ഗോളടിച്ച് ഹാലണ്ടിന്റെ തിരിച്ചുവരവ്; നോട്ടിങ്ഹാം ഫോറസ്റ്റിനെയും വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തി കിരീടപ്പോരിൽ വിട്ടുകൊടുക്കാതെ മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളിനാണ് പെപ് ഗാർഡിയോളയുടെ സംഘം ജയിച്ചു കയറിയത്. ജോസ്കോ ഗ്വാർഡിയോളും സൂപ്പർ താരം എർലിങ് ഹാലണ്ടുമാണ് സിറ്റിക്കായി വല കുലുക്കിയത്. ഇരു ഗോളിനും വഴിയൊരുക്കിയത് കെവിൻ ഡിബ്രൂയിൻ ആയിരുന്നു.

32ാം മിനിറ്റിലാണ് സിറ്റി ലീഡ് പിടിച്ചത്. ഡിബ്രൂയിൻ എടുത്ത കോർണർ കിക്ക് തകർപ്പൻ ഹെഡറിലൂടെ ഗ്വാർഡിയോൾ എതിർ പോസ്റ്റിലെത്തിക്കുകയായിരുന്നു. 71ാം മിനിറ്റിലായിരുന്നു ഹാലണ്ടിന്റെ ഗോൾ. പരിക്ക് കാരണം രണ്ട് മത്സരങ്ങളിൽനിന്ന് വിട്ടുനിന്ന ഹാലണ്ട് 62ാം മിനിറ്റിൽ പകരക്കാരനായെത്തിയാണ് ഗോളോടെ തിരിച്ചുവരവ് ആഘോഷമാക്കിയത്.

ടോട്ടൻഹാമിനെ വീഴ്ത്തി ആഴ്സനൽ

നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാമിനെ വീഴ്ത്തി ആഴ്സനൽ. രണ്ടിനെതിരെ മൂന്നുഗോൾ ജയത്തോടെയാണ് ഒന്നാം സ്ഥാനത്ത് ഗണ്ണേഴ്സ് ഇടമുറപ്പിച്ചത്. ആദ്യ പകുതിയിൽ കാൽ ഡസൻ ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയ ആഴ്സനൽ ഇടവേളക്കുശേഷം രണ്ടെണ്ണം തിരിച്ചുവാങ്ങിയെങ്കിലും ജയം വിട്ടുകൊടുത്തില്ല.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും തോറ്റ് മടങ്ങാനായിരുന്നു ടോട്ടൻഹാമിന്റെ വിധി. 15ാം മിനിറ്റിൽ ബുകായോ സാക എടുത്ത കോർണർ കിക്ക് പിയറി ഹോബ്ജെർഗ് സ്വന്തം വലയിൽ എത്തിച്ചതോടെയാണ് ആഴ്സണൽ ലീഡ് പിടിച്ചത്. 27ാം മിനിറ്റിൽ കായ് ഹാവെർട്സിന്റെ അസിസ്റ്റിൽ ബുകായോ സാകയും 38ാം മിനിറ്റിൽ ഹാവെർട്സും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി ആഴ്സണലെടുത്തു.

എന്നാൽ, രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ആക്രമിച്ചു കളിച്ച ടോട്ടൻഹാമിന് 64ാം മിനിറ്റിൽ അതിന്റെ ഫലവും ലഭിച്ചു. ക്രിസ്റ്റ്യൻ റൊമേറൊയായിരുന്നു ആഴ്സണൽ വല കുലുക്കിയത്. നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ബെൻ ഡേവിസിനെ ഡെക്ലാൻ റൈസ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സൺ ഹ്യൂങ് മിൻ രണ്ടാം ഗോളും നേടിയെങ്കിലും തുടർന്ന് ആഴ്സണൽ പ്രതിരോധം ഭേദിക്കാൻ സ്പർശിനായില്ല.

കിരീടപ്പോര് ഇഞ്ചോടിഞ്ച്

കിരീടപ്പോരിൽ മുമ്പിലുള്ള ആഴ്സണലിന് 35 മത്സരങ്ങളിൽ 80 പോയന്റാണുള്ളത്. എന്നാൽ, ഒരു മത്സരം കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി 79 ​പോയന്റുമായി തൊട്ടുപിന്നിലുണ്ട്. അടുത്ത മത്സരം ജയിച്ചുകയറിയാൽ സിറ്റിക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. നിർണായക മത്സരങ്ങളിൽ തുടർതോൽവിയും സമനിലയുമായി പിറകിലായിപ്പോയ ലിവർപൂൾ 75 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. ആസ്റ്റൻ വില്ല (67) ടോട്ടൻഹാം (60) എന്നിവയാണ് നാലും അഞ്ചും സ്ഥാനത്ത്. 

Tags:    
News Summary - Haaland's comeback with a goal; City beat Nottingham Forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.