കോഴിക്കോട്: ജാംഷഡ്പുർ എഫ്.സി സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ കടക്കുന്ന മൂന്നാമത്തെ ടീമായി. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഗോകുലം കേരള എഫ്.സിയെ 3-2ന് തോൽപിച്ചാണ് സെമി പ്രവേശനം. ഏപ്രിൽ 21ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ബംഗളൂരു എഫ്.സിയാണ് ജാംഷഡ്പുരിന്റെ എതിരാളികൾ. മൂന്നിൽ മൂന്നു മത്സരങ്ങളും തോറ്റ ഗോകുലം ഗ്രൂപ് ‘സി’യിൽ നാലാമത്തെയും അവസാനത്തെയും സ്ഥാനത്ത് തുടർന്നപ്പോൾ എല്ലാ കളികളും ജയിച്ച് ഒമ്പതു പോയന്റോടെ ഒന്നാമന്മാരായി ജാംഷഡ്പുർ.
തോറ്റാലും സെമി ഉറപ്പായ ജാംഷഡ്പുർ മന്ദഗതിയിലാണ് കളിച്ചുതുടങ്ങിയത്. 33ാം മിനിറ്റിൽ അവരുടെ ആലസ്യത്തിനുമേൽ ഗോകുലം ആദ്യ ഗോൾ കുറിച്ചു ഞെട്ടിച്ചു. ഫോർവേഡ് സാമുവൽ മെൻസയായിരുന്നു ആദ്യ ഗോളിന്റെ ഉടമ. മധ്യനിരയിൽനിന്ന് സൗരവ് പന്ത് കാലിൽ കൊരുത്ത് ജാംഷഡ്പുർ ഗോൾമുഖം ലക്ഷ്യമാക്കി നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഫോർവേഡ് സാമുവൽ മെൻസക്ക് പന്ത് പാസ് ചെയ്യുന്നു. പ്രതിരോധ നിരയെയും ഗോൾ കീപ്പർ വിശാൽ യാദവിനെയും വെട്ടിച്ച് കൃത്യതയോടെ സാമുവൽ പന്ത് വലയിലാക്കി. 37ാം മിനിറ്റിൽ സാമുവലിന്റെ മറ്റൊരു മുന്നേറ്റം കൂടി ഗോളാവേണ്ടതായിരുന്നു. പക്ഷേ, ഗോളി വിശാലിന്റെ കൈയിലൊതുങ്ങി. ഒരു ഗോൾ വീണ നടുക്കത്തിൽ പിടഞ്ഞുണർന്ന ജാംഷഡ്പുർ 40ാം മിനിറ്റിൽ ഗോൾ മടക്കി. ഗെർമൻപ്രീത് സിങ് ഗോകുലം പ്രതിരോധത്തിനിടയിലൂടെ നൽകിയ പാസ് ഹാരിസൺ ഹിക്കി സായർ ഗോളി ഷബിൻരാജിനെ നിസ്സഹായനാക്കി വലയിലാക്കുകയായിരുന്നു.
ആദ്യ പകുതിയിലെ തുല്യനിലയിൽനിന്നും രണ്ടാം പകുതിക്കിറങ്ങിയ ജാംഷഡ്പുരിന്റെ കളിതന്നെ അടിമുടി മാറി. അതോടെ ഗോകുലം പ്രതിരോധത്തിന് പിടിപ്പത് പണിയുമായി. 59ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയിലൂടെ ജാംഷഡ്പുർ ലീഡ് നേടി. ഫാറൂഖ് തന്നെയെടുത്ത കോർണറിൽ നിന്നായിരുന്നു ഗോളിന്റെ വരവ്. ഫാറൂഖിന്റെ കിക്ക് ഗോൾമുഖവും കടന്ന് വലത്തേ മൂലയിൽ നിന്ന ഹാരിസൺ സോയറുടെ കാലിലാണ് എത്തിയത്. ഹാരിസൺ ബോക്സിലേക്ക് തിരിച്ചുവിട്ട ക്രോസ് കൂട്ടപ്പൊരിച്ചിലിനിടയിൽ ഫാറൂഖ് വലയിലാക്കി. തൊട്ടുടൻ 62ാം മിനിറ്റിൽ ഗോകുലം ഒപ്പമെത്തി. വലതുവിങ്ങിലൂടെ മലയാളി താരങ്ങളായ ശ്രീക്കുട്ടനും വികാസും ചേർന്നു നടത്തിയ നീക്കത്തിൽ നിന്നായിരുന്നു ഗോൾ വീണത്. ജാംഷഡ്പുർ പ്രതിരോധ നിരയെ കബളിപ്പിച്ച് വലതു മൂലയിലൂടെ ഗോൾമുഖം ലക്ഷ്യമാക്കി പാഞ്ഞ ശ്രീക്കുട്ടൻ ഓടിക്കയറിയ വികാസിന് പാസ് ചെയ്തു. അതിനിടയിലൂടെ സാമുവൽ മെൻസ പായിച്ച ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിയെങ്കിലും വലയിൽ തന്നെ പതിച്ചു.
69ാം മിനിറ്റിൽ ഗോകുലം പ്രതിരോധത്തിന്റെ ദൗർബല്യം മുഴുവനും വെളിപ്പെടുത്തി ഇഷാൻ പണ്ഡിത ജാംഷഡ്പുരിന്റെ വിജയ ഗോൾ കുറിച്ചു. മലയാളി താരം മുഹമ്മദ് ഉവൈസിന്റെ ത്രോ സ്വീകരിച്ച റിത്വിക് കുമാർ നൽകിയ ക്രോസ് അനായാസം ഇഷാൻ ഗോളാക്കി. അവസാന നിമിഷത്തിൽ കിട്ടിയ മികച്ച അവസരം ഗോകുലം പാഴാക്കുകയും ചെയ്തു. അഫ്ഗാൻ താരം ഫർഷാദ് നൂർ നൽകിയ കൃത്യമായ ക്രോസ് മലയാളി താരം അബ്ദുൽ ഹക്കു ഹെഡ് ചെയ്തത് ഗോൾ പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.