കോഴിക്കോട്: ഉയിർത്തെഴുന്നേൽപിന് ശ്രമിച്ചെങ്കിലും ഗോവൻ കരുത്തിനുമുന്നിൽ മികവു കാട്ടാനാവാതെ ഗോകുലം കേരള എഫ്.സി ചർച്ചിൽ ബ്രദേഴ്സിനോട് 1-1ന് സമനില വഴങ്ങി. തപ്പിത്തടഞ്ഞും തട്ടിക്കളിച്ചുമല്ലാതെ തുടക്കം മുതൽ തന്നെ ആക്രമണോത്സുകത പുറത്തെടുത്ത ചർച്ചിൽ ബ്രദേഴ്സും ഗോകുലം കേരളയും മരണ പോരാട്ടം തന്നെ നടത്തിയെങ്കിലും കളിയന്ത്യത്തിൽ ആവേശം നനഞ്ഞ് ഇരു ടീമുകളും നിരാശയിൽ കുതിർന്നു. മത്സരം തുടങ്ങിയ ഉടനെയെത്തിയ മഴക്കൊപ്പം തകർത്തു കളിച്ചുവെങ്കിലും ആർക്കും വിജയം നേടാനായില്ല. ആറു മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ടുസമനിലയും ഒരു തോല്‍വിയുമായി 11 പോയന്റുള്ള ഗോകുലം നാലാമതാണ്.
ഏഴാം മിനിറ്റിൽ ഗോകുലം കേരള എഫ്.സി ടീം ക്യാപ്റ്റൻ അലക്സാൺട്രോ സാഞ്ചസ് ലോപസ് എടുത്ത മനോഹരമായ ത്രൂ ഷോട്ട് ചർച്ചിൽ ബ്രദേഴ്സിെൻറ ഗോളി സുബാഷിഷ് റോയ് ചൗധരി ഷൂട്ടിനേക്കാൾ മനോഹരമായി സേവ് ചെയ്തു. ഇരു ടീമുകളും കളി കാര്യമാക്കിയതോടെ മത്സരം പരുക്കനായി. 25ാം മിനിറ്റിൽ ഗോവൻ ഫോർവേഡ് റിക്കാഡോ നിക്കോളസ് ഡിച്ചിയാറ ഗോകുലം ബോക്സിനരികെ നടുമധ്യത്തിൽ നിന്നടിച്ച തീതുപ്പുന്നൊരു ഷോട്ട് ഗോളി ദേവൻഷ് ധബാസ് സേവ് ചെയ്തു. 37ാം മിനിറ്റിൽ ഗോവയുടെ മാർട്ടിൻ നിക്കോളസ് ഷാവേസ് എടുത്ത കിക്ക് ഗോകുലം ഗോളി ദേവൻഷ് ധാബസ് കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കവേ ഗോവയുടെ റിച്ചാർഡ് കോസ്റ്റയുമായി കൂട്ടിയിടിച്ച് നിലത്തുവീണു. ധാബസിന്റെ കൈവിട്ടുപോയ പന്ത് ബ്രദേഴ്സിന്റെ റിച്ചാർഡ് കോസ്റ്റ കാലുകൊണ്ട് വലയിലാക്കി. ഗോളി ഫൗളിന് ക്യാപ്റ്റൻ സാഞ്ചസും സഹകളിക്കാരും അപ്പീൽ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല. വീഴ്ചയിൽ ബോധം നഷ്ടമായ ധാബസിനെ ആശുപത്രിയിലേക്ക് മാറ്റി പകരക്കാരനായി അവിലാഷ് പോളിനെ ഇറക്കുകയും ചെയ്തു.
രണ്ടാം പാതിയിൽ ഗോകുലം ഏറെ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസരം മുതലാക്കാനായില്ല. 72ാം മിനിറ്റിൽ ഗോവൻ ബോക്സിൽവെച്ച് ക്യാപ്റ്റൻ സാഞ്ചസ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഷോട്ട് ഗോവക്കാരുടെ കൈയിൽ തട്ടി പെനാൽറ്റിയായി. സാഞ്ചസ് എടുത്ത പെനാൽറ്റി ഗോളാക്കിയതോടെ തോൽവി ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.