പിതാവിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ നേട്ടം മറികടന്ന് ഹാലണ്ട്; കരിയറിലെ സവിശേഷ മുഹൂർത്തമെന്ന് താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപൂർവ നിമിഷത്തിനാണ് ഇന്നലെ നടന്ന മാഞ്ചസ്റ്റർ സിറ്റി-ലീഡ്സ് യുനൈറ്റഡ് മത്സരം സാക്ഷിയായത്. ലീഗിൽ ഗോൾവേട്ട തുടരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട് ലീഡ്സ് യുനൈറ്റഡിനെതിരായ മത്സരത്തിൽ ഇരട്ട ഗോളടിച്ചതോടെ പിതാവിന്റെ ഗോൾനേട്ടവും മറികടന്നു. അതും പിതാവിനെ ഗാലറിയിൽ സാക്ഷിയാക്കി അദ്ദേഹം ജഴ്സിയണിഞ്ഞ ടീമിനെതിരെ.

റൈറ്റ് ബാക്കായും മിഡ്ഫീൽഡറായും തിളങ്ങിയ ആൽഫി ഹാലണ്ട് പ്രീമിയർ ലീഗിൽ 187 മത്സരങ്ങളിൽ 18 ഗോളുകളാണ് നേടിയിരുന്നത്. എന്നാൽ, മകൻ എർലിങ് ഹാലണ്ടിന് ഇത് മറികടക്കാൻ 14 മത്സരങ്ങളേ വേണ്ടി വന്നുള്ളൂ. പിതാവിനെ സാക്ഷിയാക്കിയുള്ള ഈ നേട്ടം തന്റെ കരിയറിലെ സവിശേഷ മുഹൂർത്തമാണെന്നാണ് 22കാരൻ വിശേഷിപ്പിച്ചത്. ഇതിൽ ഏറെ സന്തോഷവാനാണെന്നും താരം പറഞ്ഞു. 1993 മുതൽ 1997 വരെ പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി കളത്തിലിറങ്ങിയ ആൽഫി, 1997-2000 കാലഘട്ടത്തിലാണ് ലീഡ്സിന്റെ ജഴ്സിയണിഞ്ഞത്. 2000 മുതൽ 2003 വരെ മാഞ്ചസ്റ്റർ സിറ്റിക്കായും കളത്തിലിറങ്ങി. നോർവേക്കായി 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

51, 61 മിനിറ്റുകളിൽ ഗോൾ നേടിയ എർലിങ് ഹാലണ്ടിന്റെ മികവിൽ സിറ്റി 3-1നാണ് ലീഡ്സ് യുനൈറ്റഡിനെതിരെ ജയിച്ചു കയറിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ റോഡ്രിയാണ് സിറ്റിയുടെ അക്കൗണ്ട് തുറന്നത്. സീസണിലെ നാലാം ഹാട്രിക്കിനുള്ള സുവർണാവസരം ഹാലണ്ടിന് ലഭിച്ചെങ്കിലും മെസ്‍ലിയർ തട്ടിത്തെറിപ്പിച്ചു. 73ാം മിനിറ്റിൽ പാസ്കലിലൂടെയായിരുന്നു ലീഡ്സിന്റെ ആശ്വാസ ഗോൾ. പ്രീമിയർ ലീഗിൽ 14 കളികളിൽ 20 ഗോളുകളാണ് ഇതുവരെ ഹാലണ്ട് എതിർ വലയിൽ എത്തിച്ചത്. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 20 ഗോൾ അടിച്ച താരമെന്ന റെക്കോഡും ഇതോടെ സ്വന്തമായി. 21 കളിയിൽ 20 ഗോൾ നേടിയ കെവിൻ ഫിലിപ്സിന്റെ റെക്കോഡാണ് പഴങ്കഥയായത്. സിറ്റിക്കായി ഹാലണ്ടിന്റെ ആകെ ഗോൾ നേട്ടം 20 മത്സരത്തിൽ 26 ആയി.

Tags:    
News Summary - Haaland surpasses his father's achievement; the player called it a special moment in his career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.