ബെർലിൻ: 2022ലെ ഖത്തർ ലോകകപ്പിൽ ജർമനിയുടെ ആദ്യ ഗ്രൂപ് മത്സരത്തിനിടെ ടീം സംഘാടക രാജ്യത്തോട് പ്രതിഷേധമറിയിച്ച് നടത്തിയ പ്രകടനത്തിൽ മാപ്പുപറഞ്ഞ് ജർമൻ ടീം ക്യാപ്റ്റൻ ജോഷ്വ കിമ്മിഷ്.
ടൂർണമെന്റിനെത്തിയ ഏഴ് യൂറോപ്യൻ രാജ്യങ്ങളുടെ ക്യാപ്റ്റന്മാർ കൈയിൽ പ്രതിഷേധം കുറിക്കുന്ന കൈവള അണിയാനായിരുന്നു ആദ്യം തീരുമാനം. ഇതിനെതിരെ ഫിഫ വടിയെടുത്തതോടെയാണ് ജർമൻ താരങ്ങൾ ജപ്പാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് വായ് കൈകളാൽ മറച്ച് ഫോട്ടോക്ക് പോസ് ചെയ്തത്. കളി തോറ്റ ജർമനി നാണക്കേട് ഇരട്ടിയാക്കി ഗ്രൂപ് ഘട്ടം കടക്കാനാവാതെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഫിഫ ടീമുകളെ നിശ്ശബ്ദമാക്കുകയാണെന്ന സന്ദേശം നൽകലായിരുന്നു ലക്ഷ്യമെന്ന് പിന്നീട് ജർമൻ കോച്ച് ഹാൻസി ഫ്ലിക്ക് വിശദീകരിച്ചു. എന്നാൽ, നടത്തിയത് ശരിയായില്ലെന്ന് കിമ്മിഷ് പറയുന്നു. ‘‘പൊതുവായി താരങ്ങൾ വിശേഷിച്ച്, ക്യാപ്റ്റൻമാർ ചില മൂല്യങ്ങൾക്കായി നിലയുറപ്പിക്കേണ്ടവരാണ്. എന്നാൽ, രാഷ്ട്രീയ പ്രകടനമല്ല ഞങ്ങളുടെ ജോലി’’- കിമ്മിഷ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
‘ഖത്തറിലെ വിഷയം തന്നെ പരിഗണിക്കാം. ഒരു രാജ്യമായും ടീമെന്ന നിലക്കും മൊത്തത്തിൽ നല്ല ചിത്രമല്ല ഞങ്ങൾക്ക് മുന്നിൽ വെക്കാനായത്. ഞങ്ങൾ രാഷ്ട്രീയമായി പക്ഷം പിടിച്ചു. അത് ടൂർണമെന്റിന്റെ സന്തോഷത്തിന് നിറംകെടുത്തുന്നതായി. സംഘാടനമികവിൽ അഭൂതപൂർവമായിരുന്നു ആ ലോകകപ്പ്’’- താരം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.