യൂറോ കപ്പിലേത് സമാനതകളില്ലാത്ത ഗോൾവരൾച്ച; കാരണം തേടി ഫുട്ബാൾ ലോകം

യൂറോ കപ്പ് സെമിഫൈനൽ പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ചർച്ചയായി ഗോൾ വരൾച്ച. 48 മത്സരങ്ങൾ പൂർത്തിയാക്കിയ ടൂർണമെന്റിൽ ഇതുവരെ പിറന്നത് 108 ഗോളുകൾ മാത്രമാണ്. ഇതിൽ തന്നെ പത്തെണ്ണം സെൽഫ് ഗോളുകളും. 11 ഗോളുകൾ വീതം നേടിയ സ്​പെയിനും ജർമനിയുമാണ് ഗോൾവേട്ടയിൽ മുന്നിൽ.

സെമിയിലെത്തിയ ടീമുകൾ തന്നെ പലപ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയിലാണ് മുന്നേറിയതെന്ന് കണക്കുകൾ പറയുന്നു. 2021ൽ 51 കളിയിൽ 142 ഗോളുകളാണ് പിറന്നിരുന്നത്. ശരാശരി ഒരു മത്സരത്തില്‍ 2.79 ഗോളുകള്‍ പിറന്നപ്പോള്‍ ഇത്തവണ അത് 2.25 മാത്രമാണ്. ഇത്തവണ ഫ്രീകിക്കിൽനിന്ന് ഒറ്റ ഗോൾ പോലും പിറന്നിട്ടുമില്ല.

താരസമ്പന്നമായ ഫ്രാന്‍സിന് ഇതുവരെ ഓപൺ ​േപ്ലയിൽ ഗോൾ നേടാനേ കഴിഞ്ഞിട്ടില്ല. അവര്‍ നേടിയ മൂന്ന് ഗോളുകളില്‍ രണ്ടെണ്ണം എതിരാളികൾ സമ്മാനിച്ച സെല്‍ഫ് ഗോളുകളും ഒന്ന് പെനാല്‍റ്റിയുമായിരുന്നു. എന്നാൽ, ഒരു ഗോൾ മാത്രമാണ് ഫ്രാൻസ് ഇതുവരെ വഴങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ​ഓസ്ട്രിയയെ 1-0ത്തിന് തോൽപിച്ച അവർ നെതർലാൻഡ്സുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ പോളണ്ടുമായി ഒാരോ ഗോളടിച്ചും സമനില പാലിച്ചു. പ്രീക്വാർട്ടറിൽ ബെൽജിയത്തെ എതിരില്ലാത്ത ഒറ്റ ഗോളിന് തോൽപിച്ച അവർ ക്വാർട്ടറിൽ പോർച്ചുഗലുമായി നിശ്ചിത സമയത്തും അധികസമയത്തും ഗോൾരഹിത സമനിലയിൽ കുരുങ്ങിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിൽ സെമിയിൽ കടക്കുകയായിരുന്നു.

പ്രധാന ഫുട്ബാൾ ലീഗുകളിലെ സൂപ്പർ താരങ്ങളടങ്ങിയ ഇംഗ്ലണ്ട് ഇതുവരെ അടിച്ചത് അഞ്ച് ഗോളുകള്‍ മാത്രമാണ്. ഇതിൽ തന്നെ ഒന്ന് പെനാൽറ്റിയിൽനിന്നാണ്. മൂന്ന് ഗോളുകളാണ് അവർ വഴങ്ങിയത്. ഗ്രൂപ്പ് പോരാട്ടങ്ങളിൽ സെർബിയയോട് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ഇംഗ്ലണ്ട് ഡെന്മാർക്കിനോട് 1-1നും സ്ലോവേനിയയോട് ഗോളടിക്കാതെയും സമനില വഴങ്ങി. പ്രീ ക്വാർട്ടറിൽ ​െസ്ലാവാക്യയെ 2-1ന് വീഴ്ത്തിയ അവർ സ്വിറ്റ്സർലൻഡുമായുള്ള ക്വാർട്ടറിൽ നിശ്ചിത സമയത്തും അധിക സമയത്തും 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ ഷൂട്ടൗട്ടിലാണ് സെമിയിലേക്ക് മുന്നേറിയത്.

