കോഴിക്കോട്: ഗോൾവല കിലുകിലുങ്ങനെ കുലുക്കി കേരള വനിത ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സിയുടെ പടയോട്ടം തുടരുന്നു. ഘാനക്കാരി വിവിയൻ കൊനാഡു അദ്ജെ ഒരിക്കൽകൂടി കളം നിറഞ്ഞപ്പോൾ ലൂക്ക സോക്കർ ക്ലബിനെ മറുപടിയില്ലാത്ത 11 ഗോളുകൾക്ക് തകർത്താണ് ഗോകുലം കുതിച്ചത്. ലൂക്കയുടെ വലയിൽ പതിച്ച 11 ഗോളുകളിൽ എട്ടെണ്ണവും പിറന്നത് കൊനാഡു അദ്ജെയുടെ കാലുകളിൽ നിന്നായിരുന്നു.
ആദ്യ വിസിൽ മുതൽ എതിർ ഗോൾമുഖത്ത് ഇരമ്പിക്കയറിയ ഗോകുലം എതിരാളികളെ നിഷ്പ്രഭമാക്കി. രണ്ടാം മിനിറ്റിൽ തന്നെ കൊനാഡു അദ്ജെ ഗോൾവല കുലുക്കി. പിന്നീട് 6, 22, 31, 33, 45+3, 46 മിനിറ്റുകളിലും ലൂക്കയുടെ ഗോൾവല ചലിപ്പിച്ച വിവിയൻ 60ാം മിനിറ്റിൽ കോച്ച് കളിക്കളത്തിൽനിന്ന് പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് 52ാം മിനിറ്റിലും ഗോൾ നേടിയാണ് മൈതാനത്തെ ത്രസിപ്പിച്ചത്. 33ാം മിനിറ്റിൽ മൈതാന മധ്യത്തുനിന്ന് ഒറ്റക്ക് പന്തുമായി കുതിച്ച് ലൂക്ക ഗോളി വർഷയെ കബളിപ്പിച്ച ഗോളായിരുന്നു ഏറ്റവും മനോഹരം. 32ാം മിനിറ്റിൽ അഭിരാമിയും 58ാം മിനിറ്റിൽ മാനസയും 61ാം മിനിറ്റിൽ സോണിയയും ഗോകുലത്തിനായി ഗോൾ നേടി. ആദ്യ പകുതിയിൽ ഏഴും രണ്ടാം പകുതിയിൽ നാലും ഗോളുകളാണ് ലൂക്കയുടെ വലയിൽ പതിച്ചത്. പ്ലയർ ഓഫ് ദി മാച്ചും വിവിയൻ കൊനാഡു അദ്ജെയാണ്. സന്തോഷ് ട്രോഫി കേരള മുൻ താരം സുബൈർ അദ്ജെയെ മെമന്റോ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.