ഭുവനേശ്വർ: ഐ.എസ്.എല്ലിൽ വെള്ളിയാഴ്ച ഒഡിഷക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിക്കുമെന്ന് പരിശീലകൻ ഇവാൻ വുകൊമനോവിച്ച്. മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിൽ ലൂണ കളിക്കാൻ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലൂണ തങ്ങൾക്കൊപ്പം ഒഡിഷയിൽ വന്നിട്ടുണ്ടെന്നും തീർച്ചയായും നാളെ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ ഭാഗമായിരിക്കുമെന്നും ഇവാൻ പറഞ്ഞു.
എന്നാൽ, ആറു മാസത്തോളം പുറത്തിരുന്നാണ് താരം വരുന്നതെന്നും 90 മിനിറ്റ് കളിക്കുക അസാധ്യമാണെന്നും കരുതലോടെ മാത്രമേ കളിപ്പിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ടകാലത്തെ ഇടവേളയും ഒപ്പം അന്തരീക്ഷ താപനിലയും ലൂണക്ക് വലിയ വെല്ലുവിളിയാകും. താരം രണ്ടാഴ്ചയായി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. നീണ്ട കാലത്തിനുശേഷം ലൂണയെ ആരാധകർക്ക് കളത്തിൽ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ടീമിലെ മറ്റൊരു പ്രധാന താരം ദിമിത്രിയോസ് ദയമാന്റകോസ് നാളെ കളിക്കുന്ന കാര്യം 100 ശതമാനം ഉറപ്പില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് 7.30നാണ് ബ്ലാസ്റ്റേഴ്സ്-ഒഡിഷ എഫ്.സി മത്സരം. പ്രാഥമിക റൗണ്ടിൽ 39 പോയന്റുമായി ഒഡിഷ നാലാം സ്ഥാനത്തും 33 പോയന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.