മഞ്ചേരി: സ്വന്തം മൈതാനത്തെ ‘പോരിശ’ തുടരാൻ ഗോകുലം കേരള എഫ്.സി മണിപ്പൂർ ടീം ട്രാവു എഫ്.സിക്കെതിരെ പോരിനിറങ്ങുന്നു. ഞായറാഴ്ച വൈകുന്നേരം 4.30ന് പയ്യനാട് സ്റ്റേഡിയത്തിലെ അവസാന മത്സരത്തിനിറങ്ങുമ്പോൾ മികച്ച വിജയത്തിൽ കുറഞ്ഞതൊന്നും മലബാറിയൻസിന്റെ മനക്കോട്ടയിലില്ല. കഴിഞ്ഞ കളികളിൽ പരിധിവിട്ട് മഞ്ഞക്കാർഡ് പോക്കറ്റിലിട്ട ക്യാപ്റ്റൻ അമിനോ ബൗബ ട്രാവു എഫ്.സിക്കെതിരെ കളിക്കില്ല.
ഗോകുലത്തിന്റെ പുതിയ പരിശീലകൻ ഫ്രാൻസെക് ബോണറ്റ് കഴിഞ്ഞ കളികളിൽനിന്ന് വ്യത്യസ്തമായ പരീക്ഷണങ്ങൾ നടപ്പാക്കുമെന്നാണ് സൂചന.
മുന്നേറ്റ നിരയുടെ ചുക്കാൻ പിടിക്കാൻ കഴിഞ്ഞ കളിയിലെ താരമായ സെർജിയോ മെൻഡിയെ തന്നെയാവും ഏൽപ്പിക്കുക. പി.എൻ. നൗഫൽ, ശ്രീകുട്ടൻ എന്നിവരെയും മുന്നേറ്റ പദ്ധതികളിൽ സജീവമാക്കും. കഴിഞ്ഞ കളിയിലെ വിജയം ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും അടുത്ത മത്സരത്തിലും വിജയം തുടർന്ന് മുന്നേറുകയാണ് ലക്ഷ്യമെന്നും ഫ്രാൻസെക് ബോണറ്റ് പറഞ്ഞു.
ടീം അടുത്ത മത്സരങ്ങളിൽ കൂടുതൽ ഒത്തിണക്കത്തോടെ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യനാട് സ്റ്റേഡിയത്തിൽ ഇതുവരെ തോൽവിയറിയാതെയാണ് ആതിഥേയരുടെ മുന്നേറ്റം. കഴിഞ്ഞ കളിയിൽ ചർച്ചിൽ ബ്രദേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് പൂട്ടിയാണ് ഗോകുലം ടൂർണമെന്റിലെ 11-ാം മത്സരത്തിന് കച്ചകെട്ടുന്നത്. പയ്യനാട് ഇതുവരെ നടന്ന അഞ്ച് മത്സരത്തിൽ നാല് വിജയവും ഒരു സമനിലയുമാണ് കേരള ടീമിന്റെ സമ്പാദ്യം.
നവംബർ 12ന് ഉദ്ഘാടന മത്സരത്തിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിനെയും പിന്നീട് സുദേവ ഡൽഹി എഫ്.സി, രാജസ്ഥാൻ എഫ്.സി എന്നിവർക്കെതിരെയും ഗോകുലം മിന്നും വിജയം നേടിയിരുന്നു. സ്വന്തം തട്ടകത്തിൽ നെരോക എഫ്.സിയോട് മാത്രമാണ് സമനില വഴങ്ങിയത്.
സീസണിന്റെ തുടക്കത്തിൽ തുടർച്ചയായി രണ്ട് കളികൾ വിജയിച്ചതിന് ശേഷം കുറച്ച് പിന്നോട്ട് പോയെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ പഴയ ഊർജം വീണ്ടെടുത്ത് ഇക്കുറിയും ചാമ്പ്യന്മാരാകുമെന്ന സന്ദേശമാണ് ഗോകുലം നൽകുന്നത്. നിലവിൽ 10 കളികളിൽനിന്ന് അഞ്ച് വിജയവും മൂന്ന് സമനിലയുമായി 18 പോയന്റോടെ നാലാം സ്ഥാനത്താണ് ഗോകുലം. 10 കളികളിൽനിന്ന് 16 പോയന്റുമായി ട്രാവു എഫ്.സി ഗോകുലത്തിന് തൊട്ടു പിറകെയുണ്ട്.
കഴിഞ്ഞ മത്സരത്തിൽ സുദേവ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ട്രാവു എഫ്.സിയുടെ വരവ്. അവസാനം കളിച്ച അഞ്ച് കളികളിൽ നാലെണ്ണത്തിലും വിജയിച്ച ടീമാണ് ട്രാവു.
എന്നാലും ഇതുവരെയുള്ള പ്രകടനം നോക്കിയാൽ ഗോകുലത്തിന് തന്നെയാണ് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.