മലപ്പുറം/മഞ്ചേരി: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിനെ ചേർത്തുപിടിക്കാൻ കാൽപന്തുകളിയുടെ ഹൃദയഭൂമിയിൽ ഇന്ന് പന്തുരുളും. ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബും സൂപ്പര്‍ ലീഗ് കേരള ഓൾ സ്റ്റാറും തമ്മിലാണ് പയ്യനാട് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്. വൈകീട്ട് 7.30നാണ് കളി. സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആറു ക്ലബുകളുടെയും മികച്ച കളിക്കാരാകും സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാറിൽ അണിനിരക്കുക. എം.എഫ്.സിയുടെ മിറ്റ് അനിൽ അഡേക്കർ, മുഹമ്മദ് മുഷാറഫ്, അലക്സ് സാഞ്ചസ്, സൗരവ് ഗോപാലകൃഷ്ണൻ എന്നിവർ ഓൾ സ്റ്റാറിലുണ്ടാകും.
മഴ വിട്ടുനിന്നാല്‍ മത്സരം ആവേശകരമാകും. മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ് രണ്ടു ദിവസം മുമ്പ് മലപ്പുറത്തെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടിനാണ് ടീം മടങ്ങുക. സെപ്റ്റംബര്‍ ഒന്നിന് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തില്‍ മലപ്പുറം എഫ്.സിയുമായി സൗഹൃദ മത്സരവും മുഹമ്മദന്‍സ് കളിക്കും. ഇവർ നാലാം തവണയാണ് മലപ്പുറത്ത് പന്തുതട്ടാനെത്തുന്നത്. 2005ല്‍ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ നടന്ന ഇന്‍വിറ്റേഷന്‍ കപ്പ് ഫുട്ബാളില്‍ കോഴിക്കോട് ചലഞ്ചേഴ്സിനോട് തോറ്റു മടങ്ങേണ്ടിവന്നിരുന്നു. പിന്നീട് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പില്‍നിന്ന് മുന്നേറാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
പിന്നീട് ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയുമായുള്ള പോരാട്ടത്തിന് കൊല്‍ക്കത്തന്‍ ടീം പയ്യനാട്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദന്‍സ് പ്രമോഷന് നേടി ഈ സീസണ് മുതല്‍ ഐ.എസ്.എല്ലിലാണ് മത്സരിക്കുന്നത്. ഷെര്ണിഷോവാണ് മുഹമ്മദന്‍സ് പരിശീലകന്.
അഞ്ചു പുതിയ വിദേശ താരങ്ങളെയാണ് ക്ലബ് ടീമിലെത്തിച്ചിരിക്കുന്നത്. മിര്‍ജാലോല്‍ കാസിമോവ് (ഉസ്ബകിസ്താന്‍), അലക്സിസ് ഗോമസ് (അര്‍ജന്റീന), മുഹമ്മദ് ഖാദിരി (ഘാന), ഫ്രാന്‍സ (ബ്രസീല്‍) കാസര്ലോബി മന്സൂക്കി (ആഫ്രിക്ക) തുടങ്ങിയ താരങ്ങളാണ് ഈ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന വിദേശതാരങ്ങള്‍. ഇവർക്കൊപ്പം ജന്മനാടിനുവേണ്ടി പന്തുതട്ടാൻ മലപ്പുറത്തുകാരൻ ഇർഷാദുമുണ്ടാവും. ആതിഥേയരായ മത്സരങ്ങൾക്കെല്ലാം ഗാലറി നിറച്ച മലപ്പുറം ചാരിറ്റി മാച്ചിനെയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുതന്നെയാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. മത്സരത്തിന്റെ മുന്നോടിയായി സോഷ്യല്‍ മീഡിയ താരങ്ങളുടെ പ്രദര്‍ശന മത്സരവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.