പഞ്ചാബിനെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന ഗോകുലം താരങ്ങൾ

ഐ ലീഗിൽ കുതിപ്പ് തുടർന്ന് ഗോകുലം; റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് തോൽപിച്ചു

കൊൽക്കത്ത: അപരാജിത കുതിപ്പ് തുടരുന്ന ഗോകുലം കേരള എഫ്.സി ഐ ലീഗ് ഫുട്ബാളിൽ ഒന്നാം സ്ഥാനത്ത് നില ഭദ്രമാക്കി. 12ാം റൗണ്ടിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് തോൽപിച്ച വിസെൻസോ അനീസെയുടെ സംഘം ഒന്നാം സ്ഥാനത്ത് ലീഡ് നാലു പോയന്റാക്കി ഉയർത്തി.

12 മത്സരങ്ങളിൽ 30 പോയന്റാണ് ഗോകുലത്തിന്. രണ്ടാമതുള്ള മുഹമ്മദൻ സ്പോർട്ടിങ്ങിന് 26 പോയന്റാണുള്ളത്. റൗണ്ട് ഗ്ലാസ് പഞ്ചാബ് 23 പോയന്റോടെ മൂന്നാമതുണ്ട്. അമീനു ബൗബയും ലൂക മയ്സെനും ഗോകുലത്തിനായി ഗോൾ നേടിയപ്പോൾ ഒരു ഗോൾ എതിർതാരം ജോസഫ് ചാൾസ് യാർനിയുടെ വകയായിരുന്നു. പഞ്ചാബിന് ഒരു ഗോൾ അമീനു ബൗബയും ദാനം ചെയ്തു. 13ാാം മിനിറ്റിൽ അമീനു ബൗബയുടെ ഗോളിലാണ് ഗോകുലം മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്വന്തം വലയിലും പന്തെത്തിച്ച് ബൗബ എതിരാളികൾക്ക് തുല്യത നൽകി.

എന്നാൽ, 63ാം മിനിറ്റിൽ ലക്ഷ്യം കണ്ട സൂപ്പർ സ്ട്രൈക്കർ മയ്സെൻ ഗോകുലത്തെ മത്സരത്തിൽ തിരിച്ചെത്തിച്ചു. ടോപ്സ്കോറർ സ്ഥാനത്തുള്ള സ്ലൊവീനിയൻ താരത്തിന്റെ 13ാം ഗോൾ. പിന്നാലെ 73ാം മിനിറ്റിൽ യാർനിയുടെ സെൽഫ് ഗോളുമെത്തിയതോടെ ഗോകുലം ജയമുറപ്പിച്ചു.

Tags:    
News Summary - I-League: Gokulam beat Round GlassPunjab 3-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.