ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരിൽ മുമ്പിലുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. പോയന്റ് പട്ടികയിൽ മൂന്നാമതുള്ള സിറ്റി നാലാമതുള്ള ആസ്റ്റൻ വില്ലയെ ഒന്നിനെതിരെ നാല് ഗോളിനാണ് തകർത്തുവിട്ടത്. സ്ട്രൈക്കർ ഫിൽ ഫോഡന്റെ ഹാട്രിക്കാണ് പെപ് ഗാർഡിയോളയുടെ സംഘത്തിന് വൻ വിജയം സമ്മാനിച്ചത്.
സിറ്റി തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ സൂപ്പർ താരങ്ങളായ എർലിങ് ഹാലണ്ടിനെയും കെവിൻ ഡിബ്രൂയിനെയും ബെഞ്ചിലിരുത്തിയാണ് ഗാർഡിയോള ടീമിനെ വിന്യസിച്ചത്. മറുഭാഗത്ത് വില്ല നിരയിൽ അസുഖം കാരണം സൂപ്പർ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും ഇല്ലായിരുന്നു.
മത്സരം തുടങ്ങിയത് മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ ആതിഥേയർ 11ാം മിനിറ്റിൽ തന്നെ ആദ്യ ഗോളടിച്ചു. വലതു വിങ്ങിൽനിന്ന് ജെറമി ഡോകു നൽകിയ ക്രോസ് റോഡ്രി ഒറ്റ ടച്ചിൽ വലയിലെത്തിക്കുയായിരുന്നു. എന്നാൽ, ഒമ്പത് മിനിറ്റിനകം മോർഗൻ റോജേഴ്സിന്റെ അസിസ്റ്റിൽ ജോൺ ഡുറാനിലൂടെ വില്ല സമനില പിടിച്ചു. ഹൂലിയൻ അൽവാരസിന്റെ കാലിൽനിന്ന് തട്ടിയെടുത്ത പന്തുമായി നടത്തിയ പ്രത്യാക്രമണമാണ് ഗോളിലെത്തിയത്. തുടർന്ന് ലീഡിനായി സിറ്റി താരങ്ങൾ ആക്രമിച്ചു കളിച്ചെങ്കിലും ലക്ഷ്യത്തിൽനിന്നകന്നു. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫിൽ ഫോഡനിലൂടെ സിറ്റി വീണ്ടും ലീഡിലെത്തി. 20 വാര അകലെനിന്നുള്ള ഫ്രീകിക്ക് എതിർ താരങ്ങൾക്കിടയിലൂടെ വലയിൽ കയറുകയായിരുന്നു.
62ാം മിനിറ്റിൽ ഫോഡൻ വീണ്ടും നിറയൊഴിച്ചു. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് റോഡ്രിയായിരുന്നു. രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിച്ച് റോഡ്രി നൽകിയ പാസ് ഫിനിഷ് ചെയ്യേണ്ട ദൗത്യമേ ഫോഡനുണ്ടായിരുന്നുള്ളൂ. ഏഴ് മിനിറ്റികനം ഫോഡൻ ഹാട്രിക്കും തികച്ചു. എതിർ പ്രതിരോധ താരത്തിൽനിന്ന് തട്ടിയെടുത്ത പന്ത് തകർപ്പൻ ഇടങ്കാളൻ ഷോട്ടിലൂടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. സീസണിൽ ഫോഡന്റെ 21ാം ഗോളായിരുന്നു ഇത്. തുടർന്നും സിറ്റി അവസരങ്ങൾ ഒരുക്കിക്കൊണ്ടിരുന്നെങ്കിലും ഗോളിലേക്കെത്തിയില്ല. മത്സരത്തിന്റെ 67 ശതമാനവും പന്ത് വരുതിയിലാക്കിയ അവർ 25 ഷോട്ടുകളാണ് എതിർ വല ലക്ഷ്യമാക്കി അടിച്ചത്. ആസ്റ്റൻ വില്ലയുടെ മറുപടി എട്ടിൽ ഒതുങ്ങി.
മറ്റൊരു മത്സരത്തിൽ ആഴ്സണൽ ല്യൂട്ടൺ ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി ഒന്നാം സ്ഥാനത്തേക്ക് കയറി. മാർട്ടിൻ ഒഡോഗാർഡിന്റെ ഗോളും എതിർതാരം ഹാഷിയോകയുടെ ഓൺ ഗോളുമാണ് ഗണ്ണേഴ്സിന് ജയം സമ്മാനിച്ചത്. ബ്രെന്റ്ഫോർഡ്-ബ്രൈറ്റൻ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
30 മത്സരങ്ങൾ പൂർത്തിയാക്കിയ സിറ്റി ജയത്തോടെ 67 പോയന്റുമായി മൂന്നാമതാണ്. അത്രയും മത്സരങ്ങളിൽ 68 പോയന്റുള്ള ആഴ്സണലാണ് ഒന്നാമത്. ഒരു മത്സരം കുറച്ചുകളിച്ച ലിവർപൂൾ ഒരു പോയന്റ് വ്യത്യാസത്തിൽ തൊട്ടുപിറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.