യുവേഫ വനിത ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഫുട്‌ബാൾ താരമായി യുവ സ്‌ട്രൈക്കർ മനീഷ കല്യാൺ. സൈപ്രസിലെ എൻഗോമിയിൽ നടന്ന യൂറോപ്യൻ ക്ലബ് ഫുട്ബാൾ ടൂർണമെന്റിൽ അപ്പോളോൺ ലേഡീസ് എഫ്.സിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചാണ് അതുല്യ നേട്ടം സ്വന്തമാക്കിയത്.
വ്യാഴാഴ്ച നടന്ന യു.ഡബ്ല്യു.സി.എൽ ഉദ്ഘാടന മത്സരത്തിൽ ലാത്‍വിയൻ ക്ലബ് എസ്.എഫ്.കെ റിഗക്കെതിരെ 60ാം മിനിറ്റിലാണ് താരം കളത്തിലെത്തിയത്. മത്സരത്തിൽ 3-0ത്തിന് അപ്പോളോൺ ലേഡീസ് എഫ്.സി വിജയിച്ചിരുന്നു. സൈപ്രിയറ്റ് ടോപ് ഡിവിഷൻ ജേതാക്കളായ അപ്പോളോൺ ലേഡീസുമായി ഒന്നിലധികം വർഷത്തെ കരാറിൽ ഒപ്പുവെച്ചപ്പോൾ, ഒരു വിദേശ ക്ലബിലേക്ക് സൈൻ ചെയ്യുന്ന നാലാമത്തെ ഇന്ത്യൻ വനിത ഫുട്ബാൾ താരമായി 20കാരി മാറിയിരുന്നു. ഇന്ത്യൻ വനിത ലീഗിൽ (ഐ.ഡബ്ല്യു.എൽ) ദേശീയ ടീമിനും ഗോകുലം കേരളക്കും വേണ്ടി മനീഷ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 2021-22 സീസണിലെ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ വുമൺ ഫുട്‌ബാളർ ഓഫ് ദ ഇയർ അവാർഡ് താരത്തെ തേടിയെത്തിയിരുന്നു.
കഴിഞ്ഞ വർഷം ലോകകപ്പ് മുൻ റണ്ണേഴ്‌സ് അപ്പായ ബ്രസീലിനെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഗോൾ നേടിയതോടെ മനീഷ ഏറെ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.