പാരിസ്: ലോകകിരീടം നിലനിർത്താനുള്ള മോഹങ്ങളുമായി ഖത്തറിലെത്തുന്ന ഫ്രഞ്ച് ടീമിൽ മധ്യനിരയിൽ കരുനീക്കങ്ങൾക്ക് കൗശലപൂർവം തേരുതെളിക്കുന്ന സൂപ്പർ താരം ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്. വലതു കാൽമുട്ടിന് ഗുരുതര പരിക്കേറ്റ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് അഞ്ചു മാസത്തേക്ക് കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ലാ ഗസെറ്റ ഡെല്ലോ സ്പോർട് ദിനപത്രം റിപ്പോർട്ട് ചെയ്തു. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിൽ പോഗ്ബ കളിക്കാനിടയില്ലെന്നാണ് സൂചനകൾ.
യുവന്റസ് താരത്തിന് രണ്ടു മാസത്തേക്ക് കളത്തിലിറങ്ങാൻ കഴിയില്ലെന്ന് ക്ലബ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പരിക്കിൽനിന്ന് പൂർണ മുക്തനാവാൻ താരം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരും. അങ്ങനെയെങ്കിൽ അഞ്ചുമാസത്തോളം കളത്തിൽനിന്ന് പുറത്തിരിക്കേണ്ടിവരും.
ലോകകപ്പിൽ കളിക്കാൻ താരം അതിയായി ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദഗ്ധരുമായി കൂടുതൽ ചർച്ച നടത്തുകയാണെന്ന് യുവന്റസ് അധികൃതർ സ്ഥിരീകരിച്ചു. പോഗ്ബയുടെ സാന്നിധ്യം ലോകകപ്പിൽ ഉണ്ടാവണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. 2018ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ പോഗ്ബയുടെ മികച്ച പ്രകടനം ടീമിന് ഏറെ കരുത്തു പകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.