കോഴിക്കോട്: ഐ ലീഗ് പാതിവഴിയിൽനിൽക്കെ നിലവിലെ ജേതാക്കളായ ഗോകുലം എഫ്.സി പരിശീലകനെ നീക്കി. കാമറൂണിന്റെ മുൻ ദേശീയതാരം റിച്ചാർഡ് തോവയുമായുള്ള കരാറാണ് ഗോകുലം അവസാനിപ്പിച്ചത്. ഐ ലീഗ് ടൂർണമെന്റിൽ നിലവിൽ നാലാം സ്ഥാനത്താണ് ഗോകുലം.
ഇക്കഴിഞ്ഞ ജൂലൈയിലാണ് 52കാരനായ തോവ ഗോകുലത്തിന്റെ കോച്ചായത്. ടീമിനെ ജേതാവാക്കിയ ഇറ്റലിക്കാരനായ കോച്ച് വിന്‍സെന്‍സോ അന്നീസിക്ക് പകരമായിരുന്നു തോവയുടെ നിയമനം.
ആക്രമണത്തിന് മുൻതൂക്കം നൽകിയ അന്നീസിയുടെ രീതിയിൽനിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലൂന്നിയ തോവയുടെ പരിശീലനമാണ് ടീമിനെ തുടക്കത്തിൽതന്നെ പിന്നിലാക്കിയത് എന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. ഒമ്പത് കളികളിൽനിന്ന് നാല് ജയവും മൂന്ന് സമനിലയും രണ്ട് ജയവുമായി 15 പോയന്റാണ് ഗോകുലത്തിന്.
ഒമ്പത് കളികളിൽനിന്ന് 19 പോയന്റുള്ള ശ്രീനിധി ഡക്കാനാണ് മുന്നിൽ. അസി. കോച്ച് മുംബൈക്കാരനായ ആന്റണിക്കാണ് പരിശീലനച്ചുമതല. യൂറോപ്പിൽനിന്ന് പ്രഗത്ഭനായ കോച്ചിനെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗോകുലം. ഇതിനായി സ്പെയിൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.