തിരൂർ: തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം ഒരു നിബന്ധനയും കൂടാതെ വ്യാപകമായി വിട്ടുനൽകുന്നതിനെതിരെ ഫുട്ബാൾ പ്രേമികൾ രംഗത്ത്. ഇതുമൂലം സ്റ്റേഡിയം നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഫുട്ബാൾ പ്രേമികൾ ആരോപിക്കുന്നു. സ്റ്റേഡിയം ലഭിക്കാൻ വരുന്ന ഭൂരിഭാഗം അപേക്ഷകളും തിരൂർ നഗരസഭ സ്വീകരിക്കുന്നതായാണ് ആക്ഷേപം.
സ്പോർട്സ് കൗൺസിലിന് ഒരു നിബന്ധനയും കൂടാതെ ഏതാനും ദിവസത്തേക്ക് രാവിലെയും വൈകീട്ടും ഗ്രൗണ്ട് വിട്ടുനൽകിയിട്ടുണ്ട്. മഴയുള്ള സമയത്ത് സ്റ്റേഡിയം വിട്ടുനൽകുന്നത് ഗ്രൗണ്ടിെൻറ നാശം വേഗത്തിലാക്കുമെന്ന് ഫുട്ബാൾ വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്പോർട്സ് കൗൺസിലിന് രാവിലെ ഏഴ് മുതൽ 10 വരെയും വൈകീട്ട് മൂന്ന് മുതൽ ആറ് വരെയുമാണ് നൽകിയിരിക്കുന്നത്. മൂന്ന് മണിക്കൂർ ഒരു ദിവസം ഗ്രൗണ്ട് നൽകേണ്ടയിടത്താണ് ആറ് മണിക്കൂർ വരെ അനുവാദം നൽകിയിരിക്കുന്നത്. സ്പോർട്സ് കൗൺസിലിന് ഈ നിബന്ധനകളൊന്നും ബാധകമല്ലെന്നും എന്നാൽ, മുനിസിപ്പാലിറ്റി പരിധിയിലെ മറ്റ് ക്ലബുകൾക്ക് നിബന്ധനകൾ കർശനമാക്കുന്നതിലെ അർഥം മനസ്സിലാവുന്നില്ലെന്നും ഫുട്ബാൾ പ്രേമികൾ പറയുന്നു. മഴക്കാലത്ത് ഗ്രൗണ്ട് മത്സരങ്ങൾക്ക് നൽകാറില്ല.
മഴക്കാലത്ത് നൽകുന്നത് മൂലം ഇവിടെ കളിക്കുന്ന താരങ്ങൾക്ക് വേഗത്തിൽ പരിക്കേൽക്കാനിടയുണ്ട്. ഗ്രൗണ്ടിനായി പുതുതായി അപേക്ഷ നൽകിയവർക്കെല്ലാം നഗരസഭ അധികൃതർ അനുമതി നൽകുന്നത് അടുത്തിടെ വർധിച്ചിട്ടുണ്ട്. കേരള പ്രീമിയർ ലീഗ് (കെ.പി.എൽ) മത്സരങ്ങൾ തിരൂരിൽ നടന്നപ്പോൾ ക്ലബുകളും താരങ്ങളും ഗ്രൗണ്ടിെൻറ പോരായ്മകൾക്കെതിരെ പരാതി പറയുകയും ചെയ്തിരുന്നു.
നിലവിൽ സ്റ്റേഡിയം രാവിലെ ഒരു മണിക്കൂറും വൈകീട്ട് രണ്ട് മണിക്കൂറും വിട്ടുനൽകാനാണ് അനുമതി നൽകിയിരുന്നത്. സമീപകാലത്ത് നിബന്ധനകളൊന്നും പരിഗണിക്കാതെയാണ് ഗ്രൗണ്ട് വിട്ടുനൽകുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ സ്വകാര്യ ആർമി പരിശീലന സ്ഥാപനങ്ങളും മറ്റും ഒരു നിയന്ത്രണവും കൂടാതെ സ്റ്റേഡിയവും ഗ്രൗണ്ടും നഗരസഭക്ക് ഫീസ് പോലും നൽകാതെ ഉപയോഗിക്കുന്നുണ്ട്.
സ്റ്റേഡിയം നവീകരണം വൈകുന്നതിനെതിരെ നേരേത്ത തന്നെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ശക്തമാണ്. ടോയ്ലറ്റ് സൗകര്യങ്ങൾ ഉൾപ്പെടെ വിവിധ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും ആരംഭിച്ചിട്ടില്ല. ഇതുമൂലം കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ തിരൂരിന് നഷ്ടപ്പെടുന്ന അവസ്ഥയാണ്. കെ.പി.എൽ ടീമായ സാറ്റ് തിരൂരിെൻറ (സ്പോർട്സ് അക്കാദമി തിരൂർ) ഹോം ഗ്രൗണ്ട് കൂടിയാണ് തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം. നേരേത്ത സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെൻറിലെ ഒരു മത്സരം തിരൂരിൽ നടത്താൻ പരിഗണിച്ചിരുന്നെങ്കിലും സ്റ്റേഡിയത്തിലെ അസൗകര്യങ്ങളെ തുടർന്ന് നഷ്ടപ്പെട്ട അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.