ന്യൂയോർക്ക്: പ്രീ സീസൺ സൗഹൃദ മത്സരത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാൻ. ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സിറ്റിയുടെ തോൽവി. ലോസ് ആഞ്ചലസിൽ പ്രീമിയർ ലീഗ് വമ്പന്മാർ നേർക്കുനേർ ഏറ്റുമുട്ടിയ മറ്റൊരു മത്സരത്തിൽ ആഴ്സണൽ 2-1ന് മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരാജയപ്പെടുത്തി.
അര ലക്ഷത്തോളം കാണികൾ തിങ്ങിനിറഞ്ഞ ന്യൂയോർക്കിലെ യാങ്കി സ്റ്റേഡിയത്തിൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡിലൂടെ 19ാം മിനിറ്റിൽ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. ഓസ്കാർ ബോബാണ് ഗോളിന് വഴിയൊരുക്കിയത്. 30ാം മിനിറ്റിൽ ലോറൻസോ കൊളംബോയിലൂടെ മിലാൻ ഒപ്പമെത്തി. നാലു മിനിറ്റിനുള്ളിൽ ലോറൻസോ വീണ്ടും സിറ്റി വലയിൽ പന്തെത്തിച്ച് ഞെട്ടിച്ചു. നൈജീരിയൻ വിങ്ങർ സാമുവൽ ചുക്വ്യൂസാണ് രണ്ടു ഗോളിനും വഴിയൊരുക്കിയത്. രണ്ടാം പകുതിയുടെ 55ാം മിനിറ്റിൽ ജെയിംസ് മക്കാറ്റിയിലൂടെ സിറ്റി സമനില പിടിച്ചു. 78ാം മിനിറ്റിൽ പകരക്കാരൻ മാർകോ നാസ്റ്റിയാണ് മിലാനായി വിജയഗോൾ നേടിയത്.
പരിക്കിൽനിന്ന് മോചിതനായി സിറ്റിക്കായി ആദ്യമായി കളത്തിലിറങ്ങിയ എഡേഴ്സൺ മത്സരത്തിൽ തകർപ്പൻ സേവുകളുമായി കളംനിറഞ്ഞു. ഈമാസം 30ന് നടക്കുന്ന മൂന്നാം സൗഹൃദ മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ ബഴ്സലോണയാണ് സിറ്റിയുടെ എതിരാളികൾ. ഫ്ലോറിഡയിലെ ഒർലാൻഡോയിലാണ് മത്സരം. ഓപ്പണിങ് സൗഹൃദ മത്സരത്തിൽ ലീഡെടുത്തിട്ടും ലീഗിലെ ചിരവൈരികളായ ആഴ്സണലിനു മുന്നിൽ തോൽക്കാനായിരുന്നു യുനൈറ്റഡിന്‍റെ വിധി. സ്ട്രൈക്കർ റാസ്മസ് ഹോയ്‍ലൻഡിനും പുതുതായി ക്ലബിലെത്തിയ ഫ്രഞ്ച് പ്രതിരോധ താരം ലെനി യോറോക്കും ആദ്യ പകുതിയിൽ പരിക്കേറ്റത് യുനൈറ്റഡിന് തിരിച്ചടിയായി.
മത്സരത്തിൽ 10ാം മിനിറ്റിൽ തന്നെ റാസ്മസ് ഹോയ്‍ലൻഡിലൂടെ യുനൈറ്റഡ് ലീഡെടുത്തു. മാർക്കസ് റാഷ്ഫോഡാണ് ഗോളിന് വഴിയൊരുക്കിയത്. 26ാം മിനിറ്റിൽ ബ്രസീൽ താരം ഗബ്രിയേൽ ജീസസിലൂടെ ഗണ്ണേഴ്സ് ഒപ്പമെത്തി. 81ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്സണലിന്‍റെ വിജയഗോൾ നേടിയത്. 16ാം മിനിറ്റിൽ പേശിവലിവിനെ തുടർന്ന് ഹോയ്‍ലൻഡും 35ാം മിനിറ്റിൽ പരിക്കേറ്റ് യോറോയും കളംവിട്ടു. 18കാരനായ യോറോ 10 ദിവസം മുമ്പ് മാത്രമാണ് ടീമിനൊപ്പം ചേർന്നത്.
കഴിഞ്ഞ സീസണിലും പ്രമുഖ താരങ്ങളുടെ പരിക്കാണ് എറിക് ടെൻ ഹാഗിനെ വലച്ചിരുന്നത്. സീസണിൽ ക്ലബിന്‍റെ ആദ്യ മത്സരത്തിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെയാണ് രണ്ടു പ്രമുഖ താരങ്ങൾക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.