കുവൈത്ത് സിറ്റി: 2026 ലോകകപ്പിന്റെയും 2027 ഏഷ്യൻ കപ്പിന്റെയും യോഗ്യത പോരാട്ടങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായതിനു പിന്നാലെ കുവൈത്ത് ഫുട്ബാൾ ആരാധകരും ആവേശത്തിൽ. വരാനുള്ളത് ഉശിരൻ പോരാട്ടങ്ങളാണ്.
മികച്ച കളിക്കൊപ്പം ഭാഗ്യവും തുണച്ചാൽ മൂന്നു വർഷങ്ങൾക്കപ്പുറം ലോക ഫുട്ബാളിന്റെ മൈതാനത്ത് ഒരിക്കൽക്കൂടി കുവൈത്ത് പതാക ഉയരും. സൗദിയിൽ ഏഷ്യൻ കപ്പിലും. അതിനായുള്ള പ്രതീക്ഷയിലും പരിശീലനത്തിലുമാകും ഇനിയുള്ള നാളുകൾ കുവൈത്ത് ദേശീയ ടീം.
യോഗ്യത മത്സരത്തിൽ ഗ്രൂപ് ‘എ’യിലാണ് കുവൈത്ത്. കഴിഞ്ഞ ലോകകപ്പ് ആതിഥേയരും നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തർ, ഇന്ത്യ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകൾ. അഫ്ഗാനിസ്താൻ, മംഗോളിയ മത്സരത്തിൽ ജയിക്കുന്നവരാകും ഗ്രൂപ്പിലെ നാലാമത്തെ ടീം.
ഓരോ ടീമും ഹോം, എവേ അടിസ്ഥാനത്തിൽ ഗ്രൂപ്പിൽ മാറ്റുരക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും.
നവംബർ 16ന് ഇന്ത്യക്കെതിരെയാണ് കുവൈത്തിന്റെ ആദ്യ മത്സരം. കുവൈത്തിലാണ് ഈ മത്സരം നടക്കുക. 2024 ജൂൺ ആറിന് ഇന്ത്യയിൽ എവേ മത്സരവും നടക്കും.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരും മലയാളികളും മത്സരത്തിനായി കാത്തിരിക്കുകയാണ്. കുവൈത്തിൽ ഇന്ത്യ മത്സരത്തിനിറങ്ങുമ്പോൾ സ്വദേശികളും പ്രവാസികളും ഗാലറി നിറയുമെന്ന് ഉറപ്പ്.
ഈ വർഷം നവംബർ 21ന് അഫ്ഗാനിസ്താൻ, മംഗോളിയ മത്സരത്തിൽ ജയിക്കുന്ന ടീമുമായി കുവൈത്ത് ഏറ്റുമുട്ടും. ഇതേ ടീമുമായി 2024 ജൂൺ 11ന് കുവൈത്തിൽ മത്സരം നടക്കും. 2024 മാർച്ച് 21ന് ഖത്തറും കുവൈത്തും ഏറ്റുമുട്ടും. മാർച്ച് 26ന് കുവൈത്തിൽ ഖത്തറുമായി സ്വന്തം നാട്ടിൽ മത്സരം നടക്കും.
ഗ്രൂപ്പിൽ ഖത്തറും ഇന്ത്യയും കുവൈത്തിന് വെല്ലുവിളിയാണ്. ഫിഫ ലോകറാങ്കിങ്ങിൽ 59ാം സ്ഥാനത്തുള്ള ഖത്തറാണ് ഗ്രൂപ്പിലെ ശക്തർ. കഴിഞ്ഞ ലോകകപ്പിൽ ആതിഥേയരെന്ന നിലയിൽ കളിച്ച് ഗ്രൂപ് റൗണ്ടിൽ പുറത്തായെങ്കിലും ഇത്തവണ യുവനിരയും സീനിയർ താരങ്ങളുമായാണ് ഖത്തർ തയാറെടുക്കുന്നത്.
