ഗുവാഹതി: കൊണ്ടും കൊടുത്തും ഹോം മാച്ചുകൾ ആഘോഷമാക്കിയ കൊമ്പന്മാർ സീസണിലെ ആദ്യ എവേ മാച്ചിന് ഞായറാഴ്ച ഇറങ്ങുന്നു. ഗുവാഹതി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ രണ്ടു മത്സങ്ങൾ പൂർത്തിയാക്കിയ ഇരു ടീമുകൾക്കും ഓരോ ജയവും തോൽവിയുമാണുള്ളത്. കേവലം ഒരു എവേ മാച്ചെന്നതിലുപരി ടീമിനായി പോയന്റ് നേടിക്കൊടുക്കുക എന്നതാണ് കോച്ച് മിഖായേൽ സ്റ്റാറേയുടെ അഭ്യാസ മുറകളുമായി ഇറങ്ങുന്ന മഞ്ഞപ്പടയുടെ ലക്ഷ്യം. മൂന്ന് പോയന്റ് നേടുക, ആരാധകരെ തൃപ്തിപ്പെടുത്തുക എന്നതുതന്നെയാവും ഹൈലാൻഡേഴ്സിന്റെയും ശ്രമം.
തുടക്കം പാളിയെങ്കിലും രണ്ടാം മത്സരത്തിൽ കൊച്ചിയിലെ സ്വന്തം തട്ടകത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ജയിച്ചാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം അങ്കത്തിനൊരുങ്ങുന്നത്. പടപൊരുതാനെത്തിയ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നേടിയ വിജയം ടീമിനും ആരാധകർക്കും നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ക്യാപ്റ്റൻ ലൂണയില്ലാതെ പഞ്ചാബ് എഫ്.സിക്കെതിരെ ഓണത്തല്ലിനിറങ്ങിയ ടീമിന് പരാജയം രുചിക്കേണ്ടിവന്നെങ്കിലും ആ പോരായ്മ ചെറിയ രീതിയിലെങ്കിലും നികത്താനായത് രണ്ടാം മത്സരത്തിലെ ജയത്തിലൂടെയാണ്. എവേ മാച്ചിനായി ഗുവാഹതിയിലേക്ക് പറന്ന ടീമിനൊപ്പം ലൂണയുണ്ട്. കളിക്കാനിറങ്ങുമോയെന്ന ചോദ്യത്തിന് ‘‘ഞാൻ ഓകെയാണ്, ബാക്കി കോച്ച് തീരുമാനിക്കട്ടെ’’ എന്നായിരുന്നു ലൂണയുടെ മറുപടി. ലൂണ ഇറങ്ങുമോയെന്ന ചോദ്യത്തിന് ‘‘നാളെ കാണാം’’ എന്നായിരുന്നു സ്റ്റാറേയുടെ മറുപടി. 4-3-3 എന്ന ഫോർമേഷനിലാവും സ്റ്റാറേ ടീമൊരുക്കുക.
ലൂണ ടീമിൽ ഇടംനേടുകയാണെങ്കിൽ ഫ്രഞ്ച് താരം അലക്സാന്ദ്രേ കോഫായിരിക്കും ബെഞ്ചിലിരിക്കുക. മുന്നേറ്റ താരം മുഹമ്മദ് അയ്മനും ആദ്യ ഇലവനിൽ സാധ്യത കൽപിക്കുന്നുണ്ട്.
സീസണിലെ ആദ്യ ഹോം മാച്ചിനാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കളത്തിലിറങ്ങുന്നത്. ആദ്യ എവേ മാച്ചിൽ മുഹമ്മദൻസ് എസ്.സിക്കെതിരെ അവരുടെ തട്ടകത്തിൽ നേടിയ 1-0ത്തിന്റെ ജയത്തോടെ ടീമിന് സീസൺ നൽകിയത് മികച്ച തുടക്കമാണ്. രണ്ടാം മത്സരത്തിൽ മോഹൻ ബഗാനെതിരെ സമനിലയിൽ അവസാനിക്കുമായിരുന്ന കളി വിവാദ ഗോൾ പിറന്നതിന് പിന്നാലെ നഷ്ടപ്പെടുകയായിരുന്നു. നിലവിൽ സീസണിലെ ആരെയും തോൽപിക്കാൻ കഴിവുള്ള ടീമെന്ന ആത്മവിശ്വാസം നോർത്ത് ഈസ്റ്റിനുണ്ട്.
ഹെഡ് ടു ഹെഡ്
ആകെ മത്സരങ്ങൾ - 20
കേരള ബ്ലാസ്റ്റേഴ്സ് ജയം - 8
നോർത്ത് ഈസ്റ്റ് ജയം - 5
സമനില - 7
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.