തകർപ്പൻ ജയത്തോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഇടമുറപ്പിച്ച് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. പ്രീ-ക്വാർട്ടറിലെ രണ്ടാംപാദ മത്സരത്തിൽ ഡാനിഷ് ക്ലബ് കോപൻ ഹേഗനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്തുവിട്ടാണ് സിറ്റി അവസാന എട്ടിലേക്ക് മുന്നേറിയത്. ആദ്യപാദ മത്സരത്തിലും സിറ്റി 3-1ന് ജയിച്ചിരുന്നു.
മത്സരത്തിൽ 69 ശതമാനവും പന്ത് നിയന്ത്രണത്തിലാക്കിയ സിറ്റിക്കായി അർജന്റീനക്കാരൻ ഹൂലിയൻ അൽവാരസ് ഗോളും അസിസ്റ്റുമായി തിളങ്ങിയപ്പോൾ സൂപ്പർ താരം എർലിങ് ഹാലണ്ട് ഗോളടി തുടർന്നു. മാനുവൽ അകാൻജിയുടെ വകയായിരുന്നു ശേഷിച്ച ഗോൾ.
അഞ്ചാം മിനിറ്റിൽ തന്നെ എതിർവല കുലുക്കി സിറ്റി ലക്ഷ്യം വ്യക്തമാക്കി. ഹൂലിയൻ അൽവാരസ് എടുത്ത കോർണർ കിക്ക് മാനുവൽ അകാൻജി പോസ്റ്റിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ആദ്യഗോളിന്റെ ചൂടാറുംമുമ്പ് രണ്ടാം ഗോളുമെത്തി. ഇത്തവണ എതിർ ഗോൾകീപ്പർ ഗ്രബാറയുടെ പിഴവാണ് സിറ്റിക്ക് തുണയായത്. അൽവാരസ് എടുത്ത കോർണർ കിക്കിന് റോഡ്രി തലവെച്ചെങ്കിലും ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. പന്ത് ലഭിച്ച അൽവാരസ് ഷോട്ടുതിർത്തപ്പോൾ ഗോൾകീപ്പർക്ക് കൈയിലൊതുക്കാമായിരുന്നെങ്കിലും വഴുതി വലയിൽ പതിച്ചു.
29ാം മിനിറ്റിൽ കോപൻഹേഗൻ ഒരുഗോൾ തിരിച്ചടിച്ചു. മുഹമ്മദ് എൽ യൂനുസിയായിരുന്നു സ്കോറർ. ഇടതുവിങ്ങിലൂടെ മുന്നേറിയ താരം ഇടക്ക് പന്ത് ഒസ്കാർസന് കൈമാറിയെങ്കിലും തിരിച്ചുകിട്ടിയ പന്ത് കിടിലൻ ഷോട്ടിലൂടെ സിറ്റി ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സിറ്റി ഹാലണ്ടിലൂടെ പട്ടിക തികച്ചു. പെഡ്രി നീട്ടിയടിച്ച പന്ത് ബോക്സിന് മുന്നിൽനിന്ന് കാലിലൊതുക്കിയ ഹാലണ്ട് തടയാനെത്തിയ മൂന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ചാണ് ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ ഹാരികെയ്നിനും കിലിയൻ എംബാപ്പെക്കുമൊപ്പം ആറ് ഗോളുമായി ടോപ് സ്കോറർ പട്ടികയിലും നോർവേക്കാരൻ ഇടമുറപ്പിച്ചു. 65ാം മിനിറ്റിൽ കോപൻഹേഗൻ ഒരു ഗോൾകൂടി തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും സിറ്റി ഗോൾകീപ്പർ എഡേഴ്സൺ മനോഹരമായി തടഞ്ഞിട്ടു. ഇഞ്ചുറി ടൈമിൽ ലൂയിസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ലീഡ് വർധിപ്പിക്കാനുള്ള അവസരം സിറ്റിക്ക് നഷ്ടമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.