കോഴിക്കോട്: രണ്ടാം മത്സരത്തിലും തോറ്റ ഗോകുലം കേരള എഫ്.സി സൂപ്പർ കപ്പ് സെമിഫൈനൽ കാണാതെ പുറത്തായി. കളിയുടെ അവസാന മിനിറ്റിൽ ഐകർ വല്ലേജോ നേടിയ ഏക ഗോളിലാണ് നിലവിലെ ചാമ്പ്യനായ ഗോവ എഫ്.സി ഗോകുലത്തിന് ‘ഗോ’ പറഞ്ഞത്. രണ്ടുവട്ടം ഗോവ വലയിൽ ഗോകുലം പന്തെത്തിച്ചെങ്കിലും ഗോൾ അനുവദിക്കപ്പെട്ടില്ല.
ആദ്യ കളിയിലെ തോൽവിയുടെ ആഘാതത്തിൽ നിന്നുണരാത്ത ഗോകുലം എ.ടി.കെ മോഹൻ ബഗാനെതിരായ മത്സരത്തെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. പതുങ്ങിനിൽക്കുകയും അവസരം കിട്ടുമ്പോൾ ആക്രമണമുയർത്തിയും നിറഞ്ഞുകളിച്ച ഗോവയുടെ പഴുതുകളിലൂടെ ആക്രമിച്ചുകയറി ഗോളാക്കാൻ ഗോകുലത്തിന്റെ മുനതേഞ്ഞ മുന്നേറ്റനിരക്ക് കഴിയാതെ പോയി. കിട്ടിയ സുവർണാവസരങ്ങൾ ലക്ഷ്യബോധമില്ലാത്ത മുൻനിര പാഴാക്കുകയും ചെയ്തു.
ആദ്യ 11ൽ സ്ഥിരമായി ഇറങ്ങുന്ന സെർജിയോ മെൻഡഗൂചിയെ ബെഞ്ചിലിരുത്തി ഘാനക്കാരൻ സാമുവൽ മെൻസായെ ആക്രമണ ചുമതല ഏൽപിച്ച കോച്ച് ഫ്രാൻസിസ് ബോണറ്റിന്റെ തന്ത്രങ്ങൾ പാളി. ആറു മലയാളി താരങ്ങൾ നിരന്ന ഗോകുലത്തിന് പലപ്പോഴും ഏകോപിച്ചൊരു മുന്നേറ്റത്തിനുപോലും കഴിഞ്ഞില്ല.
ആദ്യ മിനിറ്റിൽതന്നെ ഗോവയുടെ മുന്നേറ്റമാണ് കണ്ടത്. ഒമ്പതാം മിനിറ്റിൽ ഗോവക്കു കിട്ടിയ കോർണർ ഗോളാകേണ്ടതായിരുന്നു. മകാൻ വിങ്കിൾ ചോതേ എടുത്ത കിക്ക് കണക്ട് ചെയ്ത അൻവറലി പുറത്തേക്ക് അടിച്ചുകളഞ്ഞു.
18ാം മിനിറ്റിൽ മധ്യഭാഗത്തുനിന്ന് ഒറ്റക്കു മുന്നേറിയ ഫർഷാദ് നൂർ പന്ത് ഗോവ വലയിലാക്കിയെങ്കിലും ഓഫ്സൈഡായി.
28ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് ശ്രീക്കുട്ടൻ സൃഷ്ടിച്ച മികച്ച അവസരം ഗോകുലം പാഴാക്കി. രണ്ടു ഡിഫൻഡർമാരെ കബളിപ്പിച്ച് ഗോളിക്കു മുന്നിലൂടെ ശ്രീക്കുട്ടൻ നൽകിയ ക്രോസിനൊപ്പമെത്താൻ ഗോകുലം ഫോർവേഡ് സൗരവിനായില്ല.
23ാം മിനിറ്റിൽ ഗോവ മുഖത്ത് ഇരച്ചുകയറിയ ഗോകുലം തുടരത്തുടരെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. 43ാം മിനിറ്റിൽ സൗരവിന്റെ മുന്നേറ്റം തടയാൻ ജഴ്സിയിൽ പിടിച്ചുവലിച്ച ഗോവൻ താരം സാവിയർ ഗോമസിന് മഞ്ഞക്കാർഡ് കിട്ടി. അതിനിടയിൽ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഗോകുലത്തിന്റെ ശ്രീക്കുട്ടനും കിട്ടി മഞ്ഞക്കാർഡ്.
