ഹൈദരാബാദ്: ബ്രസീലിയൻ ഫോർവേഡ് ഫിലിപ്പ് അമോറിമുമായി കരാർ ഒപ്പുവെച്ച് ഹൈദരാബാദ് എഫ്.സി. 32 കാരനായ ബ്രസീലിയൻ അറ്റാക്കറുമായി ഒരു വർഷത്തെ കരാറാണ് ക്ലബ് ഒപ്പുവെച്ചത്. ഈ സീസണിൽ നാലാമത്തെ വിദേശ താരത്തെയാണ് ക്ലബ് സ്വന്തമാക്കുന്നത്. ആസ്ട്രേലിയൻ വിങ്ങറായ ജോ നോൾസ്, കോസ്റ്റാറിക്കയുടെ ജോനാഥൻ മോയ, ഫിൻലാൻഡ് മിഡ്ഫീൽഡർ പെറ്റേരി പെന്നനെൻ എന്നിവരെ നേരത്തെ ക്ലബിലെത്തിച്ചിരുന്നു.
“ഹൈദരാബാദ് എഫ്‌സിയിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” ക്ലബുമായി കരാർ ഒപ്പുവെച്ച ശേഷം അമോറിം പറഞ്ഞു. “എന്റെ ലക്ഷ്യം ഈ ക്ലബിലേക്ക് വിജയം കൊണ്ടുവരികയാണ്, ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നതിൽ ഞാൻ ആവേശത്തിലാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രസീലിയയിൽ ജനിച്ച അമോറിം 2016 ലാണ് ഫ്ലുമിനെൻസിൽ ചേരുന്നത്. തായ്‌ലൻഡിലെ സുഫൻബുരിയിൽ കളിക്കാനാണ് ആദ്യമായി ഏഷ്യയിൽ എത്തിയത്. കഴിഞ്ഞ മൂന്ന് സീസണുകളും അവിടെ ചിലവഴിച്ചു. നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2021ൽ തായ് എഫ്എ കപ്പും നേടുകയും ചെയ്തു.
എഫ്.എഫ്.സി ചാമ്പ്യൻസ് ലീഗുൾപ്പെടെ അഞ്ച് വ്യത്യസ്ത ലീഗുകളിൽ കളിച്ച പരിചയം ഹൈദരാബാദിന് ഗുണം ചെയ്തേക്കും. 2021-22 ലെ ഐ.എസ്.എൽ ചാമ്പ്യനായ ഹൈദരാബാദ് എഫ്.സി ഐറിഷ് കോച്ച് നെസ്റ്ററിന്റെ കീഴിലായിരിക്കും പുതിയ സീസൺ പന്തുതട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.