കോഴിക്കോട്: അഞ്ചു ദിവസത്തിനിടയിൽ രണ്ടാമത്തെ തോൽവി. ഐ ലീഗിൽ ഹാട്രിക് കിരീടം സ്വന്തമാക്കാമെന്ന ഗോകുലം കേരള എഫ്.സിയുടെ മോഹങ്ങൾക്ക് തിരിച്ചടിയായി സ്വന്തം തട്ടകത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റു. 41ാം മിനിറ്റിൽ സെൽഫ് ഗോൾ ഏൽപിച്ച ആഘാതത്തിൽ നിന്നുണരാൻ കഴിയാതെ പോയ ഗോകുലത്തിന്റെ വലയിൽ 70ാം മിനിറ്റിൽ ലൂക മാഷെനും പന്തടിച്ചു കയറ്റി. 73ാം മിനിറ്റിൽ അഫ്ഗാൻ താരം ഫർഷാദ് നൂറാണ് ഗോകുലത്തിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
തുടർച്ചയായ രണ്ട് എവേ മത്സരങ്ങളിൽ സമനിലയിൽ കുടുങ്ങിയ റൗണ്ട് ഗ്ലാസിനെ ഉടച്ച് ജയം പിടിച്ചടക്കാമെന്ന പ്രതീക്ഷയിൽ ഹോം ഗ്രൗണ്ടിലിറങ്ങിയ ഗോകുലത്തിന് തുടക്കം മുതലേ ഒത്തിണക്കമുണ്ടായില്ല. ഫിനിഷിങ്ങിൽ സ്പാനിഷ് താരം സെർജിയോ മെൻഡിഗുഷിയ തുടരെ പരാജയവുമായി. 41ാം മിനിറ്റിൽ ഗോകുലത്തിന്റെ ഗോൾ പോസ്റ്റിൽ റൗണ്ട് ഗ്ലാസ് ഫോർവേഡ് ലൂക്ക മാഷെൻ നടത്തിയ മുന്നേറ്റം ഓഫ്സൈഡാകുമെന്ന് കരുതിയ പ്രതിരോധക്കാരൻ പവൻ കുമാറിന്റെ ദേഹത്തു തട്ടിയ പന്ത് വലയിൽ കയറുകയായിരുന്നു. 70ാം മിനിറ്റിൽ പിഴവില്ലാതെ ലൂക മാഷെൻ വല കുലുക്കി. യുവാൻ മെര ഗോൺസാലസ് എടുത്ത കോർണർ കിക്ക് ധൈമിന്താങ് ലുങ്ദിൻ ഹെഡ് ചെയ്തെങ്കിലും ഗോകുലത്തിന്റെ ഗോളി ഷിബിൻരാജ് തട്ടിയകറ്റിയത് ഒന്നാന്തരം ഷോട്ടിലൂടെ ലൂക വലയിലാക്കുകയായിരുന്നു.
രണ്ട് ഗോളിന്റെ ആഘാതത്തിനു ശേഷം ഉണർന്നു കളിച്ച ഗോകുലത്തിനായി സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളായ സൗരവ് വലതു വിങ്ങിലൂടെയും അഫ്ഗാൻ താരം ഫർഷാദ് നൂറും കളം നിറഞ്ഞു കളിച്ചു. 73ാം മിനിറ്റിൽ അണ്ടർ 22 താരമായ സൗരവ് വലതു വിങ്ങിലൂടെ കുതിച്ചെത്തി നൽകിയ ക്രോസ് ഗംഭീര ഷോട്ടിലൂടെ ഫർഷാദ് റൗണ്ട് ഗ്ലാസിന്റെ വലയിലെത്തിച്ചു.
അവസാന നിമിഷങ്ങളിൽ സൗരവും ഫർഷാദും തുടർച്ചയായി തുറന്നെടുത്ത അവസരങ്ങൾ ഒന്നൊന്നായി സെർജിയോ മെൻഡിഗുഷിയ തുലച്ചുകളഞ്ഞു. അവസാന നിമിഷങ്ങളിൽ ഗോകുലം ആഞ്ഞുപിടിച്ചെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല. 15 കളികളിൽ നിന്ന് ഏഴ് ജയവും അഞ്ച് തോൽവിയും മൂന്നു സമനിലയുമായി 24 പോയന്റുമായി മൂന്നാം സ്ഥാനത്താണ് മലബാറിയൻസ്. 16 കളികളിൽനിന്ന് 34 പോയന്റുമായി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി രണ്ടാമതാണ്. 34 പോയന്റുള്ള ശ്രീനിധി എഫ്.സിയാണ് മുന്നിൽ. 12ന് മുഹമ്മദൻസ് എസ്.സിയുമായി കൊൽക്കത്തയിലാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.