ആറാം സീസണിലും 20 തികച്ച് സലാഹ്; ആദ്യ നാലിലേക്ക് കൂടുതൽ അടുത്ത് ലിവർപൂൾ

വിർജിൽ വാൻ ഡൈകും മുഹമ്മദ് സലാഹും ഗോൾ കണ്ടെത്തിയ ആവേശപ്പോരിൽ വിലപ്പെട്ട മൂന്നു പോയിന്റും ആറാം സ്ഥാനവും പിടിച്ച് ലിവർപൂൾ. പട്ടികയിൽ 15ാമതുള്ള വുൾവ്സിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചാണ് ചെമ്പട ഒരു പദവി കൂടി കയറിയത്.

ആൻഫീൽഡ് മൈതാനത്ത് തുടക്കം മുതൽ ആക്രമണ ഫുട്ബാളുമായി കളംനിറഞ്ഞ ലിവർപൂളിന് ഇത്തവണയും നിരാശയോടെ മടക്കമാകുമെന്ന് തോന്നിച്ച് ഗോൾശ്രമങ്ങളിലേറെയും പാതിവഴിയിൽ മടങ്ങുന്നതായിരുന്നു തുടക്കത്തിലെ കാഴ്ച. ഡാർവിൻ നൂനസ് വല കുലുക്കി ആഘോഷം തുടങ്ങിയത് ‘വാറി’ലും കുരുങ്ങി. അതിനൊടുവിലായിരുന്നു തലവെച്ച് വല കുലുക്കി വാൻ ഡൈക് ആതിഥേയർ കാത്തിരുന്ന ആദ്യ ഗോൾ കണ്ടെത്തുന്നത്. നാലു മിനിറ്റിനിടെ അനായാസ ടച്ചിൽ സീസണിലെ 20ാം ഗോളുമായി സലാഹ് ലീഡ് ഇരട്ടിയാക്കി. തുടർച്ചയായ ആറാം സീസണിലും ടീമിനായി 20 തികച്ച സലാഹ് ക്ലബ് ചരിത്രത്തിൽ ഈ നേട്ടം പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമായി.

വിജയത്തോടെ ആറാം സ്ഥാനത്തേക്കു കയറിയ ലിവർപൂളിന് പ്രിമിയർ ലീഗ് പട്ടികയിൽ നാലാമതുള്ള ടോട്ടൻഹാമുമായി ആറു പോയിന്റാണ് അകലം. 15ാമതുള്ള വുൾവ്സ് തരംതാഴ്ത്തൽ ഭീഷണിക്ക് മൂന്ന് പോയിന്റ് മുകളിലും.

അവസാനം കളിച്ച ആറിൽ നാലിലും ഗോൾ കണ്ടെത്താൻ വിഷമിച്ച ചെമ്പടക്ക് കരുത്തുനൽകി നൂനസ് തിരിച്ചെത്തിയതായിരുന്നു ബുധനാഴ്ചത്തെ ഹൈലൈറ്റ്. താരം തന്നെ ആദ്യം വല കുലുക്കിയെങ്കിലും ‘വാർ’ വില്ലനായി. ​തൊട്ടുപിറകെ ട്രെന്റ് അലക്സാണ്ടർ ആർണൾഡ് എടുത്ത ഫ്രീകിക്കിലായിരുന്നു വാൻ ഡൈകിന്റെ ഗോൾ. വിങ്ങിലൂടെ അതിവേഗ ഓട്ടവുമായി എതിർ പ്രതിരോധത്തെ കടന്ന് സിമികാസ് നൽകിയ പാസിൽ സലാഹും ഗോൾ കണ്ടെത്തിയതോടെ വുൾവ്സ് ചിത്രത്തിനു പുറത്തായി.

ആക്രമണത്തിനൊപ്പം പ്രതിരോധവും മെച്ചപ്പെട്ടതായിരുന്നു ആൻഫീൽഡിൽ ക്ലോപിനെ സന്തോഷിപ്പിച്ചത്. പലപ്പോഴും അതിദയനീയമായി പാളിപ്പോകുന്ന പിൻനിരയുടെ നഷ്ടങ്ങളാണ് അടുത്തിടെ ടീമിന് പരാജയം സമ്മാനിച്ചിരുന്നത്. വാൻ ഡൈകിന്റെ നേതൃത്വത്തിൽ ഒട്ടും പതറാതെ പിടിച്ചുനിന്ന പ്രതിരോധം എതിരാളികൾക്ക് കാര്യമായി അവസരങ്ങൾ നൽകിയില്ല. ഇളമുറക്കാരനായ സ്റ്റെഫാൻ ബാജ്സെറ്റിക്, ഹാർവി എലിയട്ട് എന്നിവർ നിറഞ്ഞുനിന്നതും ശ്രദ്ധേയമായി. 

Tags:    
News Summary - Goals from Virgil van Dijk and Mohamed Salah earned Liverpool a hard-fought Premier League win against Wolverhampton Wanderers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.