അതേസമയം, സെമിയിലെത്തിയ മറ്റു ടീമുകളായ സ്പെയിനും നെതർലാൻഡ്സും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. സ്പെയിൻ പതിനൊന്നും നെതർലാൻഡ്സ് ഒമ്പതും ഗോളുകളാണ് എതിർവലയിൽ അടിച്ചുകയറ്റിയത്. രണ്ട് ഗോളുകൾ മാത്രം വഴങ്ങിയ സ്​പെയിനാണ് ഗോൾശ്രമങ്ങളിലും മുന്നിട്ടുനിൽക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യക്കെതിരെ 3-0, ഇറ്റലിക്കെതിരെ 1-0, അൽബേനിയക്കെതിരെ 1-0 എന്നിങ്ങനെ ജയിച്ചുകയറിയ സ്​പെയിൻ പ്രീക്വാർട്ടറിൽ ജോർജിയയെ 4-1നും ക്വാർട്ടറിൽ ജർമനിയെ 2-1നും തോൽപിക്കുകയായിരുന്നു. ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ജയിച്ചു കയറിയ ഏക ടീമും സ്​പെയിനാണ്.

അതേസമയം, പോളണ്ടിനെതിരെ 2-1ന് ജയിച്ചുതുടങ്ങിയ നെതർലാൻഡ്സ് ഫ്രാൻസുമായി ഗോൾരഹിത സമനില പിടിക്കുകയും ഓസ്ട്രിയയുമായി 3-2ന് തോൽക്കുകയും ചെയ്താണ് പ്രീ-ക്വാർട്ടറിലെത്തിയത്. റുമാനിയയെ 3-0ത്തിന് തോൽപിച്ച് ക്വാർട്ടറിലെത്തിയ അവർ തുർക്കിയക്കെതിരെ 2-1ന് ജയിച്ച് സെമിയിലേക്കും മുന്നേറി. അതേസമയം, നെതർലാൻഡ്സിന്റെ വലയിൽ അഞ്ചുതവണ എതിരാളികൾ പന്തെത്തിച്ചു.


നാല് ക്വാര്‍ട്ടറുകളിൽ പിറന്നത് ഏഴ് ഗോളുകള്‍

നാല് ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നിന്നായി പിറന്നത് ഏഴ് ഗോളുകള്‍ മാത്രമാണ്. ഇതിൽ രണ്ടെണ്ണത്തിൽ വിജയികളെ നിശ്ചയിച്ചത് ഷൂട്ടൗട്ടിലായിരുന്നു. ടീമുകളുടെ പ്രതിരോധ തന്ത്രമാണ് ഗോൾ വീഴുന്നതിന് തടസ്സമാകുന്നത്. ഗോളടിക്കുന്നതിനേക്കാൾ എതിരാളികളെ അടിപ്പിക്കാതിരിക്കാനാണ് പല ടീമുകളും ശ്രമിച്ചത്. കൂടുതൽ ഗോൾ വഴങ്ങി പഴി കേൾക്കാതിരിക്കാനാണ് ടീമുകൾ ശ്രദ്ധ കൊടുക്കുന്നതെന്നാണ് വിലയിരുത്തലുകൾ.

മൂന്ന് ഗോൾവീതം നേടിയ നെതർലൻഡ്സിന്‍റെ കോഡി ഗാപ്കോ, ജർമനിയുടെ ജമാൽ മുസിയാല, ജോർജിയയുടെ ജോർജസ് മികോറ്റഡ്സെ, സ്ലോവാക്യയുടെ ഇവാൻ ഷ്രാൻസ് എന്നിവരാണ് ടോപ് സ്കോറർമാരിൽ മുന്നിൽ. ഇവരിൽ സെമിയിൽ കളിക്കുന്നത് ഗാക്പോ മാത്രം. രണ്ട് ഗോളുമായി സെമിയിൽ കളിക്കുന്ന ഇംഗ്ലണ്ടിന്‍റെ ജൂഡ് ബെല്ലിംഗ്ഹാം, ഹാരി കെയ്ൻ, സ്പെയിനിന്‍റെ ഡാനി ഒൽമോ, ഫാബിയൻ റൂയിസ് എന്നിവരും ഗോൾഡൺ ബൂട്ടിനുള്ള മത്സരത്തിലുണ്ട്.

Tags:    
News Summary - Goal drought in Euro Cup; The football world is looking for a reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.