മഡ്രിഡ്: സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ഇതിഹാസ താരമായിരുന്ന ലയണൽ മെസ്സി ടീം വിട്ടതാണ് സമീപകാലത്ത് ഫുട്ബാൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന്.
കോവിഡിൽ യൂറോപ്പിലെ ടീമുകളിലേറെയും സാമ്പത്തികമായി തകർന്നപ്പോൾ ബാഴ്സക്കും പിണഞ്ഞത് വൻവീഴ്ച. പുതിയ സാഹചര്യത്തിൽ ഉയർന്ന വേതനം നൽകാനാവില്ലെന്നായതോടെ ടീം വിടാൻ മെസ്സിക്ക് അനുമതി നൽകുകയായിരുന്നു.
എന്നാൽ മെസ്സിയുടെ മനസ്സ് മാറുമെന്നും ബാഴ്സക്കായി വേതനം വാങ്ങാതെ കളിക്കാൻ തയാറാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും ബാഴ്സലോണ പ്രസിഡന്‍റ് ജോൻ ലാപോർട്ട പറഞ്ഞു. ബാഴ്സ വിട്ട മെസ്സി ആഗസ്റ്റിലാണ് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക് കൂടുമാറിയത്.
'അത് സാധ്യമല്ലെന്ന് രണ്ട് കക്ഷികളും മനസ്സിലാക്കുന്ന സമയം വന്നു. ഇരുവർക്കും നിരാശയുണ്ടായിരുന്നു'-കാറ്റലൻ റേഡിയോ സ്റ്റേഷനായ ആർ.എ.സി1നോട് ലാപോർട പറഞ്ഞു.
'മെസ്സിയുടെ വേതന കരാർ ലാലിഗ അംഗീകരിക്കാത്തത് കൊണ്ടായിരുന്നു താരത്തിന് ബാഴ്സ വിടേണ്ടി വന്നത്. തനിക്ക് മെസ്സിയോട് ഫ്രീ ആയി കളിക്കുമോ എന്ന് ചോദിക്കാൻ ആകുമായിരുന്നില്ല. മെസ്സി അങ്ങനെ കളിച്ചോട്ടെ എന്ന് ഇങ്ങോട്ട് ചോദിക്കും എന്ന ചെറിയ പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നു' -ലപോർട പറഞ്ഞു.
മെസ്സിക്ക് ക്ലബിൽ തുടരാൻ താൽപര്യമുണ്ടായിരുന്നെങ്കിലും പി.എസ്.ജിയുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദം വളരേ വലുതായിരുന്നുവെന്നും ബാഴ്സയിൽ തുടർന്നില്ലെങ്കിൽ പി.എസ്.ജിയിൽ പോകുെമന്ന് അവർക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബാഴ്സക്ക് കഴിഞ്ഞ സീസണിൽ 481 ദശലക്ഷം യൂറോ നഷ്ടമാണ് രേഖപ്പെടുത്തിയത്. മൊത്തം കടം 1.35 ബില്യൺ യൂറോയാണ്. മെസ്സിയുമായി കരാർ പുതുക്കിയിരുന്നെങ്കിൽ അത് വലിയ പ്രതിസന്ധിയിൽ എത്തുക്കുമായിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച ക്ലബ് നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.