മഡ്ഗാവ്: ഹൈദരാബാദ് എഫ്.സിക്കും സൂപ്പർ സ്ട്രൈക്കർ ബർതൊലോമിയോ ഒഗ്ബെച്ചെക്കും നിർത്താനുള്ള ഭാവമില്ല. എതിർവലയിൽ ഗോളുകൾ നിറക്കുന്നത് പതിവാക്കിയ താരവും ടീമും ഇത്തവണ ഇരയാക്കിയത് പാവം നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ. ഹൈലാൻഡേഴ്സിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തകർത്തുവിട്ട ഹൈദരാബാദ് ഐ.എസ്.എൽ സീസണിൽ ഒന്നാം സ്ഥാനത്ത് ലീഡ് നാലു പോയന്റാക്കി ഉയർത്തി.
ഹൈദരാബാദിന് 14 മത്സരങ്ങളിൽ 26 പോയന്റാണുള്ളത്. 12 വീതം കളികളിൽ 22 പോയന്റുള്ള ജാംഷഡ്പൂരും 20 പോയന്റുള്ള കേരള ബ്ലാസ്റ്റേഴ്സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
15 മത്സരങ്ങളിൽ 10 പോയന്റുമായി 10ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഇരട്ട ഗോൾ നേടിയ ഒഗ്ബെച്ചെ (3, 60) തന്നെയാണ് ഹൈദരാബാദിന്റെ ഗോൾവേട്ടക്ക് ചുക്കാൻ പിടിച്ചത്. ആകാശ് മിശ്ര (45), നിഖിൽ പൂജാരി (84), എഡു ഗാർഷ്യ (88) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
നോർത്ത് ഈസ്റ്റിനായി മലയാളി സ്ട്രൈക്കർ വി.പി. സുഹൈർ വല കുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുടുങ്ങി. മലയാളി താരങ്ങളായ ഗനി അഹ്മദ് നിഗം, മശ്ഹൂർ ശരീഫ് എന്നിവർ നോർത്ത് ഈസ്റ്റ് നിരയിൽ പകരക്കാരായി കളത്തിലെത്തി.
ബർതൊലോമിയോ ഒഗ്ബെച്ചെ 49 ഗോളുകളുമായി ഐ.എസ്.എല്ലിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി. 48 ഗോൾ വീതം നേടിയ ബംഗളൂരു എഫ്.സിയുടെ സുനിൽ ചേത്രിയെയും കഴിഞ്ഞ സീസണിൽ ഇന്ത്യ വിട്ട ഫെറാൻ കോറോമിനെസിനെയുമാണ് ഒഗ്ബെച്ചെ പിന്തള്ളിയത്.
2018-19 സീസണിൽ നോർത്ത് ഈസ്റ്റിനായി 12, അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 15, കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കായി എട്ട്, ഈ സീസണിൽ ഇതുവരെ 14 എന്നിങ്ങനെയാണ് 37കാരെൻറ ഗോളുകൾ. സീസണിലെ ഗോൾവേട്ടക്കാരിലും മുന്നിൽ ഈ 20ാം നമ്പർ താരം തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.