കോഴിക്കോട്: ഗോകുലമൊന്നു തലകുടഞ്ഞപ്പോൾ കശ്മീർ വീണു. ഐ ലീഗിലെ നിർണായക മത്സരത്തിന്റെ ഇരുപകുതികളിലുമായി മലയാളി താരങ്ങൾ തലകൊണ്ടു കുറിച്ച ഗോളുകളിൽ റിയൽ കശ്മീർ എഫ്.സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഗോകുലം കേരള എഫ്.സി വിജയവഴിയിൽ മടങ്ങിയെത്തി.
35ാം മിനിറ്റിൽ താഹിർ സമാനും 86ാം മിനിറ്റിൽ ജോബി ജസ്റ്റിനും കുറിച്ച ഹെഡറുകളാണ് ഗോകുലത്തിന് ജയമൊരുക്കിയത്. ഈ സീസണിൽ കോഴിക്കോട്ടെ ആദ്യ മത്സരം ജയിച്ചതോടെ ഗോകുലം പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.ലിഗിന്റെ മധ്യത്തിലാണ് ഗോകുലം കാമറൂൺകാരനായ കോച്ച് റിച്ചാർഡ് തോവയെ മാറ്റി സ്‍പെയിനിൽനിന്ന് ഫ്രാൻസെസ് ബോണറ്റിനെ പരിശീലകനായി കൊണ്ടുവന്നത്.
പുതിയ കോച്ചിന്റെ തന്ത്രങ്ങൾക്കൊത്ത് ടീം ഇണങ്ങാൻ തുടക്കത്തിൽ സമയമെടുത്തെങ്കിലും പിന്നീട് കളംപിടിച്ച ഗോകുലം എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. സ്വന്തം നാട്ടുകാർക്കു മുന്നിൽ പന്തുതട്ടാനിറങ്ങിയ താഹിർ സമാൻ 35ാം മിനിറ്റിൽ ശ്രീക്കുട്ടൻ കൊടുത്ത ക്രോസിൽനിന്നാണ് ആദ്യ ഗോൾ കുറിച്ചത്. കശ്മീർ മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയിലായിരുന്നു ഗോൾ പിറന്നത്.
ഐ.എസ്.എൽ ക്ലബായ ചെന്നൈയിൻ എഫ്.സിയിൽനിന്ന് കഴിഞ്ഞ ദിവസം ഗോകുലത്തിലെത്തിയ മലയാളി താരം ജോബി ജസ്റ്റിൻ തന്റെ വരവ് ആഘോഷിച്ചു.സ്‍പെയിൻകാരനായ മിഡ്ഫീൽഡർ ജൂലിയാൻ ഒമർ റാമോസ് എടുത്ത കോർണർ കിക്കിൽനിന്നായിരുന്നു 86ാം മിനിറ്റിൽ ജസ്റ്റിൻ ഹെഡറിലൂടെ ഗോൾ കുറിച്ചത്. ജൂലിയാൻ ഒമർ റാമോസാണ് കളിയിലെ കേമൻ.
കഴിഞ്ഞ കളിയിൽ മഞ്ചേരിയിൽ ട്രൗ എഫ്.സിയോട് 2-1ന് തോറ്റതിന്റെ ക്ഷീണം തീർത്ത ഗോകുലം 12 കളികളിൽനിന്ന് ആറ് ജയവും മൂന്നു തോൽവിയും മൂന്ന് സമനിലകളുമായി 21 പോയന്റോടെ പട്ടികയിൽ മൂന്നാംസ്ഥാനത്തായി. 25 പോയന്റുള്ള ശ്രീനിധി ഡക്കാനാണ് മുന്നിൽ. 23 പോയന്റുമായി റൗണ്ട് ഗ്ലാസ് രണ്ടാംസ്ഥാനത്തുണ്ട്. മൂന്നാംസ്ഥാനത്തായിരുന്ന കശ്മീർ ഗോകുലത്തിനെതിരായ തോൽവിയോടെ അഞ്ചാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.