ലീഗ് വൺ എൽ ക്ലാസിക്കോയിൽ ഏറ്റവും കരുത്തർ തമ്മിലെ മുഖാമുഖമായിരുന്നു മാഴ്സെ മൈതാനത്ത്. ഫ്രഞ്ച് ലീഗിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളവർ തമ്മിലെ ആവേശപ്പോര്. പി.എസ്.ജിക്ക് എവേ മത്സരമായതിനാൽ മാഴ്സെക്ക് മേൽക്കൈ സ്വാഭാവികം. അതുപക്ഷേ, കളി തുടങ്ങുംവരെയുള്ള വിശേഷങ്ങൾ. ആദ്യ വിസിൽ മുഴങ്ങി പച്ചപ്പുൽ മൈതാനത്ത് പന്തുരുണ്ടു തുടങ്ങിയതോടെ ചിത്രത്തിൽ രണ്ടു പേർ മാത്രമായി പിന്നീട്. കൊണ്ടും കൊടുത്തും മാഴ്സെ പകുതിയിൽ പറന്നുനടന്ന മെസ്സിയും എംബാപ്പെയും ചേർന്ന് സൃഷ്ടിച്ചത് എണ്ണമറ്റ അവസരങ്ങൾ. അതിൽ ഗോളായത് മൂന്നെണ്ണം.
25ാം മിനിറ്റിൽ മധ്യനിരയിൽനിന്ന് പന്തുകാലിലെടുത്ത മെസ്സി പ്രതിരോധത്തിന്റെ കാലിനിടയിലൂടെ നൽകിയായിരുന്നു ആദ്യ ഗോൾ. അതിവേഗം കൊണ്ട് മാഴ്സെ പ്രതിരോധത്തെ പിറകിലാക്കി പന്തു പിടിച്ച എംബാപ്പെ രണ്ടു ടച്ചിൽ പന്തു വലയിലെത്തിച്ചു. തൊട്ടുപിറകെ വിങ്ങിലൂടെ പന്തുമായി ഓടിയെത്തിയ ഫ്രഞ്ചു താരം ബോക്സിൽ പോസ്റ്റിനു മുന്നിൽ കാത്തുനിന്ന മെസ്സിക്ക് പന്തു നൽകുമ്പോൾ മുന്നിൽ ഗോളി മാത്രം. അവസരമേതും നൽകാതെ ഒറ്റ ടച്ചിൽ വല കുലുങ്ങി.
പിന്നീടും അവസരങ്ങൾ തുറന്ന് ഇരുവരും നിറഞ്ഞോടുന്നതായിരുന്നു മൈതാനത്തെ കാഴ്ചകൾ. രണ്ടാം പകുതിയിൽ ഇരുവരും തമ്മിലെ മാനസിക ധാരണ ഒരിക്കലൂടെ ഗാലറി നേരിട്ടുകണ്ടു. എംബാപ്പെ ഓടിപ്പിടിച്ച പന്ത് മുന്നിലെ പ്രതിരോധനിരയെ കണ്ട് മെസ്സിക്ക് തട്ടിക്കൊടുക്കുന്നു. അത്രപേരെയും നോക്കുകുത്തികളാക്കി എല്ലാവരുടെയും തലക്കു മുകളിലൂടെ മെസ്സി ഉയർത്തി നൽകുന്നു. ഒട്ടും വൈകിക്കാതെ പന്ത് നിലത്തുവീഴുംമുമ്പ് എംബാപ്പെ പോസ്റ്റിന്റെ മൂലയിലേക്ക് അടിച്ചുകയറ്റുന്നു. അതിനിടെ ഇരുവർക്കും പാകമായി കിട്ടിയ രണ്ട് സുവർണാവസരങ്ങൾ കൂടി ഗോളായിരുന്നെങ്കിൽ മാഴ്സെ ദുരന്തം ഇരട്ടിയായേനെ.
കളിയിൽ നിറഞ്ഞാടിയ കൂട്ടുകെട്ടിനു പിന്നാലെയായിരുന്നു മത്സരശേഷം ആരാധകക്കൂട്ടം. ലോകത്തെ ഏറ്റവും മികച്ച രണ്ട് മുന്നേറ്റ താരങ്ങൾക്ക് ഇങ്ങനെ പരസ്പരം കൂട്ടുനൽകി കളി മെനയുന്നത് അദ്ഭുതപ്പെടുത്തിയെന്നായിരുന്നു ഏവർക്കും പങ്കുവെക്കാനുണ്ടായിരുന്നത്. അത്രയേറെ പൂർണതയും മനോഹാരിതയുമുള്ളതായിരുന്നു ഈ കൂട്ടുകെട്ട്.
പരിക്കുമായി നെയ്മർ പുറത്തായ പി.എസ്.ജി നിരയിൽ എല്ലാം എളുപ്പമാകുമെന്ന് കരുതിയ മാഴ്സെ നേരിട്ട തോൽവി ഇനിയുള്ള മത്സരങ്ങളിൽ പി.എസ്.ജി എതിരാളികൾക്ക് മുന്നറിയിപ്പാകും.
കഴിഞ്ഞ സീസണിൽ പി.എസ്.ജിയിലെത്തിയ മെസ്സി ഇതുവരെയായി 28 തവണ വല കുലുക്കിയിട്ടുണ്ട്. ക്ലബ് ഫുട്ബാളിൽ നേരത്തെ ബാഴ്സക്കായി 672 ഗോളുകൾ സ്വന്തമായുള്ള മെസ്സി മാഴ്സെക്കെതിരായ ഗോളോടെ 700 ഗോൾ ക്ലബിലെത്തി. ക്രിസ്റ്റ്യാനോ മാത്രമാണ് നേരത്തെ ഇത്രയും ഗോളുകൾ കുറിച്ചത്.
എംബാപ്പെയാകട്ടെ, പി.എസ്.ജി നിരയിൽ 200 ഗോളുകൾ പൂർത്തിയാക്കി എഡിൻസൺ കവാനി മാത്രമായിരുന്നു എലീറ്റ് പട്ടികയിൽ അംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.