തുർക്കിയ ഭൂകമ്പം: ഘാന ഫുട്ബാൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇസ്താംബുൾ: തുർക്കിയയിലെ ഭൂകമ്പത്തിനിടെ കാണാതായ മുൻ ഘാന അന്താരാഷ്ട്ര ഫുട്ബാൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരിച്ചനിലയിൽ കണ്ടെത്തി. അറ്റ്സു താമസിച്ചിരുന്ന സതേൺ തുർക്കിയയിലെ ഹതായിയിലെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് താരത്തിന്റെ തുർക്കിഷ് ഏജന്റ് അറിയിച്ചു. അദ്ദേഹത്തിന്റെ ഫോണും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സാധനങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് ഏജന്റ് മുരത് ഉസുൻമെഹ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

അറ്റ്സു സതേൺ തുർക്കിയയിൽ നിന്ന് പോകാനിരുന്നതായിരുന്നു. ഫെബ്രുവരി അഞ്ചിനെ സൂപ്പർ ലീഗ് മാച്ചിൽ കളി ജയിപ്പിച്ച ഗോളടിച്ചതോടെ താരം ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. തുർക്കി ആഭ്യന്തര ലീഗിൽ ഹതായസ്പോറിനായാണ് ഘാന ദേശീയ താരം ബൂട്ടണിഞ്ഞത്.

നേരത്തെ ക്രിസ്റ്റ്യൻ അറ്റ്സുവിനെ രക്ഷപ്പെടുത്തിയെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഈ വാർത്ത നിഷേധിച്ച് ക്ലബ് ഡയറക്ടർ രംഗത്തെത്തുകയായിരുന്നു.

തലേന്ന് രാത്രി തുർക്കി സൂപ്പർ ലീഗിൽ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലർച്ചെയുണ്ടായ ദുരന്തത്തിൽ പെട്ടത്.

പ്രിമിയർ ലീഗിൽ ന്യൂകാസിൽ, ചെൽസി ടീമുകൾക്കൊപ്പം ബൂട്ടുകെട്ടിയ 31കാരനായ വിങ്ങർ കഴിഞ്ഞ സെപ്റ്റംബറിലാണ് തുർക്കി സൂപർ ലീഗിലെത്തിയത്. 2017 മുതൽ തുടർച്ചയായ അഞ്ചു സീസണിൽ ന്യൂകാസിലിനൊപ്പം പന്തുതട്ടിയതിനൊടുവിൽ 2021ൽ സൗദി ലീഗിലെത്തിയ അറ്റ്സു തുർക്കി ഭൂകമ്പത്തിന് ​തലേന്നു രാ​ത്രിയിലും ടീമിനു വേണ്ടി ഇറങ്ങിയിരുന്നു. അവസാന വിസിലിന് തൊട്ടുമുമ്പ് ഫ്രീകിക്ക് ഗോളാക്കി താരം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഈ ആഘോഷം പൂർത്തിയാകുംമുമ്പെയാണ് രാജ്യത്തെയും അയൽരാജ്യമായ സിറിയയെയും നടുക്കി വൻഭൂചലനമുണ്ടാകുന്നതും ഇവർ താമസിച്ച കെട്ടിടം തകർന്നുവീഴുന്നതും.

Tags:    
News Summary - Ghanaian football player Atsu’s body found under rubble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.