പനാജി: വെറും ആറ് മിനിറ്റിനിടെ മൂന്ന് ഗോൾ നേടി ചരിത്രത്തിലേക്ക് ഓടിക്കയറിയൊരു താരം ജീവിച്ചിരുന്നു, കഴിഞ്ഞ ദിവസം വരെ ഗോവയിൽ. സക്കറിയാസ് ഫെർണാണ്ടസ് (78) മലയാളികൾക്ക് കൂടി പ്രിയ്യപ്പെട്ടവനായത് സാൽഗോക്കർ ഗോവയുടെ ഐതിഹാസിക സ്ട്രൈക്കർമാരിൽ പേര് ചേർത്തതുകൊണ്ട് മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ തുടക്കം കേരളത്തിൽ നിന്നായിരുന്നു. കണ്ണൂർ ലക്കിസ്റ്റാറിലൂടെ കരിയർ ആരംഭിച്ച്, സാൽഗോക്കറിന്റെ ജഴ്സിയണിഞ്ഞ് ഗോവൻ ഫുട്ബാളിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഇടംനേടി സക്കറിയാസ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം.
ഗോവയിൽ നിന്ന് തുണിക്കച്ചവടത്തിനെത്തി കണ്ണൂർ ബർണാശ്ശേരിയിൽ താമസമാക്കിയതായിരുന്നു സക്കറിയാസിന്റെ കുടുംബം. ലക്കി സ്റ്റാറിന് വേണ്ടി അസാമാന്യ ഗോളടി മികവ് കാഴ്ചവെച്ച സക്കറിയാസ് 1965ലാണ് സാൽഗോക്കർ ക്ലബിലേക്ക് മാറുന്നത്. 1965-66 ൽ ആദ്യ സീസണിൽ തന്നെ 17 ഗോളോടെ ഗോവ സീനിയർ ഡിവിഷനിൽ ടോപ് സ്കോററായി.
1970ല്‍ ഗോവ ആദ്യമായി ആതിഥേയത്വം വഹിച്ച ബന്ദോദ്കര് ഗോള്‍ഡ് ട്രോഫി ടൂര്‍ണമെന്റില്‍ ബോംബെ ഗോവന്സിനെതിരെ സാല്‍ഗോക്കറിനായി വെറും ആറു മിനിറ്റിനിടെ ഹാട്രിക്ക് നേടി. അന്ന് 6-0ത്തിനായിരുന്നു ജയം. ഫൈനലില്‍ ജലന്ധര്‍ ആസ്ഥാനമായ ലീഡേഴ്സ് ക്ലബാണ് വിജയിച്ചതെങ്കിലും പഞ്ചാബ് പൊലീസിനെതിരെ ക്വാര്‍ട്ടറിലും ഡെംപോ സ്പോര്‍ട്സ് ക്ലബിനെതിരെ സെമിയിലും സക്കറിയാസിന്റെ ഗോളുകളിലാണ് സാല്‍ഗോക്കര്‍ കടന്നത്.
1969 ലെ സാൽഗോക്കറിന്റെ റോവേഴ്സ് കപ്പ് വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതും സക്കറിയാസിന്റെ ബൂട്ടുകളായിരുന്നു. 1967 മുതൽ 1969 വരെ ഗോവയുടെ സന്തോഷ് ട്രോഫി ടീമുകളിലും അംഗമായി. 1972 ൽ സജീവ ഫുട്ബാളിൽ നിന്ന് വിരമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.