ലണ്ടൻ: കോപൻഹാഗനിലെ പാർകൻ സ്റ്റേഡിയത്തിൽ ഫിൻലാൻഡിനെതിരായ മത്സരം ഒന്നാംപകുതിക്കു പിരിയാൻ മൂന്നു മിനിറ്റ് ശേഷിക്കെ സഹതാരം എറിക്സൺ കുഴഞ്ഞുവീഴുന്നത് കണ്ട നായകന് എന്തു ചെയ്യണമെന്നതിനെ കുറിച്ച് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. പെനാൽറ്റി ഏരിയയിൽനിന്ന് ഓടിവന്ന് ത്രോബാൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു എറിക്സന്റെ വീഴ്ച. എന്തുസംഭവിച്ചുവെന്നറിയാതെ മറ്റുള്ളവർ ആധിയോടെ നിന്നപ്പോൾ കളിനിർത്തി കരുതലും നടപടികളുമായി സിമോൺ കെയർ ചികിത്സ അറിയുന്ന ഡോക്ടറായി.
ബോധംമറിഞ്ഞ സമയത്ത് നാവ് വായു സഞ്ചാരം തടയാതെ സൂക്ഷിക്കുകയും അടിയന്തരമായി സി.പി.ആർ നൽകുകയും ചെയ്യുന്ന കെയറിനെ കണ്ടാണ് റഫറി ആന്‍റണി ടെയ്ലർ മെഡിക്കൽ സംഘത്തെ വിളിക്കുന്നത്. മിടിപ്പ് പരിശോധിച്ചും ശരിയായ രീതിയിൽ കിടത്തിയും എല്ലാം അറിയുന്നവനെ പോലെ കെയർ തന്‍റെ ഇഷ്ട സുഹൃത്തിനെ പരിചരിച്ചു. നാവ് ശ്വാസം മുടക്കുന്നതാണ് പലപ്പോഴും ഇത്തരം രോഗികൾക്ക് ജീവൻ പോലും അപായപ്പെടുത്തുന്നതെന്ന് ഡോക്ടർമാർ പറയന്നു. ഉടനെത്തിയ മെഡിക്കൽ സംഘം നീണ്ട സമയം മൈതാനത്തുതന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ സമയമത്രയും താരത്തിന് കുടപിടിച്ച് ചുറ്റുംനിൽക്കാൻ കെയർ സഹതാരങ്ങൾക്ക് നിർദേശം നൽകി. മൊബൈൽ ഫോണിൽ രംഗങ്ങൾ പകർത്തുന്നത് തടയുക കൂടിയായിരുന്നു ലക്ഷ്യം. അതിനിടെ മൈതാനത്തെത്തിയ എറിക്സന്റെ പത്നി സബ്രീന ക്വിസ്റ്റിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചും നല്ലവാക്കുകൾ പറഞ്ഞും കെയർ കപ്പൽ മുങ്ങാതെ കാത്ത കപ്പിത്താനായി.
ക്യാപ്റ്റന്റെ ഇടപെടലില്ലായിരുന്നുവെങ്കിൽ എല്ലാം കൈവിട്ടുപോയേനെയെന്ന് പറയുന്നു, പ്രമുഖ ഇംഗ്ലീഷ് ഡോക്ടർ ഡോ. സ്കോട്ട് മറേ. ഇത്രയും കരുതലോടെ ടീം കൂടെയുണ്ടായതിന് ലോകം നന്ദിപറയണമെന്നും അദ്ദേഹം പറയുന്നു.
മുഖത്ത് ഓക്സിജൻ മാസ്ക് അണിയിച്ച് എറിക്സണെ ആശുപത്രിയിലേക്ക് മാറ്റുേമ്പാൾ കെയറിന്‍റെ നേതൃത്വത്തിൽ സഹതാരങ്ങളും ഒപ്പം നീങ്ങി. അവർ പ്രാർഥനാപൂർവം ഡ്രസ്സിങ് റൂമിലിരുന്നു. ടീം അകത്തിരിക്കുേമ്പാൾ കളി വീക്ഷിക്കാനെത്തിയ 10,000 ലേറെ വരുന്ന നാട്ടുകാരായ കാണികൾ എറിക്സന്റെ പേര് ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. അപ്പുറത്ത് ഡാനിഷ് ആരാധകർ ക്രിസ്റ്റ്യൻ എന്ന് വിളിച്ച് പേര് പൂർത്തിയാക്കി.
നായകനായ കെയർ എക്കാലത്തും എറിക്സന്റെ ഉറ്റ ചങ്ങാതിയായിരുന്നു. മിലാനിൽ ഇടക്കിടെ സന്ധിക്കുന്ന 'ഇരട്ടകൾ'. ഒരേ നഗരത്തിലെ ബദ്ധവൈരികളാണ് ഇരുവരും പന്തുതട്ടുന്ന ടീമുകളെന്നത് അവരെ അലട്ടാറില്ല. ആ സൗഹൃദത്തിന്‍റെ ആഴമാണ് ഇന്നലെ മൈതാനം കണ്ടത്.
യൂറോപിലെ പുൽമൈതാനങ്ങളിൽ അതിവേഗം കൊണ്ട് അദ്ഭുതങ്ങൾ തീർക്കുന്ന എറിക്സണിന് എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നത് വിദഗ്ധ പരിശോധനയിൽ മനസ്സിലാകാനിരിക്കുന്നേയുള്ളൂ. പക്ഷേ, ശനിയാഴ്ച വരെയും അങ്ങനെയൊന്നും താരത്തിന്‍റെ ശരീരം പ്രകടിപ്പിച്ചിരുന്നില്ല.
ഇപ്പോൾ സുഖമായിരിക്കുന്ന എറിക്സൺ കൂടുതൽ പരിശോധനകൾ പൂർത്തിയായ ശേഷമേ ആശുപത്രി വിടൂ.
അതിനിടെ, എല്ലാം തകർന്ന താരങ്ങളോട് വീണ്ടും കളി പൂർത്തിയാക്കാൻ നിർദേശിച്ച യുവേഫക്കെതിരെയും പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.