് സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി കളിക്കാർക്ക് സഞ്ചരിക്കാൻ ബസും ജിംനേഷ്യവും കുട്ടികൾക്ക് സ്പെഷൽ ട്യൂഷനും വിദ്യാഭ്യാസത്തിനുള്ള സൗകര്യവും നൽകുന്നുണ്ട്. സാലി മാത്യു ഫൗണ്ടേഷൻ, മുത്തൂറ്റ്, ആർ.എം എജുക്കേഷൻ, കിംസ് എന്നിവയുമായി സഹകരിച്ച് കുട്ടികൾക്ക് സ്കോളർഷിപ്പുകളും നൽകുന്നുണ്ടെന്ന് മുഖ്യപരിശീലകനും കേരള ജൂനിയർ ഫുട്ബാൾ ടീം പരിശീലകനുമായ എബിൻ റോസ് പറയുന്നു.
ഇത്തരം അഭ്യുദയകാംക്ഷികളുടെ പിന്തുണയോടെ ഇന്ന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിഭകൾക്കും പരിശീലനം നൽകുന്ന അക്കാദമിയായി കോവളം മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.