റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തോൽപിച്ച് ഐ ലീഗിൽ 18ാമത് അപരാജിത മത്സരം പൂർത്തിയാക്കിയ ഗോകുലം കേരള എഫ്.സി താരങ്ങളുടെ ആഹ്ലാദം

ജൈത്രയാത്ര തുടര്‍ന്ന് ഗോകുലം

കൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൽ തകർപ്പൻ ഫോമിൽ പന്തുതട്ടുന്ന ഗോകുലം കേരള എഫ്.സിക്ക് റെക്കോഡ് നേട്ടം. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 2-0ത്തിന് തോൽപിച്ച ഗോകുലം പരാജയമറിയാതെ തുടർച്ചയായ 18 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്. ഇതോടെ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ പേരിലുള്ള റെക്കോഡാണ് പഴങ്കഥയായത്.

ആദ്യ പകുതിയിൽ ജോർഡൻ ഫ്ലെച്ചറും (16) ഇടവേളക്കുശേഷം വി.എസ്. ശ്രീക്കുട്ടനും (83) ആണ് ഗോകുലത്തിന്റെ ഗോളുകൾ നേടിയത്. എം.എസ്. ജിതിന്റെ അസിസ്റ്റിൽനിന്നായിരുന്നു ഫ്ലെച്ചറുടെ ഗോൾ. പകരക്കാരുടെ ഗോളായിരുന്നു രണ്ടാമത്തേത്. റിഷാദിന്റെ പാസിൽ ശ്രീക്കുട്ടന്റെ ഫിനിഷിങ്.

തുടർച്ചയായ വിജയങ്ങളുമായി ഗോകുലം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള മുഹമ്മദൻ സ്പോർട്ടിങ്ങിനെക്കാൾ ഏഴു പോയന്റ് ലീഡുണ്ട് ഗോകുലത്തിന്. കേരള ടീമിന് 13 മത്സരങ്ങളിൽ 33ഉം മുഹമ്മദൻസിന് 12 കളികളിൽ 26ഉം പോയന്റാണുള്ളത്. 30ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

വിജയത്തുടർച്ചയിൽ വനിതകൾ; 9-0ത്തിന് ഹന്‍സ് ഫുട്‌ബാള്‍ ക്ലബിനെ തകർത്തു

ഭുവനേശ്വര്‍: വനിത ലീഗില്‍ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്.സിയുടെ കുതിപ്പ്. എതിരില്ലാത്ത ഒമ്പത് ഗോളിന് ഹന്‍സ് ഫുട്‌ബാള്‍ ക്ലബിനെയാണ് ഗോകുലം തകര്‍ത്തത്. 40ാം സെക്കന്‍ഡില്‍ ഗോള്‍ നേടി സീസണിലെ ഏറ്റവും വേഗം കൂടിയ ഗോളോടെയായിരുന്നു ഗോകുലം മത്സരം തുടങ്ങിയത്.

ഗ്രെയ്‌സായിരുന്നു സീസണിലെ വേഗം കൂടിയ ഗോള്‍ സ്വന്തമാക്കിയത്. പിന്നീടങ്ങോട്ട് ഗോകുലത്തിന്റെ ആറാട്ടായിരുന്നു. മനീഷ കല്യാണും എൽഷദ്ദായിയും രണ്ടു ഗോളുകൾ വീതം നേടി. 28ന് പിഫ സ്‌പോട്‌സ് ക്ലബിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Tags:    
News Summary - Gokulam Kerala wons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.