97ാം സ്ഥാനത്തുള്ള ഇന്ത്യയും കുവൈത്തിന് വെല്ലുവിളിയാണ്. എന്നാൽ, അടുത്തിടെ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ആദ്യ കളിയിൽ ഇന്ത്യയെ സമനിലയിൽ തളക്കുകയും ഫൈനലിൽ സഡൻഡെത്ത് വരെ പിടിച്ചുനിൽക്കുകയും ചെയ്തത് കുവൈത്ത് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. അഫ്ഗാനിസ്താൻ, മംഗോളിയ എന്നിവ ശക്തരായ എതിരാളികളല്ല.
ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകൾക്ക് ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് പ്രവേശനവും ഏഷ്യ കപ്പ് പ്രവേശനവും ഉള്ളതിനാൽ ഖത്തർ, ഇന്ത്യ എന്നിവക്കെതിരായ മത്സരങ്ങൾ കുവൈത്തിന് നിർണായകമാണ്. ഫിഫ റാങ്കിങ്ങിൽ 137ാം സ്ഥാനത്താണ് നിലവിൽ കുവൈത്ത്. ഇത് മറ്റു ടീമുകളുമായുള്ള പ്രകടനത്തെ ബാധിക്കില്ലെന്നാണ് കുവൈത്തിന്റെ ആത്മവിശ്വാസം.
കാൽപന്തുകളിയിൽ അറേബ്യൻ ഗൾഫ് മേഖലയിൽ തിളങ്ങി നിന്നൊരു കാലം കുവൈത്തിനുണ്ട്. 1970 മുതൽ 90കൾ വരെ കുവൈത്ത് ഫുട്ബാളിന്റെ സുവർണ കാലഘട്ടമാണ്. 1982 ലോകകപ്പ് കളിച്ച ടീം എന്ന മികവ് മേഖലയിൽ കുവൈത്തിനുമാത്രം സ്വന്തമാണ്.
അറേബ്യൻ ഗൾഫ് കപ്പിൽ 10 തവണ മുത്തമിട്ട കുവൈത്തിന്റെ നേട്ടം തകർക്കപ്പെടാതെ കിടക്കുന്നു. 1998ൽ ഫിഫ റാങ്കിങ്ങിൽ 24ാം റാങ്കെന്ന സ്വപ്നതുല്യസ്ഥാനത്തെത്താനും കുവൈത്തിന് കഴിഞ്ഞിരുന്നു. 2009, 2012, 2013 വർഷങ്ങളിൽ എ.എഫ്.സി കപ്പ് ജേതാക്കളുമായി കുവൈത്ത് ഫുട്ബാൾ ഭൂപടത്തിൽ നിറഞ്ഞുനിന്നു.
ആദ്യമായി ഏഷ്യൻ കപ്പ് നേടിയ രാജ്യം, ലോകകപ്പിൽ ആദ്യമായി യോഗ്യത നേടിയ രാജ്യം, ഒളിമ്പിക്സിൽ ആദ്യമായി യോഗ്യത നേടിയ രാജ്യം, ഗൾഫ് കപ്പ് നേടുന്ന ആദ്യ രാജ്യം, ഏഷ്യാഡിൽ ആദ്യമായി മെഡൽ നേടിയ രാജ്യം, പശ്ചിമേഷ്യ കപ്പ് നേടിയ ആദ്യ രാജ്യം, സാഫ് കപ്പിൽ ഫൈനൽ യോഗ്യത നേടിയ ആദ്യ രാജ്യം എന്നിങ്ങനെ കുവൈത്ത് അറബ് മേഖലയിൽ ഇപ്പോഴും മുന്നിലാണ്. എന്നാൽ 2007, 2008, 2015 വർഷങ്ങളിൽ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ വിലക്കിൽ കുവൈത്ത് ഫുട്ബാൾ രംഗം തളർന്നു.
വിലക്കു കഴിഞ്ഞ് 2022ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കായാണ് കുവൈത്ത് ദേശീയ ടീം വീണ്ടും രൂപവത്കരിക്കുന്നത്. അടുത്തിടെയായി സ്ഥിരതയാർന്ന പ്രകടനങ്ങൾ കുവൈത്ത് ടീമിന് പുറത്തെടുക്കാനാകുന്നുണ്ട്. കഴിഞ്ഞമാസം ഇന്ത്യയിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഫൈനലിൽ എത്തിയിരുന്നു. സഡൻഡെത്തിലാണ് ടീമിന് കിരീടം നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.