കോഴിക്കോട്: ഐ ലീഗ് ഫുട്ബാൾ മത്സരത്തിൽ മൂന്നാം തവണ കപ്പിനിറങ്ങുന്ന ഗോകുലം കേരള എഫ്.സിക്ക് നംധാരി എഫ്.സിയുമായുള്ള മത്സരം നിർണായകം. നാലാം ജയം തേടിയാണ് ഗോകുലം ശനിയാഴ്ച പഞ്ചാബില്‍ നിന്നുള്ള നംധാരിയെ നേരിടുക. കോര്പറേഷന് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി. മോശം ഫോമിലുള്ള നംധാരി എഫ്.സിക്ക് ഇതുവരെ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. അവസാനം കളിച്ച രണ്ട് മാച്ചില്‍ ഒരു പോയന്റ് മാത്രമാണ് മലബാറിയന്സിന്റെ സമ്പാദ്യം.
ഷില്ലോങ് ലജോങ്ങിനോട് തോല്‍വിയും ഹോം ഗ്രൗണ്ടില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ സമനിലയും നേരിട്ട മുൻ ചാമ്പ്യന്മാര്ക്ക് ലീഗില്‍ മുന്നേറാന്‍ ഹോം ഗ്രൗണ്ടിലെ ജയം അനിവാര്യമാണ്. സ്പെയിനിൽനിന്നുള്ള ഡൊമിംഗോ ഒറാമസിന്റെ കീഴിൽ പരിശീലിക്കുന്ന ഗോകുലത്തിന്റെ തുറുപ്പുശീട്ട് സ്പെയിനില്‍ നിന്നുതന്നെയുള്ള സ്ട്രൈക്കർ അലക്സാൻഡ്രോ സാഞ്ചസ് ലോപസാണ്.
ഗോള്‍വേട്ടക്കാരില്‍ ഒന്നാമതുള്ള താരം ഇതുവരെ ഒമ്പതു ഗോളുകളാണ് നേടിയെടുത്തത്. നിലവില്‍ ആറു കളിയില്‍ മൂന്നു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമായി 11 പോയന്റുമായി ഗോകുലം അഞ്ചാം സ്ഥാനത്താണ്. ആറു കളിയില്‍ നാലു പോയന്റ് മാത്രമുള്ള നംധാരി 11ാമതാണ്. മലയാളി മിഡ്ഫീൽഡർ വി.എസ്. ശ്രീക്കുട്ടനാണ് ഗോകുലത്തിന്റെ വൈസ് ക്യാപ്റ്റൻ. 11 മലയാളി താരങ്ങളും അഞ്ചു വിദേശ താരങ്ങളും ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.