പാരിസ്: ഫ്രഞ്ച് മുന്നേറ്റത്തിലെ എക്കാലത്തെയും ടോപ് സ്കോററായ എ.സി മിലാൻ താരം ഒളിവിയർ ജിറൂദ് അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുന്നു. യൂറോ 2024നു ശേഷം ഫ്രഞ്ച് ജഴ്സിയിൽ കളിക്കില്ലെന്ന് താരം പ്രഖ്യാപിച്ചു. 131 കളികളിൽ ദേശീയ ടീമിനായ 57 ഗോളടിച്ച താരം 2018ൽ ലോകകിരീടം ചൂടിയ ടീമിൽ അംഗമായിരുന്നു. യൂറോകപ്പിനുള്ള സ്ക്വാഡിൽ കോച്ച് ദിദിയർ ദെഷാംപ്സ് ജിറൂദിനെ ഉൾപ്പെടുത്തിയിരുന്നു. ‘‘നീലക്കുപ്പായത്തിൽ ഇതെനിക്ക് അവസാന ചാമ്പ്യൻഷിപ്പാകും’’ -താരം പറഞ്ഞു.
2018ലെ റഷ്യൻ ലോകകപ്പിൽ ആറു കളികളിലായി 465 മിനിറ്റ് ടീമിനായി കളിച്ച താരം പക്ഷേ, ഗോൾ നേടുകയോ ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ, 2022ലെ ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയടക്കം നാലു ഗോളുകൾ നേടി.
പ്രീമിയർ ലീഗിൽ ആഴ്സനൽ, ചെൽസി ഉൾപ്പെടെ വമ്പന്മാർക്കൊപ്പം പന്തുതട്ടിയ ജിറൂദ് എ.സി മിലാൻ നിരയിലാണ് ഈ സീസണിൽ കളിച്ചത്. സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്നമുറക്ക് അമേരിക്കൻ മേജർ സോക്കർ ലീഗിൽ ലോസ് ആഞ്ജലസ് എഫ്.സിക്കായി കളിക്കും. 18 മാസ കരാറാണ് അമേരിക്കൻ ക്ലബുമായി ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.