ഇംഫാൽ: എവേ മത്സരങ്ങളിൽ തോൽവി ശീലമാക്കിയ ഗോകുലം കേരള എഫ്.സിക്ക് കിരീടം നിലനിർത്താനുള്ള നീക്കങ്ങളിൽ വീണ്ടും തിരിച്ചടി. മണിപ്പൂർ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് മത്സരത്തിൽ നെറോക എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളിനാണ് മലബാറിയൻസ് പരാജയം അറിഞ്ഞത്. ഞായറാഴ്ചത്തെ മറ്റൊരു കളിയിൽ രണ്ടാം സ്ഥാനക്കാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി ഡൽഹിയിൽ സുദേവ എഫ്.സിയുമായി സമനിലയിൽ പിരിഞ്ഞപ്പോൾ പോയന്റ് നിലയിലെ വ്യത്യാസം കുറക്കാനുള്ള സുവർണാവസരമാണ് ഗോകുലത്തിന് നഷ്ടപ്പെടുത്തിയത്. ശ്രീനിധി ഡെക്കാനും (31) റൗണ്ട് ഗ്ലാസിനും (31) പിറകിൽ 14 മത്സരങ്ങളിൽ 24 പോയന്റോടെ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഗോകുലം.
11ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ബായി കാമോയുടെ കട്ട്‌ബാക്ക് ശേഖരിക്കുകയും സ്വീഡൻ ഫെർണാണ്ടസ് വലയിലേക്ക് സ്ലോട്ട് ചെയ്യുകയും ചെയ്താണ് നെറോക ലീഡ് പിടിച്ചത്. കാമോ കട്ട് ബാക്ക് ചെയ്യുന്നതിന് മുമ്പ് പന്ത് ബൈലൈൻ കടന്നെന്ന് ചൂണ്ടിക്കാട്ടി ഗോകുലം പ്രതിഷേധിച്ചെങ്കിലും റഫറി ഗോൾ നൽകി. പതുക്കെ ഗോകുലം കളിയിലേക്ക് തിരിച്ചുവരുകയും മെൻഡിഗുട്ട്‌സിയയും താഹിർ സമാനും നെറോക്കയെ സമ്മർദത്തിലാക്കുകയും ചെയ്തു. 20ാം മിനിറ്റിൽ ശ്രീക്കുട്ടൻ നൽകിയ ക്രോസിൽ നിന്നുള്ള ഹെഡർ ക്രോസ്ബാറിൽ തട്ടി. ആദ്യ പകുതിയിൽ നിന്ന് ഗോൾ നേടാനുള്ള സന്ദർശകരുടെ മികച്ച അവസരമായിരുന്നു അത്.
63ാം മിനിറ്റിൽ ഉസ്ബെക് താരം മിർജലോൽ കാസിമോവ് മനോഹര ഗോളിലൂടെ നെറോക്കായുടെ സ്കോർ ഉയർത്തി. 77-ാം മിനിറ്റിൽ നൗഫൽ നൽകിയ ക്രോസിൽ ബൗബ അമിനോവ ഗോകുലത്തിന് വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും സമനില പോലും പിടിക്കാനാവാതെ കീഴടങ്ങി. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഫെബ്രുവരി ഒമ്പതിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ഹോം മത്സരത്തിൽ ഗോകുലം നേരിടും.
ന്യൂഡൽഹി: ഐ ലീഗിൽ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ മോഹങ്ങൾക്ക് തടയിട്ട് സുദേവ ഡൽഹി. 1-1നാണ് റൗണ്ട് ഗ്ലാസിനെ ആതിഥേയർ സമനിലയിൽ തളച്ചത്. ഗോൾരഹിതമായ മുന്നോട്ടുപോയ കളിയുടെ 79ാം മിനിറ്റിൽ ലൂകാ മജ്സെൻ സന്ദർശകരെ മുന്നിലെത്തിച്ചു. ലോങ് വിസിലിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ സുജിത് സധുവിലൂടെ (90+6) സുദേവ സമനില പിടിക്കുകയായിരുന്നു. 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടാമതുള്ള റൗണ്ട് ഗ്ലാസിനും ഒന്നാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനും 31 പോയന്റ് വീതമാണുള്ളത്. സുദേവ വെറും ആറ് പോയന്റുമായി 12ാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.