കോഴിക്കോട്: ഗോകുലം കേരള എഫ്.സിക്ക് തുടർച്ചയായ രണ്ട് ഐ ലീഗ് കിരീടങ്ങൾ സമ്മാനിച്ച പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അനീസെ ക്ലബ് വിടുന്നു. ഇന്ത്യയിൽതന്നെ തുടരാനാണ് താൽപര്യമെന്നും വരും സീസണിൽ ഐ.എസ്.എൽ ക്ലബിൽ കാണാമെന്നും ഇറ്റലിക്കാരൻ സൂചിപ്പിച്ചു. ഗോകുലത്തിനൊപ്പമുള്ള കാലം മനോഹരമായിരുന്നെന്നും പുതിയ വെല്ലുവിളി വേണമെന്നതുകൊണ്ട് മാത്രമാണ് ടീം വിടുന്നതെന്നും 37കാരൻ പറഞ്ഞു.
'ഗോകുലത്തിനൊപ്പമുള്ള രണ്ട് ഐ ലീഗ് കിരീടങ്ങളും അവിസ്മരണീയമായിരുന്നു. എന്നാൽ, ഇത്തവണത്തേതാണ് കൂടുതൽ സംതൃപ്തി പകരുന്നത്. കാരണം, കിരീടം നേടുന്നതിനെക്കാൾ പ്രയാസകരമാണ് അത് നിലനിർത്തുന്നത്' -അനീസെ പറഞ്ഞു. ഗോകുലം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് തനിക്ക് ലഭിച്ച പിന്തുണ അനീസെ എടുത്തുപറഞ്ഞു. മലയാളി താരം എമിൽ ബെന്നിയാണ് ഗോകുലത്തിൽ താൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ താരമെന്ന് അനീസെ അഭിപ്രായപ്പെട്ടു.
ടീമിന് ഏറെ നേട്ടങ്ങൾ സമ്മാനിച്ച അനീസെക്ക് ഗോകുലം മാനേജ്മെന്റ് നന്ദി അറിയിച്ചു. പുതിയ പരിശീലകനെ താമസിയാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.