രണ്ടാം പകുതി തുടങ്ങിയത് ഗോവയുടെ മുന്നേറ്റത്തോടെയായിരുന്നു. 49ാം മിനിറ്റിൽ മകാൻ ചോതേയുടെ ഷോട്ട് ഗോകുലം ഗോളി ഷിബിൻരാജ് സാഹസപ്പെട്ട് തടഞ്ഞു. ഗോൾവര കടന്നുവെന്നുപോലും തോന്നിപ്പിച്ച ഷോട്ടായിരുന്നു ചോതേയുടേത്.
51ാം മിനിറ്റിൽ സുവർണാവസരം ഗോകുലം കളഞ്ഞുകുളിച്ചു. ഗോളിയും ഡിഫൻഡർമാരും സ്ഥാനം തെറ്റിനിൽക്കെ സൗരവ് നൽകിയ ക്രോസിൽ ഘാന താരം സാമുവൽ മെൻസ ഒന്നു തൊട്ടുകൊടുത്തിരുന്നെങ്കിൽ ഗോളായേനെ. പക്ഷേ, വലതു പോസ്റ്റിന്റെ മൂലയിലുരഞ്ഞ് പന്ത് പുറത്തേക്കുപോയി.
55ാം മിനിറ്റിൽ ശ്രീക്കുട്ടൻ ഗോവ പോസ്റ്റിന്റെ വലതുമൂലയിൽനിന്ന് ഒറ്റക്കു നടത്തിയ മുന്നേറ്റത്തെ തടഞ്ഞത് ലൈൻ അമ്പയറായിരുന്നു. തടയാൻ ശ്രമിച്ച ഡിഫൻഡർ അൻവർ അലിയെ മറികടക്കുന്നതിനിടയിൽ വീണതുകണ്ട ലൈൻ റഫറി ഫൗൾ വിളിച്ചതറിയാതെ പന്ത് ശ്രീക്കുട്ടൻ വലയിലാക്കി ആഘോഷത്തിലേക്ക് കുതിക്കുകയും ചെയ്തിരുന്നു. ടെലിവിഷൻ സ്ക്രീനിൽ ഗോകുലത്തിന്റെ പേരിൽ ഗോൾ കുറിക്കുകവരെ ചെയ്തതാണ്. ഒടുവിൽ ആഘോഷം നനഞ്ഞ പടക്കമായി.
90ാം മിനിറ്റിൽ ഐകർ വല്ലേജോ ഗോകുലത്തെ ഞെട്ടിച്ച് ഗോൾവല കുലുക്കി. ഡിഫൻഡർ അബ്ദുൽ ഹക്കുവിന്റെ പിഴവിൽനിന്നാണ് ഗോവയുടെ ഗോൾ പിറന്നത്. ഗോൾ ഏരിയക്ക് പുറത്തേക്ക് ക്ലിയർ ചെയ്യുന്നതിൽ പിഴച്ചപ്പോൾ പന്ത് വരുതിയിലാക്കിയ നോവ സദൗയി തൊടുത്ത ഷോട്ട് ഗോളി ഷിബിൻരാജ് തടുത്തിട്ടത് റീബൗണ്ട് ചെയ്ത് വന്നത് ഐക്കർ വല്ലേജോയുടെ മുന്നിലേക്കായിരുന്നു. വല്ലേജോ അനായാസം പന്ത് വലയിലാക്കി. ഗോകുലത്തിന് പുറത്തേക്കുള്ള വഴിയും തെളിഞ്ഞു.
കളംനിറഞ്ഞുകളിച്ച ഗോവയുടെ നോവ സദൗയിയാണ് കളിയിലെ കേമൻ. 18ന് ജാംഷഡ്പുരിനെതിരെയാണ് ഗോകുലത്തിന്റെ അവസാന കളി. ഈ മത്സരം ജയിച്ചാലും സെമി ഫൈനൽ കാണില്ലെന്നുറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.