കോഴിക്കോട്: നാലാം കളിയിൽ മൂന്ന് ഗോളടിച്ച് നേടിയ ജയവുമായി സന്തോഷ് ട്രോഫിയിൽ കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ജമ്മു-കശ്മീരിനെ മടക്കമില്ലാത്ത മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട മുക്കിയത്. ഇതോടെ 12 പോയന്റുമായി കേരളം ഗ്രൂപ് രണ്ടിൽ മുന്നിലെത്തി. മിസോറമിനും 12 പോയന്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയുടെ മുൻതൂക്കം കേരളത്തിനാണ്. അവസാന കളിയിൽ ഞായറാഴ്ച മിസോറമിനെ നേരിടുന്ന കേരളത്തിന് സമനില നേടിയാൽ തന്നെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനവും അതുവഴി ഫൈനൽ റൗണ്ട് പ്രവേശനവും ഉറപ്പിക്കാം.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളുടെയും പിറവി. 51 മിനിറ്റിൽ വിഘ്നേഷും 75 മിനിറ്റിൽ റിസ്വാൻ അലിയും ഇഞ്ചുറി സമയത്ത് നിജോ ഗില്‍ബര്‍ട്ടും ആണ് കേരളത്തിെൻറ ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടാൻ ആവാതിരുന്നതോടെ വിജയത്തിന് സ്കോറിങ് അനിവാര്യമാണെന്ന തിരിച്ചറിവിൽ ഇരമ്പിക്കയറുന്ന കേരളത്തെയാണ് ഇടവടക്ക് ശേഷം മൈതാനത്ത് കണ്ടത്. അതിന് ഗോളുകളിലൂടെ ഫലവും ഉണ്ടായി. നിറഞ്ഞുനിന്ന വിഘ്നേഷും നിജോ ഗില്‍ബര്‍ട്ടും പകരക്കാരനായി ഇറങ്ങിയ വിശാഖ് മോഹനും മികച്ച കളി കെട്ടഴിച്ചു. നിജോയുടെ പാസിൽ ആയിരുന്നു വിഘ്നേഷിലൂടെ കേരളം ആദ്യ വെടി പൊട്ടിച്ചത്. പിറകെ വിശാഖിന്റെ പാസിൽ റിസ്വാൻ അലിയും സ്കോർ ചെയ്തു. അവസാനഘട്ടത്തിൽ വിഗ്നേഷിന്റെ പാസിൽ നിജോയും ഗോൾ നേടിയതോടെ കേരളത്തിെൻറ വിജയം പൂർണമായി.
ആദ്യ പകുതിയിൽ നിറം കെട്ട പ്രകടനമായിരുന്നു കേരളത്തിന്റേത്. ആദ്യ മൂന്നു മത്സരങ്ങളിൽ താരതമ്യേന ദുർബലരായ എതിരാളികളെ നേരിട്ടത് പോലെയായിരുന്നില്ല കശ്മീർ. എതിരാളികളെ ഗോളടിപ്പിക്കില്ല എന്ന വാശിയിൽ കശ്മീർ ഉറച്ചുനിന്നതോടെ കേരളത്തിന് അവസരങ്ങളും കുറഞ്ഞു. മുക്കാൽ മണിക്കൂറും ആധിപത്യം പുലർത്തിയെങ്കിലും കശ്മീർ ഗോളി ഫുർഖാൻ അഹ്മദ് ദറിനെ കാര്യമായി പരീക്ഷിക്കാൻ കേരളത്തിനായില്ല. 20 മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് നിജോ ഗിൽബർട്ട് ഇടങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് മാത്രമാണ് ഗോളിക്ക് പ്രയാസമുണ്ടാക്കിയത്. വലത്തോട്ട് ഡൈവ് ചെയ്ത് ദർ അത് സമർഥമായി തടയുകയും ചെയ്തു.
മുൻനിരയിൽ വിഘ്നേഷും നരേഷും നിറം മങ്ങിയതോടെ മധ്യനിരയിൽ റിസ്വാൻ അലി-ഋഷിദത്ത്-അജീഷ് ത്രയം ഉണ്ടാക്കിയെടുത്ത മുൻതൂക്കം മുതലാക്കാൻ കേരളത്തിനായില്ല. അമ്പേ നിറം മങ്ങിയ നരേഷിനെ 40 മിനിറ്റിൽ പിൻവലിച്ച് വിശാഖ് മോഹനനെ കേരള കോച്ച് പി.ബി. രമേശ് കളത്തിലിറക്കി.
ഇറങ്ങിയ ഉടൻ മധ്യഭാഗത്തുകൂടെ കയറി വിശാഖ് ബോക്സിന് തൊട്ടുപുറത്തുനിന്ന് ഷോട്ടുതിർത്തെങ്കിലും ബാറിന് മുകളിലൂടെ പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.